കയ്‌റോ: ഗാസയിൽ ഇസ്രയേലുമായുള്ള വെടിനിറുത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിനായുള്ള മദ്ധ്യസ്ഥ ചർച്ചകൾ തുടങ്ങിയെന്ന് ഹമാസ്. ആറാഴ്ച നീളുന്ന ആദ്യഘട്ടം ജനുവരി 19നാണ് നിലവിൽ വന്നത്. ചർച്ചകൾക്കായി ഇസ്രയേലിന്റെ ഉന്നത സംഘം ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ എത്തും. ചർച്ചകൾ വിജയിച്ചാൽ 42 ദിവസം നീളുന്ന രണ്ടാം ഘട്ട വെടിനിറുത്തലിനിടെ ഗാസയിലുള്ള എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കും. ഗാസയിൽ സ്ഥിരം വെടിനിറുത്തലും വരും.
ആദ്യഘട്ടത്തിൽ 33 ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാനാണ് ധാരണ. ഇതുവരെ 13 ഇസ്രയേലി ബന്ദികളെ ഹമാസ് വിട്ടയച്ചു. ബന്ദിയാക്കപ്പെട്ട 5 തായ്ലൻഡ് പൗരന്മാരെയും മോചിപ്പിച്ചിരുന്നു. പകരമായി നൂറുകണക്കിന് പാലസ്തീനിയൻ തടവുകാരെ ഇസ്രയേൽ സ്വതന്ത്രമാക്കി.
അതേ സമയം, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കാണാൻ വാഷിംഗ്ടണിൽ എത്തി. ഇരുവരും തമ്മിലെ കൂടിക്കാഴ്ചയിൽ ഗാസ വെടിനിറുത്തൽ വിഷയമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |