ചെന്നൈ സൂപ്പർ കിംഗ്സിനെ മൂന്ന് വിക്കറ്റിന് കീഴടക്കി
മുംബയ് : ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ്. ജയിക്കാൻ വേണ്ടിയിരുന്ന 170 റൺസ് ഒരു പന്ത് മാത്രം ശേഷിക്കേയാണ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ ടൈറ്റൻസ് നേടിയെടുത്തത് .
ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സ് റിതുരാജ് ഗെയ്ക്ക്വാദ്(48 പന്തിൽ അഞ്ചുവീതം ഫോറും സിക്സുമടക്കം 73 റൺസ്), അമ്പാട്ടി റായ്ഡു(31പന്തിൽ 46 റൺസ്),ജഡേജ(12 പന്തിൽ 22 റൺസ്),ശിവം ദുബെ(19) എന്നിവരുടെ മികവിലാണ് 169/5 എന്ന സ്കോറിലെത്തിയത്.
മറുപടിക്കിറങ്ങിയ ടൈറ്റൻസിന് വേണ്ടി 54 പന്തിൽ എട്ടു ഫോറും ആറ് സിക്സുമടക്കം പുറത്താകാതെ 94 റൺസ് സ്വന്തമാക്കിയ ഡേവിഡ് മില്ലറും ക്യാപ്ടനായി ഇറങ്ങിയ റാഷിദ് ഖാനും (21പന്തിൽ 40 റൺസ്) ചേർന്നാണ് വിജയമൊരുക്കിയത്. ശുഭ്മാൻ ഗിൽ(0),വിജയ് ശങ്കർ (0),അഭിനവ് മനോഹർ(12),സാഹ(11),രാഹുൽ തെവാത്തിയ(6) എന്നിവർ പുറത്തായതോടെ 87/6എന്ന നിലയിലായിരുന്ന ടൈറ്റാൻസിനെ 70റൺസ് അടിച്ചുകൂട്ടിയ മില്ലർ-റാഷിദ് സഖ്യം 19.5 ഒാവറിൽ വിജയത്തിലെത്തിക്കുകയായിരുന്നു.
ഈ വിജയത്തോടെ ആറുമത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ഗുജറാത്ത് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ആറുമത്സരങ്ങളിൽ ടൈറ്റൻസിന്റെ അഞ്ചാം ജയമാണിത്. അതേസമയം അഞ്ചാം തോൽവിയുമായി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ ഒൻപതാമതായി.
ഇന്നത്തെ മത്സരം : രാജസ്ഥാൻ Vs കൊൽക്കത്ത
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |