SignIn
Kerala Kaumudi Online
Thursday, 19 February 2026 5.21 AM IST

ചരിത്രം പിറന്നു ,​ ശുഭാംശുവും സംഘവും ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു

Increase Font Size Decrease Font Size Print Page
nasa

ഫ്ലോറിഡ : ചരിത്രം പിറന്ന നിമിഷമായിരുന്നു അത്. 140 കോടി ഇന്ത്യക്കാർക്ക് അഭിമാനമായി ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള ആക്സിയം 4 ദൗത്യ സംഘം ബഹിരാകാശ നിലയത്തിൽ എത്തി. ചരിത്രത്തിലാദ്യമാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശ നിലയത്തിൽ എത്തിയത്. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ ഡ്രാഗൺ പേടകം നിലയത്തിലെ ഹാർമണി മോഡ്യൂളുമായി വിജയകരമായി ഡോക്ക് ചെയ്തു. വൈകിട്ട് 5. 46ഓടെയാണ് എല്ലാ പരിശോധനകളും നടപടിക്രമങ്ങളും പൂർത്തിയാക്കി സംഘം നിലയത്തിനുള്ളിലേക്ക് പ്രവേശിച്ചത്.

ശുഭാംശു ഉൾപ്പെടെയുള്ള നാലംഗ സംഘമുള്ള ക്രൂ ഡ്രാഗൺ പേടകവുമായി സ്‌പേസ് എ‌ക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഇന്ത്യൻ സമയം ഇന്നലെ ഉച്ചയ്‌ക്ക് 12.01നാണ് വിക്ഷേപിച്ചത്. അമേരിക്കയിലെ ഫ്ളോറിഡയിലുള്ള നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 എയിൽ നിന്നായിരുന്നു വിക്ഷേപണം. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്നതുവരെ ശുഭാംശുവിനായിരുന്നു പേടകത്തിന്റെ നിയന്ത്രണം.രാകേഷ് ശർമ്മയ്‌ക്കുശേഷം ബഹിരാകാശ യാത്ര ചെയ്യുന്ന ഇന്ത്യക്കാരനാണ് ശുഭാംശു.

41വർഷം മുമ്പായിരുന്നു രാകേഷിന്റെ യാത്ര. ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ചരിത്രദൗത്യവും ഇന്ന് ശുഭാംശു സ്വന്തമാക്കും. മേയ് 29നു നിശ്ചയിച്ചിരുന്ന യാത്ര സങ്കേതികകാരണങ്ങളാൽ ഏഴുതവണയാണ് മാറ്റിവച്ചത്.14 ദിവസം ശുഭാംശുവും സംഘവും ബഹിരാകാശനിലയത്തിൽ വിവിധ പരീക്ഷണങ്ങൾ നടത്തും. നാസ മുൻ ബഹിരാകാശ യാത്രികയും ആക്സിയം സ്‌പേസിലെ ഹ്യൂമൻ സ്‌പേസ് മിഷൻ ഡയറക്ടറുമായ പെഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. പോളണ്ടിൽ നിന്നുള്ള സ്വവോസ് ഉസ്നാൻ സ്‌കിവിസ്‌നെവ്സ്‌കിയും ഹംഗറിയിൽ നിന്നുള്ള ടിബോർ കപുവുമാണ് മറ്റ് യാത്രികർ. ശുഭാംശുവിന്റെ യാത്രയ്‌ക്കായി 550 കോടിയാണ് ഇന്ത്യ ചെലവഴിക്കുന്നത്.

TAGS: NEWS 360, WORLD, WORLD NEWS, AXIOM 4, SPACE X, SHUBHAMSU, ISS, NASA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY