കൊച്ചി: ഐ.എസ്.എല്ലിൽ സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എ.ടി.കെ മോഹൻ ബഗാനെ നേരിടും. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ 3-1ന് തറപറ്റിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. മത്സരത്തിനുള്ള മുഴുവൻ ടിക്കറ്റുകളും രണ്ടു ദിവസം മുമ്പ് തന്നെ വിറ്റുപോയിരുന്നു. കഴിഞ്ഞകളിയിൽ രണ്ട് ഗോൾ നേടിയ ഇവാൻ കല്യൂഷ്നിയുൾപ്പെടെ എല്ലാ വിദേശ താരങ്ങളുടെ പ്രകടനത്തിലും സംതൃപ്തനാണെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യുവതാരം ആയുഷ് അധികാരിയൊഴികെ ടീമിലാർക്കും പരിക്കില്ല. ഈസ്റ്റ് ബംഗാളുമായുള്ള മത്സരത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും ഇന്നത്തെ ഗെയിമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ മത്സരത്തിൽ ചെന്നൈയിനോട് തോൽവി വഴങ്ങിയെങ്കിലും കഴിഞ്ഞതിനെക്കുറിച്ച് ചിന്തിച്ച് സമയം കളയാൻ താൻ തയ്യാറല്ലെന്ന് എ.ടി.കെ മോഹൻബഗാൻ പരിശീലകൻ യുവാൻ ഫെറാൻഡോ പറഞ്ഞു.
മുംബയ്ക്ക് ജയം
ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബയ് സിറ്റി 2-0ത്തിന് ഒഡിഷയെ കീഴടക്കി. സീസണിലെ മുംബയ്യുടെ ആദ്യത്തെ ജയമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |