ടോക്കിയോ: ജപ്പാനിലെ ഹിരോഷിമ നഗരത്തിൽ ഇന്നലെ മഹാത്മാഗാന്ധിയുടെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനത്തിന്റെയും ഐക്യത്തിന്റെയും ഗാന്ധിയൻ ആശയങ്ങൾ ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി പകരുമെന്ന് മോദി പറഞ്ഞു. ജപ്പാനുമായുള്ള ഉറ്റസൗഹൃദത്തിന്റെ പ്രതീകമായി ഹിരോഷിമ നഗരത്തിനുള്ള ഇന്ത്യയുടെ സമ്മാനമാണ് ഗാന്ധി പ്രതിമ. 42 ഇഞ്ച് ഉയരമുള്ള വെങ്കല പ്രതിമയുടെ ശില്പി റാം വി. സുതർ ആണ്. ഹിരോഷിമയിൽ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ എ - ബോംബ് ഡോമിന് സമീപം മോട്ടോയാസു നദിയോട് ചേർന്നാണ് പ്രതിമ സ്ഥാപിച്ചിട്ടുള്ളത്.
രണ്ടാം ലോകമഹായുദ്ധത്തിനിടെ അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും വർഷിച്ച അണുബോംബുകൾ 226,000 ത്തോളം ജീവനാണ് കവർന്നത്. ഹിരോഷിമ എന്ന വാക്ക് ലോകം ഇന്നും ഭയത്തോടെയാണ് ഓർക്കുന്നതെന്ന് പറഞ്ഞ മോദി പ്രതിമ അനാച്ഛാദനം ചെയ്യാൻ അവസരമൊരുക്കിയ ഹിരോഷിമ മേയർക്കും ജപ്പാൻ ഭരണകൂടത്തിനും നന്ദി അറിയിച്ചു. ജാപ്പനീസ് പ്രധാനമന്ത്രിക്ക് താൻ സമ്മാനിച്ച ബോധിവൃക്ഷം ഹിരോഷിമയിൽ നട്ടുപിടിപ്പിച്ചെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |