ടോക്കിയോ : വെള്ളിയാഴ്ച കൊടിയേറുന്ന ഒളിമ്പിക്സിന് ആശങ്ക ഉയർത്തി മൂന്ന് കായിക താരങ്ങൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇതിൽ രണ്ടു പേർ ഒളിമ്പിക് വില്ലേജിലും ഒരാൾ ഹോട്ടലിലുമാണ് താമസിക്കുന്നത്. ഇവരുടെ പേരുവിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ വിദേശത്ത് നിന്ന് ഒളിമ്പിക് വില്ലേജിലെത്തിയ ഒരു ഒഫീഷ്യലിന് വൈറസ് സ്ഥിരീകരിച്ചിരുന്നു.
ഒളിമ്പിക്സുമായി ബന്ധപ്പെട്ട 10 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കേസുകൾ 55 ആയി ഉയർന്നു. സുരക്ഷാ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും സംഘാടകരും ഇവരിൽ ഉൾപ്പെടുന്നു. കൊവിഡ് പ്രതിരോധത്തിനായി എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്താൽ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് വ്യക്തമായ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും സംഘാടകർ വ്യക്തമാക്കുന്നു.
ഒളിമ്പിക്സ് കണക്കിലെടുത്ത് ടോക്കിയോയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒളിമ്പിക്സിൽ കാണികൾക്ക് പ്രവേശനവും അനുവദിച്ചിട്ടില്ല.
ഇന്ത്യൻ താരങ്ങളെത്തി
ഒളിമ്പിക്സിനുള്ള ഇന്ത്യൻകായിക താരങ്ങളുടെ ആദ്യ സംഘം ടോക്കിയോയലെത്തി. പുരുഷ,വനിതാ ഹോക്കി ടീമുകൾ, അമ്പെയ്ത്ത് ടീം, ടേബിൾ ടെന്നീസ് ടീം, നീന്തൽ ടീം എന്നിവരടങ്ങിയ 90 അംഗ സംഘമാണ് ടോക്കിയോയിൽ വിമാനമിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |