ജനീവ : ഓസ്ട്രിയൻ കോടീശ്വരി ഹെയ്‌ദി ഹോർട്ടന്റെ ആഭരണ ശേഖരം ലേലത്തിന്. അന്തരിച്ച നടി എലിസബത്ത് ടെയ്‌ലറുടെ ആഭരണങ്ങളുടെ റെക്കോഡ് ഹെയ്‌ദിയുടേത് തകർക്കുമെന്നാണ് കരുതുന്നത്. 2011ൽ ടെയ്‌ലറുടെ ആഭരണങ്ങൾ 116 ദശലക്ഷം ഡോളറിനാണ് വിറ്റത്. മേയിലും നവംബറിലുമായി ജനീവയിൽ ഓക്‌ഷൻ ഹൗസായ ക്രിസ്റ്റീസ് ആണ് ആഭരണങ്ങൾ ലേലത്തിനെത്തിക്കുന്നത്.
700ലേറെ വരുന്ന ആഭരണ ശേഖരത്തിന് 150 ദശലക്ഷം ഡോളറിലധികം ലഭിക്കുമെന്നാണ് പ്രതീക്ഷ. ലേലത്തിന് എത്തുന്ന ഏറ്റവും വലുതും മൂല്യമേറിയതുമായ സ്വകാര്യ ആഭരണ ശേഖരമാണ് ഹെയ്ദിയുടേത്. 90 കാരറ്റ് ഡയമണ്ട് നെക്‌ലേസ്, പീജൻ റെഡ് റൂബി മോതിരം തുടങ്ങിയ ആഡംബര ആഭരണങ്ങളാണ് ശേഖരത്തിലുള്ളത്.
കഴിഞ്ഞ വർഷം ജൂണിൽ 81ാം വയസിൽ അന്തരിക്കുമ്പോൾ 3 ബില്യൺ ഡോളറായിരുന്നു ഹെയ്ദിയുടെ ആസ്തി. ജർമ്മൻ ബിസിനസുകാരൻ ഹെൽമുട്ട് ഹോർട്ടൻ ഹെയ്ദിയുടെ മുൻ ഭർത്താവായിരുന്നു. അറിയപ്പെടുന്ന ആർട്ട് കളക്ടർ ആയ ഹെയ്ദി താൻ ശേഖരിച്ച അമൂല്യവസ്തുക്കളും കലാസൃഷ്ടികളും സൂക്ഷിക്കാൻ ഒരു മ്യൂസിയം സ്ഥാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |