ബീജിംഗ് : ഇത്രയും നാൾ ടൂറിസ്റ്റുകളെ ആകർഷിച്ചിരുന്ന പാണ്ടകൾ പെയിന്റടിച്ച നായകൾ ആണെന്ന് വ്യക്തമാക്കി ചൈനീസ് മൃഗശാല. ചോ ചോ ഇനത്തിലെ നായകളെയാണ് മൃഗശാല വെള്ളയും കറുപ്പും നിറത്തിലെ ചായം പൂശി പാണ്ടകളെ പോലെ അവതരിപ്പിച്ചിരുന്നത്. തെക്കൻ ചൈനയിലെ ഗ്വാംഗ്ഡോങ്ങ് പ്രവിശ്യയിലെ ഒരു മൃഗശാലയിലാണ് സംഭവം. ഇവിടുത്തെ സന്ദർശകരിൽ ഒരാൾ 'പാണ്ട നായകളുടെ" വീഡിയോ പകർത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ടിക്ടോക്കിന്റെ ചൈനീസ് വേർഷനായ ഡോയിന്നിൽ പോസ്റ്റ് ചെയ്തു. 14 ലക്ഷം പേർ കണ്ട വീഡിയോയ്ക്ക് 7,25,000ത്തിലേറെ ലൈക്കും കിട്ടി. വീഡിയോ വൈറലായതോടെ മൃഗശാലക്കെതിരെ വിമർശനം ഉയർന്നു. എന്നാൽ, നിറംനൽകിയ നായകളാണെന്ന വിവരം അവയുടെ കൂടിന് മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നാണ് മൃഗശാല അധികൃതരുടെ വാദം. ഇതിന്റെ ചിത്രങ്ങളും ചിലർ പോസ്റ്റ് ചെയ്തു. പാണ്ടയുമായി അസാമാന്യ സാമ്യമുള്ള നായകൾ തന്നെയാണ് മൃഗശാലയുടെ മുഖ്യ ആകർഷണമെന്നും അധികൃതർ പറയുന്നു. മേയിൽ ജിയാൻഷൂ പ്രവിശ്യയിലും ഇത്തരം സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. പാണ്ടകൾ ശരിക്കും നായകളാണെന്ന് തിരിച്ചറിഞ്ഞതോടെ മൃഗശാലക്കെതിരെ വ്യാപക വിമർശനം ഉയർന്നു. പിന്നാലെയാണ് തങ്ങളുടെ തന്ത്രം അവർക്ക് സമ്മതിക്കേണ്ടി വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |