നമീബിയ സ്കോട്ട്ലാൻഡിനെ കീഴടക്കി
ആദ്യ ഓവറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി ട്രംപൽമാൻ
അബുദാബി:ട്വന്റി-20 ലോകകപ്പിൽ നമീബിയൻ വിസ്മയം തുടരുന്നു. സൂപ്പർ 12ൽ ഗ്രൂപ്പ് 2ൽ ഇന്നലെ നടന്ന മത്സരത്തിൽ നമീബിയ സ്കോട്ട്ലാൻഡിനെ 4 വിക്കറ്റിന് കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലാൻഡിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 109റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടിക്കിറങ്ങിയ നിമീബിയ ഇടയ്ക്കൊന്ന് പതറിയെങ്കിലും അഞ്ച് പന്ത് ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തുകയായിരുന്നു (115/6).
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സ്കോട്ട്ലാൻഡിനെ ഞെട്ടിച്ച് ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റുകൾ കടപുഴക്കിയ റൂബൻ ട്രംപൽമാനാണ് തുടക്കം മുതലേ കാര്യങ്ങൾ നമീബിയയുടെ വരുതിയിലാക്കിയത്.ആദ്യ ഓവർ അവസാനിക്കുമ്പോൾ 3/2 എന്ന നിലയിൽ തകർന്ന സ്കോട്ട്ലാൻഡിന് പിന്നീട് ആ ആഘതത്തിൽ നിന്ന് മുക്തമാകാൻ സാധിച്ചില്ല. 4 ഓവറിൽ ട്രംപൽമാൻ 17 റൺസേ വഴങ്ങിയുള്ളൂ. 27 പന്തിൽ 4 ഫോറും 2 സിക്സും ഉൾപ്പെടെ 44 റൺസെടുത്ത മൈക്കൽ ലീസ്കാണ് സ്കോട്ട്ലാൻഡിന്റെ ടോപ് സ്കോറർ.തുടർന്ന് ക്രെയ്ഗ് വില്യംസും (23), കന്നി മത്സരത്തിനിറങ്ങിയ മൈക്കേൽ ലിംഗാനും (18) ശ്രദ്ധയോടെയാണ് നമീബിയൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്.
67/4 നിന്ന നിലയിൽ പ്രതിസന്ധി വന്നെങ്കിലും പുറത്താകാതെ 2 വീതം സിക്സും ഫോറും ഉൾപ്പെടെ 23 പന്തിൽ 32 റൺസ് നേടിയ സ്മിറ്റ് നമീബയെ വിജയത്തിലേക്ക് ആനയിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |