ന്യൂഡൽഹി: ഇന്ത്യൻ റെയിൽവെയുടെ മുഖംതന്നെ മാറ്റിയ വന്ദേ ഭാരത് ട്രെയിനുകളുടെ അടുത്തഘട്ടമായ വന്ദേ ഭാരത് സ്ളീപ്പർ ട്രെയിനുകൾ പുറത്തിറങ്ങാൻ ഇനിയും കാലതാമസമെടുക്കുമെന്ന് സൂചന. 200 വന്ദേ ഭാരത് സ്ളീപ്പർ ട്രെയിനുകൾ നിർമ്മിച്ച് നൽകുന്നതിനാണ് മുൻപ് കരുതിയതിലും താമസമുണ്ടാകുക. ഡിസൈൻ പരിഷ്‌കരണത്തിനും ട്രെയിനിന്റെ കോച്ചുകളുടെ ദൈർഘ്യത്തിന്റെയും കാര്യത്തിൽ ചർച്ചകൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്ന് ഈ പ്രോജക്‌ടുമായി ബന്ധമുള്ളവരിൽ നിന്ന് സൂചനകളുണ്ട്. 60,000 കോടിയുടെ വിതരണ, അറ്റകുറ്റ പണിനടത്താനുള്ള കരാറാണ് വന്ദേ ഭാരത് സ്‌ളീപ്പർ നിർമ്മാണത്തിലുള്ളത്.
കരാർ പ്രകാരം 24 കോച്ചുകളാണ് ട്രെയിനിൽ വേണ്ടത് എന്നാണ റെയിൽവെ നയം. ഓരോ റേക്കിലെയും കോച്ച് നിർമ്മാണത്തിൽ മാറ്റം വരുത്താൻ കരാറിൽ അനുവദിക്കുന്നുണ്ട്. റെയിൽവെയ്‌ക്ക് 12 കോച്ചുകളോ, 16ഓ, 24ഓ കോച്ചുകൾ ആവശ്യപ്പെടാം. പദ്ധതി ചെലവ് വർദ്ധിപ്പിക്കാതെയാണ് ഇതെന്ന് റെയിൽവെ വൃത്തങ്ങൾ സൂചന നൽകി. കൈനറ്റ് റെയിൽവെ സൊലൂഷൻസ്, ഭാരത് ഹെവി ഇലക്‌ട്രിക്കൽസ് ലിമിറ്റഡ് (ഭെൽ), ടിറ്റാഗഡ് റെയിൽവെ സിസ്‌റ്റംസ് എന്നിവർക്കാണ് വിതരണ, അറ്റകുറ്റ പണി കരാർ. 200 വന്ദേ ഭാരത് സ്ളീപ്പർ ട്രെയിനുകൾക്ക് വേണ്ടിയാണിത്. പ്രോട്ടോടൈപ്പ് ട്രെയിനുകൾ ഒരുവർഷത്തിനകം തയ്യാറാകണമെങ്കിലും രണ്ട് കമ്പനികളും ഇതിന്റെ പണി തുടങ്ങിയിട്ടില്ല.
ചെന്നൈയിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്‌ടറിയും ഇന്ത്യൻ റെയിൽവെ ഇഎംഎല്ലും 10 ട്രെയിനുകൾ വിതരണം ചെയ്യാൻ പ്രത്യേകം നോമിനേറ്റ് ചെയ്‌തിരുന്നു. ഈമാസം ആദ്യം ചില കോച്ചുകളുടെ മാതൃക പ്രദർശിപ്പിച്ചിരുന്നു. ആദ്യബാച്ച് ട്രെയിനുകൾ ഈ വർഷം അവസാനം സർവീസ് തുടങ്ങുമെന്നാണ് കരുതുന്നത്. വേഗതയിലും സുരക്ഷയിലും യാത്രക്കാരുടെ സുഖത്തിലും രാജധാനി എക്‌സ്‌പ്രസുകളെ മറികടക്കുന്നതാകും വന്ദേ ഭാരത് സ്‌ളീപ്പറുകൾ.
160 കിലോമീറ്റർ വരെ പരമാവധി വേഗത്തിൽ പായാൻ വന്ദേ ഭാരത് സ്‌ളീപ്പറുകൾക്കാകും. ടെസ്‌റ്റിംഗിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ ഓടും ഇവ. കൈനറ്റ് റെയിൽവെ സൊലൂഷൻസ് എന്ന ഇന്ത്യ-റഷ്യ സംയുക്ത സംരംഭം 120 വന്ദേ ഭാരത് സ്‌ളീപ്പർ വകഭേദ ഭേദം വിതരണംചെയ്യുക. ഭെൽ-ടിആർഎസ് കൺസോർഷ്യം 80 ട്രെയിനുകൾക്ക് വിതരണം ചെയ്യാൻ ഓർഡർ നൽകിക്കഴിഞ്ഞതായാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |