ആർ.സി.ബിയെ 23 റൺസിന് ചെന്നൈ സൂപ്പർ കിംഗ്സ് കീഴടക്കി
ശിവം ദുബെയ്ക്കും (95*)റോബിൻ ഉത്തപ്പയ്ക്കും (88) അർദ്ധസെഞ്ച്വറി
മുംബയ് : ഐ.പി.എല്ലിൽ ഈ സീസണിലെ തങ്ങളുടെ അഞ്ചാം മത്സരത്തിൽ ആദ്യ വിജയം നേടി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ്. ഇന്നലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിനെതിരായ മത്സരത്തിൽ 23 റൺസിനായിരുന്നു രവീന്ദ്ര ജഡേജയുടെയും സംഘത്തിന്റെയും വിജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സ് നാലുവിക്കറ്റ് നഷ്ടത്തിൽ 216 റൺസാണ് ചെന്നൈ നേടിയത്. ആർ.സി.ബിയുടെ മറുപടി 193/9ലൊതുങ്ങി. ഈ സീസണിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണ് ചെന്നൈ ഉയർത്തിയത്.
അർദ്ധസെഞ്ച്വറികൾ നേടിയ ശിവം ദുബെയും(46 പന്തുകളിൽ എട്ടു സിക്സും അഞ്ചു ഫോറുമടക്കം പുറത്താകാതെ 95 റൺസ് ), റോബിൻ ഉത്തപ്പയും (50 പന്തുകളിൽ ഒൻപത് സിക്സും നാലുഫോറുമടക്കം 88 റൺസ്) മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 165 റൺസാണ് ചെന്നൈ ഇന്നിംഗ്സിന്റെ നട്ടെല്ളായത്.ഈ സീസണിലെ ഏതുവിക്കറ്റിലെയും ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്.
നാലാം ഓവറിൽ റിതുരാജ് ഗെയ്ക്ക്വാദിനെയും (17) ഏഴാം ഓവറിൽ മൊയീൻ അലിയെയും (3) നഷ്ടമായശേഷം ക്രീസിൽ ഒരുമിച്ച ദുബെയും ഉത്തപ്പയും ചേർന്ന് ആർ.സി.ബി ബൗളർമാരെ തല്ലിച്ചതയ്ക്കുകയായിരുന്നു. 19-ാം ഓവറിലെ അടുത്തടുത്ത പന്തുകളിലാണ് ചെന്നൈയ്ക്ക് ഉത്തപ്പയെയും പകരമിറങ്ങിയ ജഡേജയെയും(0) നഷ്ടമായത്.
ചേസിംഗിന്റെ തുടക്കത്തിൽതന്നെ ഡുപ്ളെസിയെയും (8), വിരാടിനെയും (1),അനുജ് റാവത്തിനെയും (12) നഷ്ടമായ ആർ.സി.ബിക്ക് വേണ്ടി മാക്സ്വെൽ(26),ഷഹ്ബാസ്(41),സൂയാഷ് (34), ദിനേഷ് കാർത്തിക് (34) എന്നിവർ പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല. ചെന്നൈയ്ക്ക് വേണ്ടി മഹീഷ് തീക്ഷ്ണ നാലുവിക്കറ്റും രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും വീഴ്ത്തി.
ആർ.സി.ബി ആറുപോയിന്റുമായി അഞ്ചമതായി. ചെന്നൈ രണ്ട് പോയിന്റുമായി ഒൻപതാമതും. മുംബയ് ഇന്ത്യൻസ് മാത്രമാണ് സീസണിൽ ഇനി ജയിക്കാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |