ബെയ്‌റൂട്ട്: ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 569 ആയി ഉയർന്നു. 1835 പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. ഇന്നലെ നടന്ന ആക്രമണത്തിൽ ഹിസ്‌ബുള്ളയുടെ ഉന്നത കമാൻഡർ ഇബ്രാഹിം മുഹമ്മദ് ഖബിസി കൊല്ലപ്പെട്ടതായി ഇസ്രയേൽ അറിയിച്ചു.
ലെബനനിൽ സമ്പൂർണ അധിനിവേശത്തിന് തയ്യാറാണെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയതോടെ യുദ്ധ ഭീതിയിലാണ് ലോകം. യു എസിന് പിന്നാലെ പൗരന്മാർ ഉടൻ ലെബനൻ വിടാൻ ബ്രിട്ടനും നിർദ്ദേശിച്ചു. സംഘർഷം ചർച്ച ചെയ്യാൻ യുഎൻ അടിയന്തര രക്ഷാ സമിതി ഇന്ന് യോഗം ചേരും. അതേസമയം, ഇസ്രയേലിന്റെ ഓരോ ആക്രമണത്തിനും മറുപടി ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
വടക്കൻ മെഡിറ്ററേനിയൻ തീരത്തെ ഇസ്രയേൽ നേവൽ കമാൻഡോ യൂണിറ്റിന്റെ ആസ്ഥാനമായ അറ്റ്ലിറ്റ് നാവിക താവളം ആക്രമിച്ചതായി ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രയേലിനുനേരെയുള്ള റോക്കറ്റ് ആക്രമണം തുടരുകയാണ് ഹിസ്ബുള്ള. ലെബനനിൽ കൂട്ട പലായനവും തുടരുന്നു.
സംഘർഷം കണക്കിലെടുത്ത് വടക്കൻ ഇസ്രയേലിലെ സ്കൂളുകൾ അടച്ചു. അന്താരാഷ്ട്ര എയർലൈനുകൾ സർവീസുകൾ റദ്ദാക്കി. സംഘർഷം നിറുത്തണമെന്ന് ഈജിപ്റ്റ്, തുർക്കി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾ ആവശ്യപ്പെട്ടു. നിരവധി ലോക നേതാക്കൾ തങ്ങളുടെ യുഎൻ ജനറൽ അസംബ്ലി പ്രസംഗങ്ങളിൽ ഇസ്രയേൽ ആക്രമണത്തെ അപലപിച്ചു. ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തിയെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |