ടെൽ അവീവ്: 2023 ഒക്ടോബർ 7 രാവിലെ 6:30....ഇസ്രയേലിന് ഒരിക്കലും മറക്കാനാകാത്ത ഭീകരമായ പുലർകാലം. 20 മിനിറ്റിൽ പാഞ്ഞെത്തിയത് ഹമാസിന്റെ 5,000 റോക്കറ്റുകൾ. ഇത്രയധികം റോക്കറ്റുകൾ കുതിച്ചെത്തിയതോടെ ഇസ്രയേലിന്റെ വജ്രായുധമായ അയൺ ഡോം വ്യോമപ്രതിരോധ സംവിധാനം പോലും സ്തംഭിച്ചു. 'ഓപ്പറേഷൻ അൽ അഖ്സ ഫ്ലഡ്" എന്ന പേരിൽ കര, വ്യോമ, കടൽ മാർഗ്ഗം ഇസ്രയേലിലേക്ക് ഹമാസ് അംഗങ്ങൾ നുഴഞ്ഞുകയറി. ഈസ്റ്റ് ജെറുസലേമിലെ അൽ അഖ്സ പള്ളിയിലേത് അടക്കം വർഷങ്ങളായുള്ള ഇസ്രയേൽ-പാലസ്‌തീൻ സംഘർഷമായിരുന്നു കാരണം. 38 കുട്ടികൾ അടക്കം ആയിരത്തിലേറെ ഇസ്രയേലികളെ ഹമാസ് വധിച്ചു. 251 പേരെ ബന്ദികളാക്കി. പിന്നാലെ ഇസ്രയേൽ തുടങ്ങിയ തിരിച്ചടി ഇന്ന് ഘോരയുദ്ധമായി മാറിയിരിക്കുന്നു.
തീ മഴപോലെയാണ് ഹമാസിന്റെ റോക്കറ്റുകൾ ഇസ്രയേലിൽ പതിച്ചത്. പാർക്കിലും പാതയോരത്തും തെരുവോരങ്ങളിലുമെല്ലാം മനുഷ്യശരീരങ്ങൾ ചിന്നിച്ചിതറി. ആക്രമണത്തിൽ കിബ്ബുത്ത്സ് റെയിം നഗരത്തിന് സമീപമുള്ള നെഗെവ് മരുഭൂമി ശ്മശാന ഭൂമിയായി മാറി. 378 മൃതദേഹങ്ങളാണ് ഇവിടെ കണ്ടെത്തിയത്. കൂടുതലും യുവാക്കളായിരുന്നു. ഇവിടെ നടന്ന സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവൽ വേദിയിലേക്ക് ഇരച്ചുകയറിയ ഹമാസ് അംഗങ്ങൾ കണ്ണിൽപ്പെട്ടവരെ വെടിവച്ചുവീഴ്ത്തി. രക്ഷപെടാൻ ശ്രമിച്ച സ്ത്രീകളടക്കം 44 പേരെ ബൈക്കുകളിലും മറ്റുമായി ഹമാസ് ഗാസയിലേക്ക് കടത്തി.
ഹമാസ് തടവിലാക്കിയ പ്രായം കുറഞ്ഞ ബന്ദിയായിരുന്നു ഒമ്പത് മാസം പ്രായമുള്ള ക്ഫിർ ബിബാസ്. നാലുവയസുള്ള സഹോദരൻ ഏരിയലിനേയും മാതാപിതാക്കളായ യാർഡനേയും ഷിരിയേയും ഹമാസ് ബന്ദികളാക്കി. ക്ഫിറും സഹോദരനും അമ്മയും ഹമാസിന്റെ പിടിയിലിരിക്കെ കൊല്ലപ്പെട്ടു. യാർഡനെ ഫെബ്രുവരിയിൽ വെടിനിറുത്തലിനിടെ മോചിപ്പിച്ചിരുന്നു.
ഹമാസിന്റെ തോക്കിൻ മുനയിൽ ഭയന്നു നിൽക്കുന്ന ബന്ദികളുടെ ദൃശ്യം ലോകത്തെ ഞെട്ടിച്ചു. പട്ടിണി മൂലം തിരിച്ചറിയാൻ കഴിയാത്ത വിധം ശരീരം മെലിഞ്ഞ നിലയിലുള്ള ബന്ദിയുടെ വീഡിയോ ആഗസ്റ്റിൽ ഹമാസ് പുറത്തുവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |