കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഒന്നാമത്
ഒഡിഷയെ 2-0ത്തിന് തോൽപ്പിച്ചു
വാസ്കോ: ഇന്ത്യൻ സൂപ്പർ ലീഗീൽ ഇന്നലെ നടന്ന മത്സരത്തിൽ ഒഡിഷ എഫ്.സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. പ്രതിരോധ താരങ്ങളായ നിഷു കുമാറും ഹർമ്മൻജോത് ഖബ്രയുമാണ് ബ്ലാസ്റ്രേഴ്സിനായി ഗോളുകൾ നേടിയത്. തോൽവി അറിയാതെ 10 മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സിന് 11 മത്സരങ്ങളിൽ നിന്ന് 20 പോയിന്റാണ് ഇപ്പോഴുള്ളത്. ചൊവ്വാഴ്ച ഈസ്റ്റ് ബംഗാളിനെ കീഴടക്കി ഒന്നാമതെത്തിയ ജംഷഡ്പൂരിനെയാണ് (19 പോയിന്റ്) ബ്ലാസ്റ്രേഴ്സ് മറികടന്നത്. ഒഡിഷ എട്ടാമതാണ്.
പരിക്കേറ്ര ക്യാപ്ടൻ ജസൽ കർനേറോയ്ക്ക് പകരം അഡ്രിയാൻ ലൂണയാണ് ഇന്നലെ ബ്ലാസ്റ്റേഴ്സിനെ നയിച്ചത്. വാസ്കോയിലെ തിലക് മൈതാനിയിൽ തുടക്കം മുതൽ തന്നെ ബ്ലാസ്റ്റേഴ്സ് ഒഡിഷ ഗോൾ മുഖത്തേക്ക് ആക്രമിച്ചെത്തി. ജസ്സലിന് പകരം ആദ്യ പതിനൊന്നിൽ ഇടം നേടിയ നിഷു കുമാർ 28-ാം മിനിട്ടിൽ മനോഹരമായ ഗോളലൂടെ ബ്ലാസ്റ്രേഴ്സിന് ലീഡ് സമ്മാനിച്ചു. ലൂണയുടെ പാസിൽ നിന്നാണ് നിഷുവിന്റെ മഴവിൽ ഗോൾ പിറന്നത്. സീസണിൽ ആദ്യമായാണ് നിഷു ആദ്യ ഇലവനിൽ കളിക്കുന്നത്. 40-ാം മിനിട്ടിൽ ഖബ്ര ലീഡുയർത്തി. ലൂണയുടെ കോർണറിന് തലവച്ചാണ് ഖബ്ര ബ്ലാസ്റ്റേഴ്സിന്റെ ലീഡ് രണ്ടാക്കിയത്. രണ്ടാം പകുതിയിലും ഇരുടീമും ആക്രമണം തുടർന്നെങ്കിലും ഗോൾ പിറന്നില്ല.
ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈയിനും ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |