SignIn
Kerala Kaumudi Online
Friday, 26 April 2024 11.26 AM IST

രക്ഷാധികാരി, അബു...

acm-abdulla

ക്രിക്കറ്റിന്റെ ഈറ്റില്ലമായ തലശേരിയിൽ നിന്ന് തലസ്ഥാനത്തെത്തി കായിക കേരളത്തിന്റെ രക്ഷാധികാരിയായി മാറിയ വ്യക്തിത്വമാണ് ഇന്നലെ ജീവിതത്തിന്റെ ക്രീസുവിട്ടൊഴിഞ്ഞ എ.സി.എം അബ്ദുള്ളയെന്ന പ്രിയപ്പെട്ടവരുടെ അബു മാസ്റ്റർ. സ്കൂൾ സ്പോർട്സ് ഓർഗനൈസറായും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറിയായുമൊക്കെ നീണ്ട സേവനമേഖലകളിൽ തലസ്ഥാനത്ത് നിരവധി കായിമത്സരങ്ങൾ സംഘടിപ്പിക്കാൻ മുന്നണിപ്പോരാളിയായി നിലകൊണ്ടത് അബ്ദുള്ളയാണ്.

തലശേരി കോട്ടമൈതാനത്ത് ക്രിക്കറ്റ് കളിച്ചുവളർന്ന ബാല്യമാണ് അബ്ദുള്ളയെ കായിക താരവും കായികാദ്ധാപകനുമായി മാറ്റിയത്.ഉള്ളിൽ അലിഞ്ഞുചേർന്ന സംഘാടനശേഷിയും നേതൃപാടവവും കായിക ഭരണരംഗത്ത് തുണയായി. സ്കൂൾ അത്‌ലറ്റിക്സ് അസോസിയേഷന്റെ നേതൃത്വം വഹിച്ച് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലെ പാടവം കണ്ടറിഞ്ഞാണ് അന്നത്തെ സർക്കാർ ഡി.പി.ഐയ്ക്ക് കീഴിൽ സ്കൂൾ സ്പോർട്സ് ഓർഗനൈസർ എന്ന തസ്കതിക സൃഷ്ടിച്ച് അബ്ദുള്ളയെ തിരുവനന്തപുരത്തെ സ്ഥിരതാമസക്കാരനാക്കിയത്. അതിന് മുമ്പ് കണിയാപുരത്തുനിന്ന് നഫീസയെ കല്യാണം കഴിച്ച് തലസ്ഥാനത്തിന്റെ മരുമകനായി മാറിയിരുന്നു.

നീണ്ട 17 വർഷം സ്കൂൾ സ്പോർട്സ് ഓർഗനൈസറായിരുന്ന അദ്ദേഹം സംഘടിപ്പിച്ച കായിക മത്സരങ്ങൾതന്നെയാണ് മികവിന്റെ സാക്ഷ്യപത്രങ്ങൾ. 1970,77,85 വർഷങ്ങളിൽ തിരുവനന്തപുരത്തുവച്ചാണ് നടന്ന നാഷണൽ സ്കൂൾ അത്‌ലറ്റിക് മീറ്റുകളുടെ സംഘാടനം അബ്ദുള്ളയുടെ ചുമലിലായിരുന്നു.70ൽ 3500ലധികം കായിക താരങ്ങളെ പങ്കെടുപ്പിച്ച് കേരളം അന്നോളം കണ്ട ഏറ്റവും വലിയ കായിക മേള വലിയ വിജയമാക്കി മാറ്റിയപ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ പോലും അബ്ദുള്ളയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയായിരുന്നു. അന്താരാഷ്ട്ര തലത്തിൽ മികവുറ്റ കായിക താരങ്ങളെ കണ്ടെത്താൻ സ്കൂൾ തലം മുതലുള്ള പദ്ധതി ആവിഷ്കരിച്ചപ്പോൾ അതിന്റെ ചുക്കാൻ പിടിച്ചതും ഇദ്ദേഹമാണ്. പിന്നീട് ഒളിമ്പിക്സിലുൾപ്പടെ മത്സരിച്ച കായിക താരങ്ങളുടെ ഉദയത്തിന് വഴിയൊരുക്കിയത് അബ്ദുള്ളയുടെ നേതൃത്വത്തിൽ നടന്ന നാഷണൽ ഫിസിക്കൽ എഫിഷ്യൻസി ഡ്രൈവാണ്.

ക്രിക്കറ്റ് അസോസിയേഷൻ ഇന്നത്തപ്പോലെ കോടികൾ കിലുങ്ങുന്ന പ്രസ്ഥാനമല്ലാതിരുന്ന കാലത്ത് സ്വന്തം കയ്യിൽ നിന്ന് പണം മുതലാക്കി ക്രിക്കറ്റ് വളർത്താൻ മുന്നിട്ടിറങ്ങിയ അബ്ദുള്ളയെ അതിന് പ്രേരിപ്പിച്ചത് തലശേരി പാരമ്പര്യമാണ്. 1980കളിൽ കേരള ക്രിക്കറ്റ് അസോസിയേഷനെ സുസംഘടിതമായി മാറ്റുന്നതിന് അക്ഷീണം പ്രയത്നിച്ച അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരവേദിയായി തിരുവനന്തപുരത്തെ മാറ്റിയെടുക്കുന്നതിലും വിജയിച്ചു. 1982ൽ ഗ്രഹാം ഗൂച്ചും ഇയാൻ ബോതവും ഒക്കെ അണിനിരന്ന ഇംഗ്ളണ്ടിലെ മെർലിബോൺ ക്രിക്കറ്റ് ക്ളബും (എം.സി.സി) ഇന്ത്യൻ ബോർഡ് പ്രസിഡന്റ്സ് ഇലവനും തമ്മിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ചാരിറ്റി മത്സരമാണ് തലസ്ഥാനത്തെ ആദ്യ പ്രധാന ക്രിക്കറ്റ് മാച്ച്.

ഇതിന് പിന്നിൽ പ്രയത്നിച്ച അബ്ദുള്ളയുടെയും സംഘത്തിന്റെയും മികവിനുള്ള അംഗീകാരമെന്നോണമാണ് 1984ൽ ആസ്ട്രേലിയയ്ക്ക് എതിരെയുള്ള ഏകദിനത്തിന് വേദിയാകാൻ യൂണിവേഴ്സിറ്റി സ്റ്റേഡിയം തിരഞ്ഞെടുക്കപ്പെട്ടത്. സുനിൽ ഗാവസ്കറും കപിൽ ദേവും രവി ശാസ്ത്രിയും വെംഗ്സാർക്കറുമൊക്കെ ഇന്ത്യൻ നിരയിലും കെപ്ളർ വെസൽസും അലൻ ബോർഡറുമൊക്കെ ആസ്ട്രേലിയൻ നിരയിലും അണിനിരന്ന ആ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടെങ്കിലും സംഘാടകരായ കെ.സി.എയ്ക്ക് സാമ്പത്തിക ലാഭം സമ്മാനിച്ചു. 1988ൽ വെസ്റ്റ് ഇൻഡീസുമായുള്ള ഏകദിന മത്സരത്തിന് വേദിയാകുമ്പോൾ സെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹം ഒഴിഞ്ഞിരുന്നുവെങ്കിലും തങ്ങങ്ങൾക്ക് എല്ലാ പിന്തുണയും തന്ന് രക്ഷാധികാരിയെപ്പോലെ കൂടെയുണ്ടായിരുന്നുവെന്ന് മുൻ കെ.സി.എ സെക്രട്ടറി എസ്.കെ നായർ ഓർക്കുന്നു. സംസ്ഥാനത്ത് ആദ്യമായി ഒരു ടർഫ് വിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സ്ഥാപിക്കാൻ മുൻകൈ എടുത്തതും ദുലീപ് ട്രോഫി വേദിയായി മാറ്റിയതുമൊക്കെ അബ്ദുള്ളയുടെ നേട്ടങ്ങളിൽ പെടുന്നു.

ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷവും കായിക സംഘാടനത്തിൽ സജീവമായിരുന്നു. ആൺമക്കൾ സാഹിറും ഷിറാജും സ്കൂൾ തലത്തിൽ ക്രിക്കറ്റ് കളിക്കുമായിരുന്നുവെങ്കിലും പാരമ്പര്യത്തിന്റെ പ്രൗഡി നിലനിറുത്തിയത് ഒമാൻ ദേശീയ അണ്ടർ -16 ടീമിൽ കളിച്ച ചെറുമകൻ മുഹമ്മദ് നിഹാൽ ഷിറാജാണ്. മകൾ ഡോ.ഷെറിൻ ബാഡ്മിന്റൺ താരമായിരുന്നു.

നമ്മുടെ കായിക മേഖലയെ ഇന്നത്തെ നിലയിലേക്ക് വളർത്തിയെടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച ആളാണ് എ.സി.എം അബ്ദുള്ള. അദ്ദേഹത്തിന്റെ നിര്യാണത്തോടെ കായിക കേരളത്തിന് ഒരു രക്ഷാധികാരിയെയാണ് നഷ്ടമായിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, ACM ABDULLA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.