SignIn
Kerala Kaumudi Online
Friday, 26 April 2024 11.08 AM IST

ഭീകരനാണിവൻ,കരിം ഭീകരൻ !

karim-benzema

സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിലേക്ക് ഫ്രാൻസിൽ നിന്ന് കരിം ബെൻസേമയെന്ന സ്ട്രൈക്കർ കരിം ബെൻസേമ എത്തുന്നത് ഒരു വ്യാഴവട്ടം മുമ്പാണ്.കൃത്യമായി പറഞ്ഞാൽ 2009ൽ. പക്ഷേ ആ സമയത്തുതന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന മഹാവൃക്ഷം റയൽ മാഡ്രിഡിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഏറെക്കാലം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നിഴലിലായിരുന്നു ബെൻസേമ. അതിനിടയിൽ ഫ്രഞ്ച് ദേശീയ ടീമിലെ സഹതാരത്തിന്റെ ഭാര്യയുമായുള്ള പ്രശ്നത്തിന്റെ പേരിൽ ലോകകപ്പ് ടീമിൽ നിന്നുപോലും അകറ്റിനിറുത്തപ്പെട്ടു.

2018-ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ വിട്ടതോടെയാണ് ബെൻസേമയുടെ തലവര തെളിഞ്ഞത്. ആരാണ് ക്രിസ്റ്റ്യാനോയ്ക്ക് പകരക്കാരനാകുകയെന്ന ചോദ്യത്തിന് അന്ന് ബെൻസേമയുടെ പേര് ആരും പറഞ്ഞിരുന്നില്ല. ചാമ്പ്യൻസ് ലീഗ് പോലെ വലിയ ടൂർണമെന്റുകളിൽ റയലിനെ മുന്നോട്ട് നയിക്കാൻ ബെൻസേമയ്ക്ക് സാധിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ആ സീസണിൽ റയലിനായി ആകെ 12 ഗോളുകൾ മാത്രമാണ് ബെൻസേമ നേടിയത് എന്നതായിരുന്നു അതിന് കാരണം.എന്നാൽ ബെൻസേമയുടെ കളികൾ റയൽ കമ്പനി കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. മൂന്നുവർഷം കഴിയുമ്പോഴേക്ക് ചാമ്പ്യൻസ് ലീഗ് ചിത്രത്തിലേ ക്രിസ്റ്റ്യാനോ ഇല്ല. ബെൻസേമയാകട്ടെ യൂറോപ്പിലെതന്നെ ഏറ്റവും മികച്ച സ്ട്രൈക്കറായി മാറിയിരിക്കുന്നു. സിനിമയിലെ സലിംകുമാർ കഥാപാത്രത്തിന്റെ ഭാഷ കടമെടുത്താൽ വെറും ഭീകരനല്ല,കൊടും ഭീകരനായി ബെൻസേമ മാറിക്കഴിഞ്ഞു.

2018-19 സീസണിൽ 30 ഗോളുകൾ നേടിക്കൊണ്ട് ബെൻസേമ മികച്ചുനിന്നു. ലാലിഗയിൽ 21 ഗോളുകൾ നേടിയെങ്കിലും ടീമിനെ കിരീടത്തിലേക്ക് നയിക്കാനായില്ല. പക്ഷേ അടുത്ത സീസണിൽ റയൽ ലാലിഗ കിരീടം തിരിച്ചുപിടിച്ചു. ബെൻസേമയുടെ മികച്ച പ്രകടനമായിരുന്നു ടീമിന്റെ കരുത്ത്. ലീഗിൽ 21 ഗോളുകളാണ് താരം നേടിയത്. സീസണിൽ ലാലിഗയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും ബെൻസേമയായിരുന്നു. 2020-21 സീസണിലും 30 ഗോളോടെ ബെൻസേമ തിളങ്ങി.

2021-22 സീസണിൽ ബെൻസേമയുടെ അവിശ്വസനീയ പ്രകടനങ്ങളാണ് കളിക്കളത്തിൽ കണ്ടത്. ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും ബെൻസേമ നിറഞ്ഞാടി. 27 ഗോളുകളും 12 അസിസ്റ്റുകളുമായി റയൽ മാഡ്രിഡിനെ ലീഗ് ചാമ്പ്യൻമാരാക്കുന്നതിൽ നിർണായകമായിരുന്നു ബെൻസേമയുടെ പ്രകടനം. ലാ ലിഗ ടോപ്പ് സ്‌കോററായ താരം അസിസ്റ്റ് പട്ടികയിൽ രണ്ടാമതായിരുന്നു.

ചാമ്പ്യൻസ് ലീഗിൽ റയലിന്റെ കിരീടപ്രതീക്ഷകൾക്ക് പലപ്പോഴും പുതുജീവനേകിയത് ഈ ഫ്രഞ്ചുകാരനാണ്. തോൽവിയുറപ്പിച്ച പല ഘട്ടങ്ങളിലും അവിശ്വസനീയ പ്രകടനങ്ങളുമായി ഈ 34-കാരൻ ഒരത്ഭുതമായി മാറി.

ചാമ്പ്യൻസ് ലീഗിലെ റയലിന്റെ പ്രീക്വാർട്ടർ മത്സരം പിഎസ്.ജിയുമായിട്ടായിരുന്നു. മെസിയും നെയ്മറും എംബാപ്പെയുമടങ്ങുന്ന ശക്തമായ നിരയായിരുന്നു പിഎസ്.ജിയുടേത്. ആദ്യപാദത്തിൽ എംബാപ്പെയുടെ ഇഞ്ചുറി ടൈം ഗോളില്‍ പി.എസ്.ജി ജയിച്ചുകയറി. രണ്ടാം പാദത്തിന്റെ 39-ാം മിനിട്ടിൽ എംബാപ്പെ ഗോൾ നേടിയതോടെ പി.എസ്.ജി വിജയമുറപ്പിച്ച ഘട്ടം. അപ്പോൾ റയലിന് ജയിക്കാൻ 3 ഗോളുകൾ നേടണമായിരുന്നു. കളിയുടെ 60-ാം മിനിറ്റുവരെ സ്ഥിതി ഇങ്ങനെയായിരുന്നു. പിന്നീട് പക്ഷേ കളി മാറി. 61, 76, 78 മിനിറ്റുകളിൽ കരീം ബെൻസേമയെന്ന മാന്ത്രികൻ പി.എസ്.ജി ഗോൾവല കുലുക്കി. അങ്ങനെ ഇരുപാദങ്ങളിലുമായി 3-2 ന് വിജയിച്ച് റയൽ ക്വാർട്ടറിലേക്ക്.

ക്വാർട്ടറിലെ ആദ്യപാദത്തിലും ബെൻസേമ ഗോളടി തുടർന്നു. ചെൽസിക്കെതിരായ ആദ്യപാദത്തിൽ ഹാട്രിക്കോടെ റയലിന് 3-1 ന്റെ വിജയം സമ്മാനിച്ചു. രണ്ടാം പാദത്തിൽ ചെല്‍സി തിരിച്ചടിച്ചു. മുഴുവൻസമയം അവസാനിക്കുമ്പോള്‍ അഗ്രിഗേറ്റ് സ്‌കോർ 4-4 ആയിരുന്നു. എക്‌സ്ട്രാ ടൈമിന്റെ ആറാം മിനിറ്റിൽ ബെൻസേമ രക്ഷകനായി അവതരിച്ചു. റയൽ ചാമ്പ്യന്‍സ് ലീഗിന്റെ സെമിയിലേക്ക്.

സെമിയിൽ മാഞ്ചസ്റ്റർസിറ്റിയായിരുന്നു റയലിന്റെ എതിരാളി. റയൽ മാഡ്രിഡ് ബെൻസേമയിൽ തന്നെ പ്രതീക്ഷയർപ്പിച്ചു നിന്നു. ബെൻസേമ ഇരട്ടഗോളുകൾ നേടിയെങ്കിലും ആദ്യപാദത്തിൽ സിറ്റി 4-3 ന് ജയിച്ചു. രണ്ടാം പാദത്തിലെ 73-ാം മിനിട്ടിൽ ഗോൾ നേടിക്കൊണ്ട് സിറ്റി വിജയമുറപ്പിച്ച ഘട്ടം. അഗ്രിഗേറ്റ് സ്‌കോർ 5-3. മത്സരം 90-ാം മിനിട്ടിലേക്ക് കടക്കുമ്പോളും ഇതേ നിലയിലായിരുന്നു. എന്നാൽ പിന്നീട് അവിശ്വസനീയമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്. 90,91 മിനിറ്റുകളിൽ പകരക്കാരനായിറങ്ങിയ റോഡ്രിഗോ വലകുലുക്കിയതോടെ അഗ്രിഗേറ്റ് സ്‌കോർ 5-5 എന്ന നിലയിലായി. എക്‌സ്ട്രാടൈമിന്റെ അഞ്ചാം മിനിട്ടിൽ വിജയഗോൾ നേടിക്കൊണ്ട് ബെൻസേമ റയലിനെ ഫൈനലിൽ എത്തിച്ചു.

2017-18 സീസണിന്റെ ആവർത്തനമായിരുന്നു ഫൈനൽ. റയലും ലിവർപൂളും കിരീടത്തിനായി ഏറ്റുമുട്ടാനൊരുങ്ങി. 2018-ലെ തോൽവിക്ക് പകരം വീട്ടാനായിരുന്നു ചെമ്പടയിറങ്ങിയത്. പക്ഷേ പാരീസ് സ്റ്റേഡ് ദി ഫ്രാൻസിൽ ആഞ്ചലോട്ടിയും സംഘവും ചരിത്രം രചിച്ചു. ഏകപക്ഷീയമായ ഒരുഗോളിന് ലിവർപൂളിനെ തോൽപ്പിച്ച് 14-ാം ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടു. 15 ഗോളുമായി ചാമ്പ്യൻസ് ലീഗിലെ ടോപ്പ് സ്‌കോററും ബെൻസേമയായിരുന്നു. ഈ സീസണിൽ റയലിനായി ആകെ 44 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.

ഇത്തവണത്തെ മികച്ച ഫുട്‌ബാളർക്കുള്ള ബാലൺ ഡി ഓർ പുരസ്‌കാരത്തിന് ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്നതും ബെൻസേമയ്ക്കാണ്. ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിനുശേഷം ബെൻസേമ വാചാലനായതും ബാലൺ ഡി ഓർ പുരസ്‌കാരത്തെക്കുറിച്ചാണ്. ' ബാലൺ ഡി ഓർ പുരസ്‌കാരത്തിനായി ഇതിൽക്കൂടുതലൊന്നും എനിക്ക് ചെയ്യാനില്ല. എന്റെ കഴിവിന്റെ പരമാവധി ഈ സീസണിൽ ഞാൻ പുറത്തെടുത്തിട്ടുണ്ട്. ഇതുവരെ നടത്തിയ പ്രകടനത്തിൽ ഞാൻ അഭിമാനിക്കുന്നു. ഇനി ദേശീയ ടീമിനായി കളിക്കേണ്ട സമയമാണ് ' - ബെൻസേമ പറഞ്ഞു.

34 കാരനായ ഫ്രഞ്ച് താരം ഇനി ലക്ഷ്യം വെയ്ക്കുന്നത് ലോകകപ്പ് കിരീടമാണ്. ഖത്തർ ലോകകപ്പിന് മുന്നോടിയായി ബാലൺ ഡി ഓർ പുരസ്‌കാരപ്രഖ്യാപനമുണ്ടാകും. പാരീസിൽ വെച്ച് ഒക്ടോബറിലായിരിക്കും പുരസ്‌കാരം നല്‍കുക. മുഹമ്മദ് സലയാണ് ബെൻസേമയുടെ പ്രധാന എതിരാളി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, KARIM BENZEMA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.