
രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് സഞ്ജു സാംസൺ മാറുന്നു
തുടർച്ചയായി ഏഴു സീസണുകൾ കളിച്ച രാജസ്ഥാൻ റോയൽസിൽ നിന്ന് കഴിഞ്ഞ ഐ.പി.എൽ സീസണിലുണ്ടായ മോശം അനുഭവങ്ങൾ സഞ്ജു സാംസണിനെ മറ്റേതെങ്കിലുമൊരു ടീമിലേക്ക് മാറാൻ അത്രയേറെ പ്രേരിപ്പിച്ചിരുന്നു. കഴിഞ്ഞ സീസണിനൊടുവിൽ തന്നെ വിടാൻ രാജസ്ഥാൻ മാനേജ്മെന്റിനോട് സഞ്ജു അഭ്യർത്ഥിച്ചിരുന്നെങ്കിലും അതിന് കഴിയില്ലെന്ന നിലപാടെടുത്തിരുന്ന റോയൽസ് പക്ഷേ പുതിയ സീസൺ അടുക്കാറായപ്പോൾ നിലപാട് മാറ്റി. സഞ്ജു ക്ളബുമായി അത്രത്തോളം അകന്നുപോയെന്ന തിരിച്ചറിവ് റോയൽസിനും വന്നതാണ് കാരണം. ഇതോടെയാണ് മറ്റ് ഫ്രാഞ്ചൈസികളുമായി സഞ്ജുവിനെ വച്ചുമാറാൻ നീക്കം തുടങ്ങിയത്.
ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാൻ റോയൽസും തമ്മിൽ സഞ്ജുവിന്റെ കാര്യത്തിൽ ധാരണയായെന്നാണ് റിപ്പോർട്ടുകൾ. ആൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയേയും സാം കറനെയും രാജസ്ഥാന് നൽകി സഞ്ജുവിനെ വാങ്ങാനാണ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ് തയ്യാറായിരിക്കുന്നത്. എന്നാൽ കറന് പകരം ലങ്കൻ താരം മതീഷ പതിരാനയെ വേണമെന്ന് രാജസ്ഥാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇതിന് ചെന്നൈ വഴങ്ങാൻ സാദ്ധ്യതകുറവാണ്.ജഡേജയ്ക്ക് രാജസ്ഥാനിലേക്ക് പോകാൻ സമ്മതമാണെങ്കിലേ ഈ മാറ്റം നടക്കൂവെന്നും സൂചനയുണ്ട്.
ഇക്കുറി താരലേലത്തിന് മുമ്പ് രാജസ്ഥാൻ നിലനിറുത്തുന്നവരുടെ പട്ടികയിൽ സഞ്ജുവുണ്ടാകില്ലെന്ന് ഉറപ്പാണ്. എന്നാൽ അതിന് മുമ്പ് താരകൈമാറ്റത്തിലൂടെ തങ്ങൾക്ക് പ്രയോജനമുള്ളവരെ സ്വന്തമാക്കാനാണ് രാജസ്ഥാൻ ശ്രമിക്കുന്നത്. അത് നടക്കാതെവന്നാൽ സഞ്ജുവിനെ വലിയ തുകയ്ക്ക് ലേലത്തിൽ പിടിക്കാൻ മറ്റ് ക്ളബുകൾ ശ്രമിക്കും.
രാജസ്ഥാനിൽ സംഭവിച്ചത്
2012ൽ സഞ്ജു ആദ്യമായി ഇടം പിടിച്ച ഐ.പി.എൽ ടീം കൊൽക്കത്ത നൈറ്റ്റൈഡേഴ്സാണ്. എന്നാൽ അടുത്തവർഷം ശ്രീശാന്തിന്റെ ശ്രമഫലമായി രാജസ്ഥാൻ റോയൽസിലേക്ക് എത്തിയതോടെയാണ് സഞ്ജുവിന് ടൂർണമെന്റിൽ അരങ്ങേറാൻ അവസരം ലഭിച്ചത്. 2013 മുതൽ വാതുവയ്പ്പ് കേസിൽ രാജസ്ഥാനെ വിലക്കിയ 2015വരെ സഞ്ജു അവിടെ കളിച്ചു. വിലക്ക് വന്നപ്പോൾ രണ്ട് സീസണുകൾ ഡൽഹി ക്യാപ്പിറ്റൽസിൽ കളിച്ചു. ഇപ്പോൾ സഞ്ജുവിനെ വാങ്ങാൻ ഡൽഹിയും രംഗത്തുണ്ടായിരുന്നു.
2018ലാണ് വീണ്ടും രാജസ്ഥാൻ റോയൽസിലേക്ക് എത്തിയത്. 2021ൽ നായകനായി അവരോധിച്ചു. കഴിഞ്ഞ സീസണിൽ പരിക്കുമൂലം ആദ്യ മത്സരങ്ങളിൽ കളിക്കാൻ കഴിയാതിരുന്ന സഞ്ജുവിന് പകരം റയാൻ പരാഗിനെ ക്യാപ്ടനാക്കി. സഞ്ജു തിരിച്ചെത്തി നന്നായി തുടങ്ങിയെങ്കിലും ടീം മാനേജ്മെന്റുമായുള്ള സ്വരച്ചേർച്ച നഷ്ടപ്പെട്ടു. കോച്ച് രാഹുൽ ദ്രാവിഡും നിസഹായനായി. ഇതോടെ അവസാനഘട്ടത്തിൽ പരാഗ് നായകനായി കളിച്ചു. താൻ സ്വന്തം പോലെകരുതിയ ടീമിന് തന്നിലുള്ള വിശ്വാസം അതേ അളവിലില്ലെന്ന തിരിച്ചറിവാണ് അവിടെ നിന്ന് മാറാൻ സഞ്ജുവിനെ പ്രേരിപ്പിച്ചത്.
ധോണിയുടെ പിൻഗാമി
അടുത്ത വർഷം 45 തികയുന്ന മഹേന്ദ്രസിംഗ് ധോണിക്ക് പകരക്കാരനെ ക്യാപ്ടൻസിയിലും വിക്കറ്റ് കീപ്പിംഗിലും കണ്ടെത്താൻ ചെന്നൈ സൂപ്പർ കിംഗ്സിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ രണ്ട് സ്ഥാനത്തേക്കും സഞ്ജു തികച്ചും യോഗ്യനാണ് എന്നതാണ് ചെന്നൈ തേടിയെത്താൻ കാരണം. ജഡേജയേയും റുതുരാജിനെയുമൊക്കെ ക്യാപ്ടൻസി ഏൽപ്പിച്ച് ധോണി പിന്മാറാനുള്ള ഒരുക്കം മുൻ സീസണുകളിൽ നടത്തിയെങ്കിലും ഫലവത്തായിരുന്നില്ല. അഞ്ചുസീസണുകളിൽ രാജസ്ഥാനെ നയിച്ച് പരിചയമുള്ള സഞ്ജു ധോണിയുടെ യഥാർത്ഥ പിൻഗാമിയാകുമെന്നതിൽ സംശയമില്ല. അങ്ങനെയെങ്കിൽ ഈ സീസണിൽ ധോണിക്ക് വിരമിക്കാനും കഴിയും.
11 സീസണുകളിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ച താരമാണ് സഞ്ജു സാംസൺ. അഞ്ചു സീസണുകളിൽ നായകനുമായി.
2012 മുതൽ ചെന്നൈ സൂപ്പർ കിംഗ്സിൽ (2016,17ൽ ഒഴികെ) കളിക്കുന്ന രവീന്ദ്ര ജഡേജ ഒരു സീസണിന്റെ തുടക്കത്തിൽ കുറച്ചുമത്സരങ്ങളിൽ നായകനായിട്ടുണ്ട്.
67 മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിനെ നയിച്ച സഞ്ജു 33 ജയങ്ങളും 33 തോൽവികളും നൽകി. ഒരു കളി ഉപേക്ഷിച്ചു.
രാജസ്ഥാൻ റോയൽസിന് ഏറ്റവും കൂടുതൽ വിജയങ്ങൾ സമ്മാനിച്ച ക്യാപ്ടനാണ് സഞ്ജു.സാക്ഷാൽ ഷേൻ വാണിന്റെ 31 വിജയങ്ങളാണ് സഞ്ജു മറികടന്നത്.
18 കോടി രൂപയ്ക്കാണ് 2025 സീസണിൽ സഞ്ജുവിനെ രാജസ്ഥാൻ റോയൽസ് നിലനിറുത്തിയിരുന്നത്. 2018 മുതൽ 2021വരെ എട്ടു കോടിയും 2022 മുതൽ 2024വരെ 14 കോടിയുമായിരുന്നു പ്രതിഫലം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |