വാഷിംഗ്ടൺ : യു.എസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ പത്നി റോസലിൻ കാർട്ടർ ( 96 ) അന്തരിച്ചു. ഞായറാഴ്ച ജോർജിയയിലെ പ്ലെയിൻസിലെ വസതിയിലായിരുന്നു അന്ത്യം. ഇക്കഴിഞ്ഞ മേയിൽ റോസലിന് ഡിമെൻഷ്യ ബാധിച്ചിരുന്നു. അവസാന നാളുകളിൽ രോഗബാധിതനായ ജിമ്മി കാർട്ടർക്കൊപ്പം റോസലിൻ വസതിയിൽ കുടുംബത്തോടൊപ്പം ചെലവഴിച്ചു. 99കാരനായ ജിമ്മി ഫെബ്രുവരിയിൽ ആശുപത്രി ചികിത്സ അവസാനിപ്പിച്ചിരുന്നു. ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ മുൻ യു.എസ് പ്രസിഡന്റാണ് ജിമ്മി കാർട്ടർ.
ഡെമോക്രാറ്റിക് നേതാവായ ജിമ്മി കാർട്ടർ 1977 മുതൽ 1981 വരെ പ്രസിഡന്റായിരിക്കെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് റോസലിൻ നടത്തിയ ക്ഷേമ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. പ്രസിഡന്റിന്റെ മെന്റൽ ഹെൽത്ത് കമ്മിഷന്റെ ഓണററി ചെയർ പദവി റോസലിൻ വഹിച്ചു.
മാനസികാരോഗ്യ സേവനങ്ങൾക്കുള്ള ചെലവ് വർദ്ധിപ്പിക്കാനുള്ള ബിൽ പാസാക്കാനും റോസലിന്റെ പ്രവർത്തനങ്ങൾ സഹായിച്ചു. പ്രായാധിക്യം ചെന്നവരെയും മറ്റും പരിപാലിക്കുന്നവർക്ക് പിന്തുണയും ധനസഹായവും നൽകുന്ന റോസലിൻ കാർട്ടർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കെയർഗീവേഴ്സിനും അവർ അടിത്തറപാകി.
1927 ഓഗസ്റ്റ് 18ന് പ്ലെയിൻസിലെ ഒരു സാധാരണ കുടുംബത്തിലാണ് റോസലിന്റെ ജനനം. 1945ൽ അനപൊലിസിലെ നേവൽ അക്കാഡമിയിൽ വിദ്യാർത്ഥിയായിരിക്കെയാണ് ജിമ്മി തന്റെ സഹോദരി റൂത്തിന്റെ സുഹൃത്തായ റോസലിനെ കണ്ടുമുട്ടിയത്.
തൊട്ടടുത്ത വർഷം ഇരുവരും വിവാഹിതരായി. അദ്ദേഹം പിന്നീട് നേവി ലെഫ്റ്റനന്റ് പദവിയിലെത്തി. 1971ൽ ജോർജിയയുടെ ഗവർണറുമായി. ജോൺ വില്യം, ജെയിംസ് ഏൾ, ഡോണൽ ജെഫ്രി, എമി ലിൻ എന്നിവരാണ് മക്കൾ.
വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയ ശേഷം ജിമ്മിക്കൊപ്പം മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ റോസലിൻ സജീവമായിരുന്നു. മനുഷ്യാവകാശ പ്രചാരണങ്ങൾ മുൻനിറുത്തി 2002ൽ ജിമ്മിക്ക് സമാധാന നോബൽ ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |