സ്പാനിഷ് ലാ ലിഗ ഫുട്ബാൾ കിരീടപോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്
സാദ്ധ്യത അത്ലറ്റിക്കോ മാഡ്രിഡിനും റയൽ മാഡ്രിഡിനും
സെൽറ്റ വിഗോയോട് തോറ്റ ബാഴ്സലോണയുടെ വഴി അടഞ്ഞു
മാഡ്രിഡ് : ഇക്കുറി സ്പാനിഷ് ലാ ലിഗ ഫുട്ബാൾ കിരീടം ആർക്കെന്നതിൽ അടുത്ത ഞായറാഴ്ചയേ തീരുമാനമാകൂ. ഏതായാലും ഒന്നുറപ്പ്; കപ്പിൽ മുത്തം വയ്ക്കുന്നത് മാഡ്രിഡിൽ നിന്നുള്ള വമ്പൻ ക്ളബുകളായ അത്ലറ്റിക്കോ മാഡ്രിഡോ റയൽ മാഡ്രിഡോ ആയിരിക്കും.ലീഗിലെ പ്രബലന്മാരായ ബാഴ്സലോണ കിരീടപ്പോർക്കളത്തിൽ നിന്ന് പുറത്തായി.
കുറച്ചുനാളായി മൂന്നു ടീമുകളും കിരീടത്തിനായി കട്ടയ്ക്ക് പൊരുതുകയായിരുന്നു. എന്നാൽ കഴിഞ്ഞ രാത്രി അത്ലറ്റിക്കോ മാഡ്രിഡ് 2-1ന് ഒസാസുനയെയും റയൽ മാഡ്രിഡ് 1-0ത്തിന് അത്ലറ്റിക് ക്ളബിനെയും തോൽപ്പിക്കുകയും ബാഴ്സലോണ സെൽറ്റ ഡി വിഗോയോട് 1-2ന് തോൽക്കുകയും ചെയ്തതോടെയാണ് ബാഴ്സയുടെ കാര്യത്തിൽ തീരുമാനമായത്. ഒരു മത്സരം മാത്രം ശേഷിക്കേ 83 പോയിന്റുമായി അത്ലറ്റിക്കോയാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് 81 പോയിന്റുണ്ട്. ബാഴ്സലോണ മൂന്നാം സ്ഥാനത്ത് തുടരുന്നെങ്കിലും 76 പോയിന്റ് മാത്രമേയുള്ളൂ.
ശനിയാഴ്ചത്തെ കളി
അടുത്ത ശനിയാഴ്ച നടക്കുന്ന അവസാന മത്സരങ്ങളിൽ അത്ലറ്റിക്കോ മാഡ്രിഡ് വയ്യഡോലിഡിനെയും റയൽ മാഡ്രിഡ് വിയ്യാറയലിനെയും നേരിടും.
വയ്യഡോലിഡിനെ തോൽപ്പിച്ചാൽ അത്ലറ്റിക്കോയുടെ കിരീടധാരണം.ഈ സമനിലയിലായാൽപ്പോലും ചെയ്താൽ പണിപാളും.
അത്ലറ്റിക്കോ സമനിലയിലാവുകയും റയൽ വിയ്യാറയലിനെ തോൽപ്പിക്കുകയും ചെയ്താൽ ഇരുവർക്കും 84 പോയിന്റ് വീതമാകും. എന്നാൽ നേർക്കുനേർ പോരാട്ടത്തിൽ വിജയിച്ചിരുന്നത് റയൽ ആയതിനാൽ അവർ കിരീടം നിലനിറുത്തും.
സുവാരേസിന്റെ പ്രതികാരം
ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം അവസാനനിമിഷം ഒസാസുനയ്ക്ക് എതിരെ അത്ലറ്റിക്കോ മാഡ്രിഡ് നേടിയ വിജയമാണ് ബാഴ്സലോണയുടെ കിരീടപ്രതീക്ഷകൾ തച്ചുടയ്ക്കുന്നതിൽ പ്രധാനപങ്കുവഹിച്ചത്. കഴിഞ്ഞ സീസണിൽ പ്രായക്കൂടുതലെന്നുപറഞ്ഞ് ബാഴ്സലോണയിൽ നിന്ന് പറഞ്ഞുവിട്ട ഉറുഗ്വേയൻ സ്ട്രൈക്കർ ലൂയിസ് സുവാരേസിന്റെ ഗോളാണ് അത്ലറ്റിക്കോയ്ക്ക് വിജയം നൽകിയത്.
നാച്ചോ ഗോളിൽ റയൽ
അത്ലറ്റിക് ക്ളബിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 68-ാം മിനിട്ടിൽ ഒരു കോർണർ കിക്കിനെത്തുടർന്നുണ്ടായ നീക്കങ്ങളിൽ നിന്ന് നാച്ചോ നേടിയ ഗോളിനാണ് റയൽ ജയിച്ചത്. വിളറിക്കളിച്ച റയലിനെതിരെ മികച്ച രണ്ടവസരങ്ങൾ ലഭിച്ചിട്ടും പ്രയോജനപ്പെടുത്താൻ കഴിയാതെ പോയത് അത്ലറ്റിക് ക്ളബിന് തിരിച്ചടിയായി.89-ാംമിനിട്ടിൽ അത്ലറ്റിക് ക്ളബിന്റെ റൗൾ ഗാർഷ്യ ചുവപ്പുകാർഡ് കണ്ട് പുറത്തായി.
മുന്നിൽ നിന്ന് വീണ ബാഴ്സ
ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് സെൽറ്റ ഡി വിഗോ ബാഴ്സലോണ തോറ്റുപോയത്. സെൽറ്റയുടെ രണ്ട് ഗോളുകളും നേടിയത് സാന്റിമിനയാണ്. 28-ാം മിനിട്ടിൽ മെസിയിലൂടെയാണ് ബാഴ്സ സ്കോർ ചെയ്തത്.38-ാം മിനിട്ടിൽ സാന്റി മിന സമനില പിടിച്ചു.89-ാം മിനിട്ടിലായിരുന്നു വിജയഗോൾ. 83-ാം മിനിട്ടിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട ലെൻഗ്ലെറ്റിനെ ബാഴ്സയ്ക്ക് നഷ്ടമായിരുന്നു. ശനിയാഴ്ച എയ്ബറിനെതിരെയാണ് ബാഴ്സയുടെ അവസാന മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |