ഇസ്ലാമാബാദ്: മുൻ ഇന്ത്യൻ നാവിക ഓഫീസർ കുൽഭൂഷൺ ജാദവിനെ തട്ടിക്കൊണ്ടുപോകാൻ പാക് ചാര സംഘടനയായ ഐ.എസ്.ഐയെ സഹായിച്ച മുഫ്തി ഷാ മിറിനെ അജ്ഞാതർ വെടിവച്ചു കൊന്നു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ മതപണ്ഡിതനായ ഇയാൾ വെള്ളിയാഴ്ച രാത്രി കെച്ചിലെ തുർബാത്തിൽ വച്ചാണ് കൊല്ലപ്പെട്ടത്.
പള്ളിയിലെ രാത്രി പ്രാർത്ഥനകൾക്ക് ശേഷം മടങ്ങവേ ബൈക്കിലെത്തിയ ആയുധധാരികൾ ആക്രമിക്കുകയായിരുന്നു. ശരീരത്തിൽ നിരവധി ബുള്ളറ്റുകൾ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. മുമ്പ് രണ്ട് തവണ ഇയാൾക്ക് നേരെ വധശ്രമമുണ്ടായിട്ടുണ്ട്.
മതമൗലികവാദ രാഷ്ട്രീയ പാർട്ടിയായ ജാമിയത്ത് ഉലമ-ഇ- ഇസ്ലാം - എഫുമായി (ജെ.യു.ഐ-എഫ്) അടുത്ത ബന്ധമുണ്ടായിരുന്നു മിറിന്. അടുത്തിടെ ഖുസ്ദാറിൽ ജെ.യു.ഐ-എഫിലെ രണ്ട് നേതാക്കളെ അജ്ഞാതർ വെടിവച്ച് കൊന്നിരുന്നു.
2016 മാർച്ചിലാണ് ജാദവിനെ പാകിസ്ഥാൻ പിടികൂടിയത്. 2017ൽ ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി രഹസ്യ വിചാരണയിലൂടെ ജാദവിന് വധശിക്ഷ വിധിച്ചു. ഇന്ത്യയുടെ ഇടപെടലിനെ തുടർന്ന് ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
# മിർ ആയുധക്കടത്തിൽ സജീവം
ഐ.എസ്.ഐയുമായി അടുത്ത ബന്ധം
ആയുധ കടത്തിലും മനുഷ്യ കടത്തിലും സജീവം
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പാക് ഭീകരരെ സഹായിച്ചു
ബലൂചിസ്ഥാനെ പാകിസ്ഥാനിൽ നിന്ന് മോചിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾക്കെതിരെ ഐ.എസ്.ഐ ഇയാള ഉപയോഗിച്ചു
നിരവധി ബലൂച് യുവാക്കളുടെ തിരോധാനത്തിനും കൊലയ്ക്കും പിന്നിൽ പങ്ക്
പ്രവിശ്യയിൽ തീവ്രവാദം പ്രചരിപ്പിക്കുന്നതിൽ നിർണായക പങ്ക്
2023ൽ തുർബാത്തിൽ അബ്ദുൾ റൗഫ് എന്ന അദ്ധ്യാപകനെ മതനിന്ദയുടെ പേരിൽ മിറിന്റെ നിർദ്ദേശപ്രകാരം കൊലപ്പെടുത്തി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |