ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള സംഘർഷം തുടരുന്നതിനിടെ പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെ പാകിസ്ഥാൻ അധികൃതർ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകൾ. ഇയാളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം. പാകിസ്ഥാൻ സൈന്യത്തിൽ ആഭ്യന്തര കലാപം ഉണ്ടെന്നും സൂചനയുണ്ട്.
ഇന്ത്യയുമായി സംഘർഷത്തിന് തുടക്കമിട്ടെന്നും വ്യക്തിപരമായ നേട്ടത്തിനായി പാകിസ്ഥാനെ ദുരന്തത്തിലേക്ക് നയിച്ചെന്നും ആരോപിച്ചാണ് മുനീറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
അസിം മുനീറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയെന്നും സൈനിക കോടതിയില്‍ വിചാരണ നേരിടേണ്ടിവരുമെന്നുമാണ് സൂചന. മുനീറിന് പകരക്കാരനായി ജനറൽ സാഹിർ ഷംഷാദ് മിർസ സൈനിക മേധാവി സ്ഥാനം ഏറ്റെടുത്തതായും റിപ്പോർട്ടുകളുണ്ട്.
കാശ്‌മീരുമായുള്ള ഇസ്ലാമാബാദിന്റെ ബന്ധം കഴുത്തിലെ ഞരമ്പു പോലെയാണെന്ന അസിം മുനീറിന്റെ പരാമർശം ഏറെ വിവാദമായിരുന്നു. ഇസ്ലാമാബാദിൽ നടത്തിയ ഓവർസീസ് പാകിസ്ഥാനീസ് കൺവെൻഷൻ എന്ന പരിപാടിയിലാണ് അസിം മുനീർ വിവാദ പരാമർശം നടത്തിയത്. പാക്കിസ്ഥാന്റെ കഥ കുട്ടികൾക്ക് പറഞ്ഞുകൊടുക്കണമെന്ന് സദസിനോട് ജനറൽ അസിം മുനീർ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് ഇന്ത്യ ചുട്ടമറുപടി നൽകിയിരുന്നു.
കാശ്‌മീരുമായി പാകിസ്ഥാനുള്ള ഏക ബന്ധം നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശമാണെന്നും അവിടെ നിന്ന് ഒഴിഞ്ഞുപോകണമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞിരുന്നു. കാശ്‌മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. എങ്ങനെയാണ് വിദേശരാജ്യത്തിന് അവരുടെ കഴുത്തിലെ ഞരമ്പു പോലെയെന്ന് പറയാൻ കഴിയുകയെന്നും വിദേശകാര്യ വക്താവ് ചോദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |