ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിറുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകിയെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇന്ത്യ. മോദി ട്രംപിനെ വിളിച്ചിട്ടില്ല. ഇന്ത്യക്കാരുടെ താത്‌പര്യങ്ങൾ സംരക്ഷിക്കാൻ റഷ്യൻ എണ്ണ തുടർന്നും വാങ്ങുമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
ഊർജ്ജ മേഖലയിൽ അസ്ഥിരത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഉപഭോക്താവിന്റെ താത്‌പര്യങ്ങൾ സംരക്ഷിക്കാനാണ് ഇന്ത്യ മുൻഗണന നൽകുന്നത്. ഇന്ത്യയുടെ ഇറക്കുമതി നയം ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയാണ്. സ്ഥിരമായ വിലയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കലാണ് രാജ്യത്തിന്റെ ഊർജ്ജ നയം. അതിൽ ഊർജ്ജ സ്രോതസുകൾ വിശാലമാക്കുന്നതും വിപണി ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള വൈവിദ്ധ്യവത്‌കരണവും ഉൾപ്പെടുന്നു.
യു.എസിൽ നിന്നുള്ള ഊർജ്ജ സംഭരണം വിപുലീകരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. കഴിഞ്ഞ ദശകത്തിൽ ഇത് ക്രമാനുഗതമായി പുരോഗമിച്ചു. ഊർജ്ജ സഹകരണം ആഴത്തിലാക്കാൻ യു.എസ് ഭരണകൂടം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനുള്ള ചർച്ചകൾ നടക്കുന്നുവെന്നും വിദേശകാര്യ വക്താവ് വിശദീകരിച്ചു.
ട്രംപിന്റെ പരാമർശങ്ങൾക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചിരുന്നു. മോദിക്ക് ട്രംപിനെ ഭയമാണെന്നും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങില്ലെന്ന് തീരുമാനിക്കാൻ ട്രംപിനെ അനുവദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |