കറാച്ചി: വൻകിട മൾട്ടിനാഷണൽ കമ്പനികൾ രാജ്യം വിട്ടുപോകുന്നതിൽ അമ്പരന്ന് പാകിസ്ഥാൻ. പാകിസ്ഥാനിലെ പ്രവർത്തനങ്ങൾ ഉടൻ നിർത്തലാക്കുമെന്ന് വൻകിട കൺസ്യൂമർ ഗുഡ്സ് കമ്പനിയായ പ്രോക്ടർ ആൻഡ് ഗാംബിൾ (പി &ബി) പ്രഖ്യാപിച്ചു. മൂന്നാം കക്ഷി വിതരണ മോഡലുകളിലേക്ക് മാറികൊണ്ട് വിതരണശൃഖംല പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കം.
നേരത്തെ ഷെർ, മൈക്രോസോഫ്റ്റ്, ഊബർ, എലി ലില്ലി, യമഹ മോട്ടോർസ് തുടങ്ങിയ കമ്പനികൾ പാകിസ്ഥാനിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിട്ടുണ്ട്. കറൻസി ദുർബലമായതിനാൽ ഇതിനോടകം തന്നെ പാകിസ്ഥാൻ സമ്പദ് വ്യവസ്ഥ അസ്ഥിരമാണ്. നിലവിൽ പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കാനുള്ള കമ്പനികളുടെ നീക്കം പാകിസ്ഥാനിൽ തൊഴിലില്ലായ്മയുടെ നിരക്ക് കൂട്ടിയേക്കാം. ആഭ്യന്തര കാരണങ്ങളല്ല, ഭൂമിശാസ്ത്രപരമായ കാരണങ്ങൾ മുൻ നിർത്തിയാണ് കമ്പനികൾ പുനഃസംഘടനയ്ക്ക് പദ്ധതിയിടുന്നതെന്ന് പാകിസ്ഥാൻ ദിനപത്രമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, പാകിസ്ഥാനിലെ കർശനമായ നിയന്ത്രണങ്ങൾ കമ്പനികളുടെ പ്രവർത്തനങ്ങളിൽ വലിയതോതിൽ കാലതാമസം ഉണ്ടാക്കുന്നുവെന്നും അതിനാൽ ചില പ്രത്യേക മേഖലയിലുള്ള കമ്പനികൾ രാജ്യം വിടാൻ നിർബന്ധിതരാകുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ഉയർന്ന നികുതികളും കർശന നിയന്ത്രണ സംവിധാനങ്ങളും പാകിസ്ഥാനിലേക്കുള്ള വിദേശ നിക്ഷേപത്തിനുള്ള സാദ്ധ്യത കുറയ്ക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
എല്ലാ രാജ്യങ്ങളിലും തങ്ങളുടെ സാന്നിദ്ധ്യം നിലനിർത്തുന്നതിന് പകരം യുഎഇ, സിംഗപ്പൂർ പോലുള്ള ആഗോള കേന്ദ്രങ്ങൾ പ്രവർത്തനങ്ങൾ ഏകീകരിക്കാനായി കമ്പനികൾ തിരഞ്ഞടുക്കുന്നത് വൻകിട കമ്പനികൾ പാകിസ്ഥാൻ വിട്ടുപോകാനുള്ള ഒരു കാരണമാണെന്ന് വിദഗ്ദ്ധർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |