തിരുവനന്തപുരം : ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് രാത്രി ഏഴിന് വീടുകളിലും വ്യാപാര– വ്യവസായ സ്ഥാപനങ്ങൾക്കു മുന്നിലും ദീപം തെളിക്കുമെന്നു കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽ കുമാർ അറിയിച്ചു.കേന്ദ്ര കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന ചിയർ ഫോർ ഇന്ത്യ ക്യാംപയിന്റെ ഭാഗമായി സായി എൽ.എൻ.സി.പി.ഇയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
രാജ്ഭവനുമുന്നിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,മുഖ്യമന്ത്രി പിണറായി വിജയൻ,പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കായികമന്ത്രി അബ്ദുറഹ്മാൻ തുടങ്ങിയവർ കായിക താരങ്ങൾക്കൊപ്പം ദീപം തെളിക്കും. സെക്രട്ടറിയേറ്റിന് മുന്നിൽ സ്പീക്കർ എം.ബി രാജേഷ്,മന്ത്രിമാരായ വി.ശിവൻ കുട്ടി, ജി.ആർ അനിൽ,ആന്റണി രാജു തുടങ്ങിയവർ ദീപം തെളിക്കലിന് നേതൃത്വം നൽകും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രമുഖർ നേതൃത്വം നൽകും. വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഒളിമ്പിക് അസോസിയേഷൻ സ്ഥാപിച്ചിട്ടുള്ള ചിയർ ഫോർ ഇന്ത്യ സെൽഫി ബോർഡിനുള്ളിൽനിന്ന് ചിത്രങ്ങളെടുത്ത് സമൂഹ മാധ്യമ പേജുകളിൽ ടാഗ് ചെയ്യാം.
ദേശീയ കായികവേദിയുടെ ദീപം തെളിക്കൽ
ദേശീയ കായിക വേദിയുടെ ആഭിമുഖ്യത്തിൽ ഒളിമ്പിക്സിന് അഭിവാദ്യങ്ങൾ അർപ്പിക്കലും ചിയർ ഫോർ ഇന്ത്യ സെൽഫിയെടുക്കലും ഇന്ന് വൈകിട്ട് അഞ്ചുമണിമുതൽ കെ.പി.സി.സി ആസ്ഥാനത്ത് നടക്കും. ആറരയ്ക്ക് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഒളിമ്പിക് ദീപം തെളിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കുമെന്ന് ദേശീയ കായികവേദി ജനറൽ സെക്രട്ടറി എസ്.നജുമുദ്ദീൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |