ടെൽ അവീവ്: ഗാസ വെടിനിറുത്തൽ കരാറിന്റെ ഭാഗമായി മൂന്ന് ഇസ്രയേലി ബന്ദികളെ കൂടി ഹമാസ് ഇന്നലെ മോചിപ്പിച്ചു. ഒഫർ കാൽഡെറോൺ (54), കെയ്‌ത്ത് സീഗൽ (65), യാർഡൻ ബിബാസ് (35) എന്നിവരെയാണ് മോചിപ്പിച്ചത്. ഇതോടെ സ്വതന്ത്രരാക്കപ്പെട്ട ഇസ്രയേലി ബന്ദികളുടെ എണ്ണം 13 ആയി. 5 തായ്ലൻഡ് പൗരന്മാരെയും വിട്ടയച്ചിരുന്നു.
യാർഡൻ ബിബാസിന്റെ ഭാര്യ ഷിരി, മക്കളായ ഏരിയൽ, ക്ഫിർ എന്നിവരും ഹമാസിന്റെ പിടിയിലുണ്ട്. ബന്ദികളുടെ കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് രണ്ടു വയസുകാരനായ ക്ഫിർ. 2023 ഒക്ടോബർ 7ലെ ഭീകരാക്രമണത്തിനിടെ ഇസ്രയേലിൽ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയപ്പോൾ ക്ഫിറിന് ഒമ്പത് മാസമായിരുന്നു പ്രായം. കെയ്‌ത്ത് സീഗലിന് യു.എസ്, ഇസ്രയേലി ഇരട്ട പൗരത്വമുണ്ട്. അതേ സമയം, 183 പാലസ്തീനിയൻ തടവുകാരെ ഇസ്രയേലും ഇന്നലെ വിട്ടയച്ചു.
ജനുവരി 19നാണ് ഗാസയിൽ ആറാഴ്ചത്തെ വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നത്. 33 ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുമെന്നാണ് ഹമാസ് പറഞ്ഞിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |