ഡമാസ്‌കസ്: സിറിയൻ മുൻ പ്രസിഡന്റ് ബാഷർ അൽ-അസദ് 2018-2019 കാലയളവിൽ രാജ്യത്ത് നിന്ന് 25 കോടി ഡോളർ രഹസ്യമായി റഷ്യയിലേക്ക് കടത്തിയെന്ന് റിപ്പോർട്ട്. യു.എസ് ഡോളറിലും യൂറോയിലുമാണ് പണം കടത്തിയതെന്ന് വിദേശ മാദ്ധ്യമം പറയുന്നു.
2011ൽ സിറിയൻ ആഭ്യന്തര യുദ്ധം തുടങ്ങിയത് മുതൽ അസദിന് കൈത്താങ്ങായത് റഷ്യയാണ്. കടുത്ത പാശ്ചാത്യ ഉപരോധങ്ങൾക്കും വിദേശ കറൻസി ക്ഷാമത്തിനും ഇടയിലാണ് അസദ് ഭീമൻ തുക പണമായി കടത്തിയത്. സിറിയൻ വിമതർക്കെതിരെ അസദിന് റഷ്യൻ സൈനിക സഹായം നിർണായകമായ ഘട്ടത്തിലാണ് പണം കൈമാറ്റം നടന്നത്. ഇതേ കാലയളവിൽ അസദ് കുടുംബത്തിലെ അംഗങ്ങൾ മോസ്കോയിൽ ആഢംബര സ്വത്തുക്കൾ സ്വന്തമാക്കിയെന്നും പറയുന്നു.
സെക്യൂരിറ്റി പേപ്പറുകൾ, സർക്കാർ ഉടമസ്ഥതയിലുള്ള പ്രിന്റിംഗ് കമ്പനിയായ ഗോസ്‌നാക്കിൽ നിന്നും പുതിയ സിറിയൻ ബാങ്ക് നോട്ടുകൾ, സൈനിക ഘടകങ്ങൾ എന്നിവ റഷ്യ സിറിയയിലേക്ക് കയറ്റുമതി ചെയ്തെന്നും കണ്ടെത്തി. ഇതുകൂടാതെ, കാപ്‌റ്റാഗൺ പോലുള്ള അന്താരാഷ്ട്ര മയക്കുമരുന്നു കടത്തിലൂടെയും ഇന്ധന കടത്ത് ദൗത്യങ്ങളിലൂടെയും അസദ് ഭരണകൂടം ലാഭം നേടിയെന്നും യു.എസ് ചൂണ്ടിക്കാട്ടിയിരുന്നു.
ഈ മാസം 8നാണ് ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ അസദിനെ അട്ടിമറിച്ച് വിമതസേന ഭരണം പിടിച്ചത്. അസദിന്റെ ബാത്ത് പാർട്ടിയുടെ 53 വർഷം നീണ്ട ഏകാധിപത്യ ഭരണത്തിനും അന്ത്യമായി. പിന്നാലെ അസദും കുടുംബവും റഷ്യയിൽ അഭയം തേടി.
# പണം പോയ വഴി
2018 മാർച്ചിനും 2019 സെപ്തംബറിനുമിടെയിൽ സിറിയൻ സെൻട്രൽ ബാങ്ക് ഏർപ്പെടുത്തിയ 21 വിമാനങ്ങളിൽ മോസ്കോയിലെ വ്‌നുക്കോവോ എയർപോർട്ടിൽ പറന്നിറങ്ങിയത് രണ്ട് ടണ്ണോളം നോട്ടുകൾ. ഉദാ:
1. മേയ് 2019 - 1 കോടി ഡോളർ (100 ഡോളറിന്റെ നോട്ടുകൾ)
2. ഫെബ്രുവരി 2019 - 2 കോടി യൂറോ ( 500 യൂറോയുടെ നോട്ടുകൾ)
പണം റഷ്യൻ ഫിനാൻഷ്യൽ കോർപറേഷനിൽ (ആർ.കെ.എഫ്) നിക്ഷേപിച്ചു. റഷ്യൻ ആയുധക്കയറ്റുമതി കമ്പനിയായ 'റോസോ ബോറോൺ എക്സ്പോർട്ടി"ന് വായ്പ നൽകുന്നത് ഇവിടെ നിന്ന്
# സിറിയ തീവ്രവാദത്തിന്റെ
കൈയിൽ:അസദ്
സിറിയ ഇപ്പോൾ തീവ്രവാദത്തിന്റെ കൈയിലാണെന്നും സിറിയ വിടാൻ മുൻകൂട്ടി തീരുമാനിച്ചിരുന്നില്ലെന്നും അസദ്. റഷ്യയിലുള്ള അസദ് വിമത അട്ടിമറിയിൽ ആദ്യമായി പ്രതികരിക്കുകയായിരുന്നു. ഡിസംബർ 8 പുലർച്ചെ റഷ്യൻ വ്യോമത്താവളം ആക്രമിക്കപ്പെട്ടതോടെയാണ് രാജ്യം വിടേണ്ടിവന്നതെന്നും ഡ്രോൺ ആക്രമണം ഉണ്ടായതോടെ റഷ്യ തന്നെ അടിയന്തരമായി ഒഴിപ്പിച്ചെന്നും അസദ് പ്രസ്താവനയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |