ടെൽ അവീവ്: വെടിനിറുത്തൽ ചർച്ചകൾ തുടരുന്നതിനിടെ ഗാസയിൽ ബോംബാക്രമണങ്ങൾ രൂക്ഷമാക്കി ഇസ്രയേൽ. ഇന്നലെ മാത്രം 31 പേർ കൊല്ലപ്പെട്ടു. പകുതിയിലേറെ മരണവും വടക്കൻ ഗാസയിലാണ്. ബെയ്റ്റ് ലാഹിയയിലും ജബലിയയിലും വീടുകൾ തകർത്തു തരിപ്പണമാക്കി. ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ജബലിയയിലേക്ക് ഇസ്രയേൽ സൈന്യത്തിന്റെ പുതിയ ഡിവിഷനെ കൂടി വിന്യസിച്ചു. ഇതിനിടെ ഗാസയിലെ കുഞ്ഞുങ്ങൾക്കായുള്ള പോളിയോ വാക്സിൻ കാമ്പെയ്ന്റെ രണ്ടാം റൗണ്ട് ശനിയാഴ്ച നടന്നു. 58,604 കുട്ടികൾക്ക് വാക്സിൻ ഡോസ് നൽകി. എന്നാൽ ഇസ്രയേൽ ആക്രമണം മൂലം ജബലിയ, ബെയ്റ്റ് ലാഹിയ, ബെയ്റ്റ് ഹനൂൻ മേഖലകളിലെ ആയിരക്കണക്കിന് കുഞ്ഞുങ്ങളിലേക്ക് വാക്സിൻ എത്തിക്കാൻ കഴിയുന്നില്ലെന്ന് ഗാസ ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു. പോളിയോ വാക്സിൻ ക്ലിനിക്കിന് നേരെയുണ്ടായ ഇസ്രയേൽ ഷെല്ലാക്രമണത്തിൽ നാല് കുട്ടികൾക്ക് പരിക്കേറ്റെന്ന് ഹമാസ് ആരോപിച്ചു. ഇതിനിടെ, മദ്ധ്യ ഇസ്രയേലിൽ ഹിസ്ബുള്ള റോക്കറ്റ് കെട്ടിടത്തിൽ പതിച്ച് 11 പേർക്ക് പരിക്കേറ്റു. ടെൽ അവീവിലെ സൈനിക ബേസിനെയാണ് ലക്ഷ്യമിട്ടതെന്ന് ഹിസ്ബുള്ള പ്രതികരിച്ചു. ടയർ നഗരത്തിൽ രണ്ട് ഹിസ്ബുള്ള കമാൻഡർമാരെ ഇസ്രയേൽ വധിച്ചു.ലെബനനിൽ 2,900ത്തോളം പേരും ഗാസയിൽ 43,340ലേറെ പേരും ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടു.
ജീവനോടെ 51 പേർ
ഹമാസ് ബന്ദികളാക്കി ഗാസയിലേക്ക് കടത്തിയ 101 പേരിൽ 51 പേർ ജീവനോടെയുണ്ടെന്ന് ഇസ്രയേലി ഇന്റലിജൻസ് റിപ്പോർട്ട്. ബന്ദികളെ തിരിച്ചെത്തിക്കാൻ ഹമാസുമായി വെടിനിറുത്തൽ കരാറിലെത്തണമെന്ന് കാട്ടി ഇസ്രയേലിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നിർണായക വിവരം പുറത്തായത്. നൂറിലേറെ ബന്ദികളെ നേരത്തെ മോചിപ്പിച്ചിരുന്നു. 70 പേർ കൊല്ലപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |