ലിമ: പെറു മുൻ പ്രസിഡന്റ് ആൽബർട്ടോ ഫുജിമോറി (86) അന്തരിച്ചു. ക്യാൻസർ ബാധിതനായിരുന്നു. 1990കളിൽ പെറുവിലെ സാമ്പത്തിക വളർച്ചയ്ക്ക് നേതൃത്വം നൽകിയെങ്കിലും പിന്നീട് മാവോയിസ്റ്റ് വിമതരുടെ ആഭ്യന്തര കലാപവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ജയിലിലടയ്ക്കപ്പെട്ടു. 1990 - 2000 കാലയളവിൽ പ്രസിഡന്റായിരുന്ന ജാപ്പനീസ് വംശജനായ ഫുജിമോറി കലാപങ്ങളെ ഫലപ്രദമായി നേരിട്ടു. എന്നാൽ ഇതിനിടെ സംഭവിച്ച മനുഷ്യാവകാശ ലംഘനങ്ങൾ ആൽബർട്ടോയെ വേട്ടയാടി. കടുത്ത നടപടികൾ ഫുജിമോറിയ്ക്ക് സ്വേച്ഛാധിപതിയുടെ പരിവേഷം നൽകി. 2000ത്തിൽ അഴിമതി ആരോപണം നേരിട്ട അദ്ദേഹം ജപ്പാനിലേക്ക് പലായനം ചെയ്തു. 2005ൽ ചിലിയിൽ വച്ച് അറസ്റ്റിലായി. 2007ൽ പെറുവിലെത്തിച്ച അദ്ദേഹത്തെ വിചാരണ ചെയ്തു. പ്രസിഡന്റായിരിക്കെ മാവോയിസ്റ്റ് വിമത കലാപത്തിനിടെ 25 പേരെ കൂട്ടക്കൊലചെയ്യാൻ ഉത്തരവിട്ടതടക്കമുള്ള കുറ്റങ്ങളിൽ 2009ൽ അദ്ദേഹത്തെ 25 വർഷം തടവിന് ശിക്ഷിച്ചു. കഴിഞ്ഞ ഡിസംബറിൽ കോടതി ഉത്തരവിനെ തുടർന്ന് പുറത്തിറങ്ങി. ആദ്യ ഭാര്യ സൂസന്ന ഹിഗുചിയുമായുള്ള ബന്ധം 1995ൽ അദ്ദേഹം വേർപെടുത്തി. രാഷ്ട്രീയക്കാരായ കീക്കോ, കെൻജി എന്നിവരടക്കം നാല് മക്കളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |