ഇന്ത്യ -ഇംഗ്ളണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം
മത്സരം ഇന്ത്യൻ സമയം വൈകിട്ട് 5.30 മുതൽ
ഓവൽ : ട്വന്റി-20 പരമ്പരയ്ക്ക് പിന്നാലെ ഇംഗ്ളണ്ടുമായി മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്ക് ഇറങ്ങാൻ ഇന്ത്യ. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 5.30 മുതൽ ഓവലിലാണ് പരമ്പരയിലെ ആദ്യ ഏകദിനം.
രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ടീം മൂന്ന് ട്വന്റി-20കളുടെ പരമ്പര 2-1നാണ് വിജയിച്ചത്. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ചിരുന്ന ഇന്ത്യ മൂന്നാം മത്സരത്തിൽ 216റൺസ് ലക്ഷ്യവുമായി ചേസിംഗിന് ഇറങ്ങി 17 റൺസിന് തോൽക്കുകയായിരുന്നു.
അവസാന രണ്ട് ട്വന്റി-20മത്സരങ്ങളിൽ കളിച്ച മുൻ നായകൻ വിരാട് കൊഹ്ലിക്ക് ഫോം വീണ്ടെടുക്കാൻ കഴിയാത്തതാണ് ഇന്ത്യയെ അലട്ടുന്നത്. ഏകദിന ഫോർമാറ്റിൽ കുറച്ചുകൂടി ശ്രദ്ധയോടെ കളിച്ച് ഫോം തിരിച്ചുപിടിച്ചാലേ വിരാടിന് ഈ വർഷത്തെ ട്വന്റി-20 ലോകകപ്പിൽ സ്ഥാനമുറപ്പിക്കാനാവൂ എന്നതാണ് യാഥാർത്ഥ്യം. ഏകദിനത്തിൽ തന്റെ പ്രിയപ്പെട്ട ഫസ്റ്റ്ഡൗൺ പൊസിഷനിലാണ് വിരാട് കളിക്കുക.
വിൻഡീസിലേക്ക് നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലെ നായകൻ ശിഖർ ധവാനും രോഹിത് ശർമ്മയും ചേർന്നാണ് ഓപ്പണിംഗിന് ഇറങ്ങുക. അവസാന ട്വന്റി-20യിൽ തകർപ്പൻ സെഞ്ച്വറി നേടി മികച്ച ഫോമിലുള്ള സൂര്യകുമാർ യാദവ്, വിക്കറ്റ് കീപ്പർ റിഷഭ് പന്ത്,ആൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യ,രവീന്ദ്ര ജഡേജ എന്നിവർ ഇന്ത്യൻ ബാറ്റിംഗ് നിരയിലുണ്ടാവും.
പരിചയസമ്പന്നരായ പേസർമാർ മുഹമ്മദ് ഷമിക്കും ജസ്പ്രീത് ബുംറയ്ക്കും ഒപ്പം ശാർദ്ദൂൽ താക്കൂറിനോ പ്രസിദ്ധ് കൃഷ്ണയ്ക്കോ അവസരം ലഭിച്ചേക്കും. സ്പിന്നർ യുസ്വേന്ദ്ര ചഹലിനും പ്ളേയിംഗ് ഇലവനിൽ അവസരം ലഭിച്ചേക്കും.
ജോസ് ബട്ട്ലർ നയിക്കുന്ന ഇംഗ്ളണ്ട് ടീമിന് അവസാന ട്വന്റി-20യിലെ വിജയം ആശ്വാസമാകുന്നുണ്ട്. മികച്ച ഫോമിലുള്ള ജോണി ബെയർസ്റ്റോ,മൊയീൻ അലി,ലിയാം ലിവിംഗ്സ്റ്റൺ,ജോ റൂട്ട്,ജാസൺ റോയ്,ബെൻ സ്റ്റോക്സ്,ഡേവിഡ് വില്ലി,സാം കറൻ തുടങ്ങിയ കരുത്തന്മാരടങ്ങിയതാണ് മുൻ നായകൻ ഇയോൻ മോർഗന്റെ പടിയിറക്കത്തിന് ശേഷമുള്ള ഇംഗ്ളണ്ട് ടീം.
5.30 pm മുതൽ സോണി ടെൻ ചാനലിലും സോണി ലിവിലും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |