
ബംഗളൂരു: ഗുജറാത്ത് ടൈറ്റാൻസിനെ അഞ്ച് വിക്കറ്റിന് വീഴ്‌ത്തി ആർസിബി വിജയം നേടിയെങ്കിലും സ്റ്റാർ ബാറ്റർ വിരാട് കൊഹ്‌ലി നിരാശനായിരുന്നുവെന്ന് ഗുജറാത്ത് ടൈറ്റാൻസ് അസിസ്റ്റന്റ് കോച്ച് വിജയ് ദഹിയ. 44 പന്തുകളിൽ എട്ടുഫോറും നാലു സിക്സുമടക്കം 81റൺസ് ആണ് വിരാട് അടിച്ചുകൂട്ടിയത്. എന്നിരുന്നാലും സെഞ്ച്വറി തികയ്ക്കാനാകാത്തതിന്റെ നിരാശയിലായിരുന്നു താരമെന്നാണ് വാർത്താസമ്മേളനത്തിൽ ടൈറ്റാൻസ് കോച്ച് വെളിപ്പെടുത്തിയത്.
'അദ്ദേഹത്തിന്റെ ഊർജം അതിശയിപ്പിക്കുന്നതാണ്. കഴിവും കളിയെക്കുറിച്ചുള്ള ബോധവുമുണ്ട്. കളിക്കുശേഷം കൊഹ്‌ലിയുമായി സംസാരിച്ചിരുന്നു. അദ്ദേഹം നിരാശനായിരുന്നു. എനിക്കിത് നൂറാക്കി മാറ്റാമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ എല്ലാദിവസവും അങ്ങനെ ചെയ്യുന്നൊരാൾക്ക് മറ്റൊരു തരത്തിൽ ചിന്തിക്കാമെന്ന് ഞാൻ പറഞ്ഞു. ആദ്യത്തെ ബോളിൽ ഔട്ട് ആകാമായിരുന്നു. അത് സംഭവിച്ചില്ല. അതൊരു എളുപ്പമുളള വിക്കറ്റ് ആയിരുന്നുവെന്ന് നിങ്ങൾ തോന്നിച്ചുവെങ്കിലും അങ്ങനെ ആയിരുന്നില്ലെന്ന് ഞാൻ പറഞ്ഞു'
അങ്ങനെ കളിക്കുകയും കളിയെ നിയന്ത്രിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ആഗ്രഹിക്കുന്നിടത്ത് ബൗളറെകൊണ്ട് പന്തെറിയിക്കാൻ സാധിക്കും. അത്തരത്തിലുള്ള ഇന്നിംഗ്‌സാണ് വിരാട് കളിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ മാത്രമല്ല ലോകോത്തര ബൗളർമാരിലും അദ്ദേഹം സമ്മർദ്ദം ചെലുത്തി. അതാണ് വിരാടിന്റെ പ്രത്യേകത. അദ്ദേഹത്തിന്റെ മാനസികാവസ്ഥ അദ്ദേഹത്തെ പലരിൽ നിന്നും വ്യത്യസ്തനാക്കുന്നു. നന്നായി കളിക്കാനുള്ള സന്നദ്ധതയാണ് അദ്ദേഹത്തിന്റെ സവിശേഷത. അദ്ദേഹം ഇപ്പോഴും ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്'- -എന്നാണ് ദഹിയ പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |