SignIn
Kerala Kaumudi Online
Wednesday, 25 September 2024 11.07 PM IST

മുഷ്താഖിൽ മൂന്നാം ജയവുമായി കേരളം

Increase Font Size Decrease Font Size Print Page
cricket

കേരളം മൂന്ന് വിക്കറ്റിന് ഹരിയാനയെ കീഴടക്കി,ഹരിയാന 131/7, കേരളം 132/7

ആദ്യ മത്സരത്തിൽ ആൾറൗണ്ട് മികവുമായി അബ്ദുൽ ബാസിത്ത്

ആദ്യ പന്തിൽ വിക്കറ്റ്,ബാറ്റിംഗിൽ 15 പന്തിൽ പുറത്താകാതെ 27 റൺസ്

മൊഹാലി : അരങ്ങേറ്റക്കാരൻ അബ്ദുൽ ബാസിത്തിന്റെ ആൾറൗണ്ട് മികവിൽ സെയ്ദ് മുഷ്താഖ് ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിലെ മൂന്നാം മത്സരത്തിലും മിന്നുന്ന വിജയവുമായി കേരളം. ഇന്ത്യൻ താരം സഞ്ജു സാംസന്റെ നേതൃത്വത്തിലിറങ്ങിയ കേരളം ഇന്നലെ മൊഹാലിയിൽ നടന്ന മത്സരത്തിൽ ഹരിയാനയെ മൂന്ന് വിക്കറ്റിനാണ് കീഴടക്കിയത്. നേരത്തേ നടന്ന മത്സരങ്ങളിൽ അരുണാചൽ പ്രദേശിനെയും കർണാടകയെയും കേരളം തോൽപ്പിച്ചിരുന്നു.

ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഹരിയാനയെ 131/7 എന്ന സ്കോറിൽ ഒതുക്കിയ ശേഷം ഓരോവർ ബാക്കി നിൽക്കേ ഏഴുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു കേരളം. ട്വന്റി-20 ഫോർമാറ്റിൽ കേരളത്തിനായി ആദ്യ മത്സരം കളിക്കാനിറങ്ങിയ അബ്ദുൽ ബാസിത്ത് ഇന്നിംഗ്സിലെ ആദ്യ പന്തിൽത്തന്നെ ഹരിയാനയുടെ ഓപ്പണർ അങ്കിതിനെ (0) എൽ.ബിയിൽ കുരുക്കി ചരിത്രം കുറിച്ചു. തുടർന്ന് വൈശാഖ് ചന്ദ്രനും മനുകൃഷ്ണനും ബേസിൽ തമ്പിയും സിജോമോനും ആസിഫും മികച്ച ബൗളിംഗ് കാഴ്ചവച്ചതോടെ ഹരിയാന പതറി. 14/3 എന്ന നിലയിൽ നിന്ന് പ്രമോദ് ചാന്ദില(24),സുമിത് കുമാർ (30*), ഇന്ത്യൻ താരം ജയന്ത് യാദവ് (39) എന്നിവർ നടത്തിയ പോരാട്ടമാണ് 131ലെത്തിച്ചത്. കേരളത്തിനായി ബൗൾ ചെയ്ത എല്ലാവർക്കും ഓരോവിക്കറ്റ് ലഭിച്ചു. ബാസിത്ത് രണ്ടോവറിൽ എട്ടുറൺസ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്.

മറുപടിക്കിറങ്ങിയ കേരളത്തിന് വേണ്ടി ഓപ്പണർമാരായ വിഷ്ണു വിനോദും (25), രോഹൻ എസ്.കുന്നുമ്മലും (26) മികച്ച തുടക്കം നൽകി. എന്നാൽ തുടർന്നിറങ്ങിയ സഞ്ജു സാംസൺ(3),മുഹമ്മദ് അസ്ഹറുദ്ദീൻ (13),സച്ചിൻ ബേബി(4) എന്നിവർ പുറത്തായതോടെ കേരളം 75/5 എന്ന നിലയിലായി. ടീം സ്കോർ 90ലെത്തിയപ്പോൾ കൃഷ്ണപ്രസാദും (9) പുറത്തായതോടെയാണ് അബ്ദുൽ ബാസിത്ത് ക്രീസിലെത്തിയത്. സിജോമോൻ ജോസഫിനൊപ്പം (13)ബാസിത്ത് പോരാട്ടം തുടങ്ങി.106ലെത്തിയപ്പോൾ സിജോയും മടങ്ങി.പിന്നീട് മനു കൃഷ്ണനെ(4*)കൂട്ടുനിറുത്തി ബാസിത്ത് പോരാടി വിജയത്തിലേക്ക് എത്തുകയായിരുന്നു. 15 പന്തുകൾ നേരിട്ട ബാസിത്ത് മൂന്ന് ഫോറും ഒരു സിക്സും ഉൾപ്പടെയാണ് പുറത്താകാതെ 27 റൺസ് നേടിയത്. 24കാരനായ അബ്ദുൽ ബാസിത്ത് എറണാകുളം സ്വദേശിയാണ്.

മൂന്ന് വിജയങ്ങളോടെ എലൈറ്റ് ഗ്രൂപ്പ് സിയിൽ 12 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്താണ്. ഞായറാഴ്ച സർവീസസിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, CRICKET
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.