ടോക്കിയോ: ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി 7 ഉച്ചകോടിയുടെ വേദിയെ നയതന്ത്ര ചർച്ചകൾക്കൊപ്പം സൗഹൃദം പുതുക്കുന്ന വേദി കൂടിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വർക്കിംഗ് സെഷനിടെ മോദിയുടെ ഇരിപ്പിടത്തിന് സമീപമെത്തിയ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മോദിയെ ആലിംഗനം ചെയ്താണ് വിശേഷങ്ങൾ പങ്കുവച്ചത്. ഇതിന്റെ വീഡിയോ വൈറലാണ്.
ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായുള്ള കൂടിക്കാഴ്ചയോടെയാണ് ഉച്ചകോടിയുടെ രണ്ടാം ദിനമായ ഇന്നലെ മോദി നയതന്ത്ര കൂടിക്കാഴ്ചകൾക്ക് തുടക്കമിട്ടത്.
ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി സഹകരണം ഇരുവരും ചർച്ച ചെയ്തു. വിയറ്റ്‌നാം പ്രധാനമന്ത്രി നാം മിൻ ചിൻ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ, യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുമായി മോദി ചർച്ചകൾ നടത്തി. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി സൗഹൃദ സംഭാഷണത്തിലേർപ്പെട്ട മോദി അദ്ദേഹത്തെ കണ്ടുമുട്ടിയതിൽ സന്തോഷവാനാണെന്ന് ട്വീറ്റ് ചെയ്തു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഇൻഡോനേഷ്യൽ പ്രസിഡന്റ് ജോക്കോ വിഡോഡോ, യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടെറസ്, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, ബ്രസീൽ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവ, കുക്ക് ഐലൻഡ്സ് പ്രധാനമന്ത്രി മാർക് ബ്രൗൺ എന്നിവരുമായും മോദി കൂടിക്കാഴ്ചകൾ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |