SignIn
Kerala Kaumudi Online
Saturday, 27 April 2024 4.42 AM IST

വിരാട് വാണ 13 വർഷങ്ങൾ

virat

അന്താരാഷ്ട്ര ക്രിക്കറ്റിൽ 13 വർഷങ്ങൾ തികച്ച് ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലി

ക്രിക്കറ്റിന്റെ മെക്കയായ ലോഡ്‌സിൽ ഇംഗ്ളണ്ട് ടീമിനെ ടെസ്റ്റിൽ തോൽപ്പിക്കുകയെന്ന അപൂർവ നേട്ടം സ്വന്തമാക്കിയതിന്റെ ത്രില്ലിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം.ഇന്ത്യൻ ക്രിക്കറ്റിൽ വിരാട് കൊഹ്‌ലി എന്ന വീരൻ 13 വർഷങ്ങൾ പൂർത്തിയാക്കിയതിന്റേയും. കപിൽ ദേവിനും എം.എസ് ധോണിക്കും ശേഷം ലോർഡ്‌സിൽ ഇന്ത്യയെ ടെസ്റ്റ് ജയത്തിലേക്ക് നയിക്കുന്ന മൂന്നാമത്തെ ക്യാപ്ടനെന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വിരാട്.

2008ലെ അണ്ടർ-19 ലോകകപ്പാണ് വിരാട് കോലിയെന്ന ഡൽഹിക്കാരൻ പയ്യന് ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള വാതിലുകൾ തുറന്നുകൊടുത്തത്. 2008 ആഗസ്റ്റ് 18-ന് ദാംബുളളയിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലായിരുന്നു വിരാട് ആദ്യമായി ഇന്ത്യയുടെ നീല ജേഴ്സിയണിഞ്ഞത്. അന്ന് 33 മിനിറ്റ് മാത്രം ക്രീസില്‍ ചെലവഴിച്ച കോലി 22 പന്തുകൾ നേരിട്ട് 12 റൺസുമായി നുവാൻ കുലശേഖരയ്ക്ക് വിക്കറ്റ് സമ്മാനിച്ചാണ് മടങ്ങിയത്. ആ മത്സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും പിന്നീടുള്ള പതിറ്റാണ്ട് വിരാടിന്റേതായിരുന്നു.

അണ്ടർ 19 ലോകകപ്പ് നേടിത്തന്ന ഇന്ത്യൻ ക്യാപ്ടന്‍ സീനിയർ ടീമിലെത്തിയ ആദ്യ കാലത്ത് അക്രമണോത്സുകതയും തൻപോരിമയും കൊണ്ട് വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. കളത്തിനകത്തും പുറത്തും ചോരത്തിളപ്പ് വാർത്തകൾ സൃഷ്ടിച്ചു . റൺസടിച്ചുകൂട്ടുന്നുണ്ടായിരുന്നെങ്കിലും കരിയറിലെ ആദ്യ രണ്ടു വർഷം വിരാടിലെ ക്രിക്കറ്റർക്ക് ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. എന്നാൽ തന്റെ തെറ്റുകൾ വേഗം തിരിച്ചറിഞ്ഞ വിരാട് സ്വയം അതെല്ലാം തിരുത്താൻ തുടങ്ങി. കളിക്കളത്തിലെ മാനസികാവസ്ഥയിൽ മുതൽ ഡയറ്റിൽ വരെ മാറ്റങ്ങൾ വരുത്തി.

ഏകദിനത്തിൽ അരങ്ങേറി മൂന്നു വർഷം കഴിഞ്ഞാണ് വിരാട് ഇന്ത്യയ്ക്കായി ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്നത്. ഇന്ന് ആറ് ടെസ്റ്റ് മത്സരങ്ങൾക്കപ്പുറം 100 ടെസ്റ്റുകളെന്ന നാഴികക്കല്ല് പിന്നിടാനൊരുങ്ങുകയാണ് അദ്ദേഹം. 70 അന്താരാഷ്ട്ര സെഞ്ച്വറികളോടെ സച്ചിൻ ടെൻഡുൽക്കറുടെ 100 സെഞ്ച്വറികൾക്കു പിന്നിൽ രണ്ടാമതാണ് വിരാട്. ടെസ്റ്റിൽ ഏഴ് ഇരട്ട സെഞ്ച്വറികളും വിരാടിന്റെ പേരിലുണ്ട്.

രാജ്യാന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലുമായി ഒരു പതിറ്റാണ്ടിനുള്ളിൽ 20,000 റൺസ് പിന്നിടുന്ന ആദ്യ താരമെന്ന സമാനതകളില്ലാത്ത നേട്ടം വിരാട് സ്വന്തമാക്കിയത് 2019-ലാണ്. ഏകദിന ലോകകപ്പിൽ വിൻഡീസിനെതിരായ മത്സരത്തിലാണ് ഈ നേട്ടം പിന്നിട്ടത്. ടെസ്റ്റ് എന്നോ ഏകദിനമെന്നോ ട്വന്റി 20-യെന്നോ വൈറ്റ് ബോളെന്നോ റെഡ് ബോളെന്നോ പിങ്ക് ബോളെന്നോ വ്യത്യാസമില്ലാതെ അദ്ദേഹം യഥേഷ്ടം റൺസടിച്ചുകൂട്ടി.

കഴിഞ്ഞ 10 വർഷം ക്രിക്കറ്റ് ലോകത്തെ വിരാട് കൊഹ്‌ലിയോളം അടക്കിഭരിച്ച മറ്റൊരു താരമുണ്ടോ എന്ന് സംശയമാണ്. ഇന്ന് ക്രിക്കറ്റിന്റെ മാത്രമല്ല ഫിറ്റ്നസിന്റെ കൂടി ഐക്കണാണ് വിരാട്.

ബാറ്റ്സ്മാനെന്ന നിലയിൽ സച്ചിന്റെ റെക്കാഡുകൾ ഓരോന്നായി തിരുത്തിക്കുറിച്ചിരുന്ന വിരാട് ക്യാപ്ടനായ ശേഷം ധോണിയുടെയും റിക്കി പോണ്ടിംഗിന്റെയും നേട്ടങ്ങൾ തിരുത്തുകയാണ്. ഒരു പതിറ്റാണ്ടിനിടെ വിരാട് വാരിക്കൂട്ടിയ റൺസിന്റെയും സെഞ്ച്വറികളുടെയും കണക്കെടുത്താൽ, താരതമ്യത്തിന് മറ്റൊരു പേര് ചൂണ്ടിക്കാണിക്കാനില്ല.

ചരിത്രത്തിൽ ആദ്യമായി ഒരേ വർഷം ഐ.സി.സിയുടെ എല്ലാ വ്യക്തിഗത പുരസ്‌കാരങ്ങളും സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമാണ് വിരാട്. 2018-ലെ ഐ.സി.സിയുടെ പ്ലെയർ ഓഫ് ദ ഇയർ (സർ ഗാരിഫീൽഡ് സോബേഴ്‌സ് ട്രോഫി), ഏകദിന-ടെസ്റ്റ് പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരങ്ങൾ വിരാടിനായിരുന്നു.

94 ടെസ്റ്റുകളിൽ നിന്ന് 51.41 ശരാശരിയിൽ 7609 റൺസാണ് വിരാട് സ്വന്തമാക്കിയിരിക്കുന്നത്. 27 സെഞ്ച്വറികളും അക്കൗണ്ടിലുണ്ട്. 254 ഏകദിനങ്ങളിൽ നിന്ന് 59.07 ശരാശരിയിൽ 12,169 റൺസ്. 43 സെഞ്ച്വറികളുമായി സച്ചിന്റെ (49) റെക്കാഡിന് തൊട്ടുപിന്നിൽ. 89 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 52.65 ശരാശരിയിൽ 3159 റൺസും സ്വന്തമാക്കിയിട്ടുണ്ട്.

ക്രിക്കറ്റിലെ ഇക്കഴിഞ്ഞ പതിറ്റാണ്ടിന്റെ അവകാശി വിരാടാണെന്ന് നിസംശയം പറയാം

ഒരു പതിറ്റാണ്ടിനുള്ളിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന മുൻ ഓസീസ് താരം റിക്കി പോണ്ടിംഗിന്റെ റെക്കാഡ് നേരത്തേതന്നെ സ്വന്തം പേരിലാക്കിയിരുന്നു. ഈ പട്ടികയില്‍ രണ്ടാമതുള്ള പോണ്ടിംഗിന്റെ സമ്പാദ്യം 18,962 റൺസാണ്. മുൻ ദക്ഷിണാഫ്രിക്കൻ ആൾറൗണ്ടർ ജാക്ക് കാലിസ് (16777), ശ്രീലങ്കൻ താരങ്ങളായ മഹേല ജയവർദ്ധനെ (16304), കുമാർ സംഗക്കാര (15999), സച്ചിൻ തെണ്ടുൽക്കര്‍ (15962), രാഹുൽ ദ്രാവിഡ് (15853), ഹാഷിം അംല (15185) എന്നിവരെല്ലാം വിരാടിന് പിന്നിലാണ്.

ഇതിനൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ20,000 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടവും സ്വന്തമാക്കി. സച്ചിന്‍, ലാറ എന്നിവരെയാണ് ഇക്കാര്യത്തിൽ പിന്നിലാക്കിയത്. 417-ാം ഇന്നിംഗ്സിലാണ് കോലി ഈ നേട്ടം കൈവരിച്ചത്. സച്ചിനും ലാറയും 453 ഇന്നിങ്‌സുകളിൽ നിന്നാണ് ഇരുപതിനായിരം തികച്ചത്.

സമാനതകളില്ലാത്ത ഈ നേട്ടങ്ങൾക്കിടയിലും വിരാടിന്റെ ബാറ്റിൽ നിന്ന് ഒരു സെഞ്ച്വറി പിറന്നിട്ട് രണ്ടു വർഷമാകാറാകുന്നു. 2019 നവംബറിൽ കൊൽക്കത്തയിൽ ബംഗ്ലാദേശിനെതിരേ പിങ്ക് ടെസ്റ്റിലായിരുന്നു അവസാന അന്താരാഷ്ട്ര സെഞ്ച്വറി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, VIRAT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.