ലോക രാജ്യങ്ങളുടെ പ്രശ്നങ്ങളിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെടുന്നത് പുതിയ കാര്യമല്ല. ലക്ഷ്യം നോബൽ സമ്മാനമെന്ന കനിയാണെന്നതിനും തർക്കമില്ല. ഇന്ത്യയും പാകിസ്ഥാനും സമാധാനത്തിന്റെ ദൂതനായി അംഗീകരിച്ചാൽ ലഭിക്കുന്ന നോബൽ പ്രൈസിലായിരുന്നു ഇതിനു മുമ്പ് അദ്ദേഹം കണ്ണുനട്ടിരുന്നത്. ഗാസയിൽ ട്രംപ് നടത്തുന്ന നിരാശാജനകമായ ശ്രമവും മറ്റൊന്നിനല്ല. ഗാസ-ഇസ്രയേൽ സംഘർഷം തുടങ്ങിയിട്ട് നാളെ രണ്ടു വർഷം തികയാനിരിക്കെ, ഇന്ന് ഈജിപ്തിൽ നടക്കുന്ന സമാധാന ചർച്ചകൾ ലോകം ഉറ്റു നോക്കുകയാണ്. ഇന്ത്യ-പാക് വിഷയത്തിൽ വൈറ്റ്ഹൗസ് നോബൽ ആവശ്യപ്പെട്ടെങ്കിലും യുദ്ധം സമാധാനത്തിലെത്തിയതിൽ ട്രംപിന്റെ റോൾ ഇന്ത്യ പാടെ നിഷേധിച്ചിരുന്നു. താനുമായി സൗഹൃദം സ്ഥാപിക്കുന്നവർ തന്നെ പീസ്-മേക്കറായി അംഗീകരിക്കണമെന്നും നോബൽ സമ്മാനത്തിന് നിർദ്ദേശിക്കണമെന്നുമുള്ള പുതിയ മാനദണ്ഡം പാലിച്ചതിനാൽ, പാകിസ്ഥാനും ഇസ്രയേലും ട്രംപിന്റെ കണ്ണിലുണ്ണികളായി. ഒക്ടോബർ 10നാണ് നോബൽ കമ്മിറ്റിയുടെ യോഗം . ഇസ്രയേലും പാകിസ്ഥാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ട്രംപിനെ ഇതിനായി നാമനിർദ്ദേശം ചെയ്തതിൽ അദ്ഭുതപ്പെടേണ്ടതില്ല. യുക്രെയിൻ യുദ്ധം പുകയുന്ന സാഹചര്യത്തിൽ ട്രംപിന് മറ്റൊരു ഉപാധി കണ്ടെത്തേണ്ടത് അനിവാര്യമായിരുന്നു.
ഖത്തറിലെ ഹമാസിനെതിരെയുള്ള ബോംബാക്രമണങ്ങൾ ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും പ്രതിരോധത്തിലാക്കി. ഖത്തറിൽ വലിയൊരു അമേരിക്കൻ സൈനിക സാന്നിദ്ധ്യമുള്ളതിനാൽ അവിടെയൊരു പൊട്ടിത്തെറി നടക്കുന്നത് അപകടരമാണെന്ന് ട്രംപിനറിയാം. അതിനാൽ ഹമാസിന്റെ പക്കലുള്ള തടവുകാരെ ഇസ്രേയേലിന് തിരിച്ചു പിടിക്കേണ്ടതുണ്ട്. വെടിനിറുത്തലും ബന്ധികളാക്കിയവരെ തിരിച്ചുപിടിക്കുന്നതുമാണ് ഈ സാഹചര്യത്തിൽ ഇവരെ സംബന്ധിച്ച് സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യം. ട്രംപിന്റെയും നെതന്യാഹുവിന്റെയും മേലുള്ള സമ്മർദ്ദം ലഘൂകരിക്കാനും ഇത് സഹായിക്കും.
അതിനിടെ, ഗാസയിൽ നിന്ന് പാലസ്തീനികളെ പുറത്താക്കാൻ ആവശ്യമായ സമയവും ലഭിക്കും. പാലസ്തീൻ വിഷയത്തിന് ലോകശ്രദ്ധ നേടിക്കൊടുക്കുകയെന്ന പ്രധാനലക്ഷ്യം ഹമാസ് കൈവരിച്ചു കഴിഞ്ഞു. ഇനി മുതൽ അവരെ തീവ്രവാദികളെന്ന് മുദ്ര കുത്തുകയില്ലെന്ന് മാത്രമല്ല. ഔദ്യോഗികമായി നടക്കുന്ന ചർച്ചകളിൽ അവരും പങ്കാളികളാകും. വെടിനിറുത്തലിന് തീരുമാനമായാൽ ഗാസയിൽ അവരുടെ സാന്നിദ്ധ്യം ശക്തിപ്പെടും. ഖത്തറിലുണ്ടായ ആക്രമണത്തിന് ശേഷം അറബ് രാജ്യങ്ങൾ തമ്മിലും ഐക്യം രൂപപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഇതും ഹമാസിന് അനുകൂലമാണ്. അതിലൂടെ അവർക്കു കൂടുതൽ ആയുധങ്ങൾ ലഭിക്കാൻ സാദ്ധ്യതയുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, എല്ലാ രാജ്യങ്ങൾക്കും കക്ഷികൾക്കും യുദ്ധം അവസാനിപ്പിക്കാൻ അനുയോജ്യമായ സാഹചര്യമാണിത്. എന്നാൽ കപ്പിനും ചുണ്ടിനുമിടയിൽ ഇനിയും പലതും സംഭവിച്ചേക്കാമെന്നും ഓർക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |