കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ചാവേർ സ്ഫോടനത്തിൽ 27 പേർ കൊല്ലപ്പെട്ടു. 60 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 16 പേർ സൈനികരാണ്.
ഇന്നലെ ക്വെറ്റയിലെ റെയിൽവേ സ്റ്റേഷന്റെ ഉള്ളിലായിരുന്നു സംഭവം. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. തീവ്രവാദ ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പരിക്കേറ്റവരിൽ 46 സൈനികരുമുണ്ട്. പലരുടെയും നില ഗുരുതരമാണ്. ആശുപത്രികളിൽ രക്തത്തിന് ക്ഷാമമുള്ളതിനാൽ ജനങ്ങൾ രക്തധാനത്തിന് തയ്യാറാകണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. അതിനിടെ സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാന സ്ഥലങ്ങളെല്ലാം കനത്ത സുരക്ഷയിലാണ്.
ലക്ഷ്യം സുരക്ഷാ ഉദ്യോഗസ്ഥർ
ബലൂചിസ്ഥാനെ പാകിസ്ഥാനിൽ നിന്ന് മോചിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ബി.എൽ.എ ഭീകരാക്രമണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. ആഗസ്റ്റിൽ ബലൂചിസ്ഥാനിലെ ഹൈവേകളിലും പൊലീസ് സ്റ്റേഷനുകളിലും ബി.എൽ.എ നടത്തിയ ആക്രമണങ്ങളിൽ 73 പേർ കൊല്ലപ്പെട്ടിരുന്നു. പ്രവിശ്യയ്ക്ക് പുറത്തുള്ളവരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് ഇവരുടെ പ്രധാന ലക്ഷ്യം.
# ഉഗ്ര സ്ഫോടനം
1. സംഭവം രാവിലെ 8:25ന് പെഷവാറിലേക്കുള്ള ജാഫർ എക്‌സ്‌പ്രസ് ട്രെയിൻ പുറപ്പെടാൻ തയ്യാറെടുക്കവെ
2. 10 കിലോ സ്ഫോടക വസ്തുക്കൾ നിറച്ച ലഗേജുമായി ഭീകരൻ സ്റ്റേഷനുള്ളിൽ
3. തിരക്കേറിയ പ്ലാറ്റ്ഫോമിൽ ബുക്കിംഗ് ഓഫീസിന് സമീപത്ത് വച്ച് പൊട്ടിത്തെറിച്ചു
4. പ്ലാറ്റ്ഫോമിന്റെ മേൽക്കൂരയടക്കം തകർന്നു
# ചോരപുരണ്ട വർഷം
(പാകിസ്ഥാനിൽ ജനുവരി മുതൽ നവംബർ 7 വരെയുണ്ടായ ഭീകരാക്രമണങ്ങളുടെകണക്ക് )
ആക്രമണങ്ങൾ - 653
ആകെ മരണം - 1693
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |