
ഇക്കൊല്ലം ലോകം കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റ് കരീബിയൻ ദ്വീപ് രാജ്യമായ ജമൈക്കയിലേക്ക് എത്തിക്കഴിഞ്ഞു.കാറ്റഗറി അഞ്ചിൽ പെടുന്ന തീവ്രചുഴലിയാണ് മെലിസ. മണിക്കൂറിൽ 282 കിലോമീറ്റർ വേഗം.മെലിസ ജമൈക്കയ്ക്ക് മേൽ വൻ ദുരന്തം സൃഷ്ടിക്കുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. വിനാശകരമായ കാറ്റിനും വെള്ളപ്പൊക്കത്തിനും കാരണമാകുമെന്നും കൂട്ടിച്ചേർത്തു.ജമൈക്കയിൽ തന്നെ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റായി ഇതുമാറുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. പടിഞ്ഞാറൻ ആഫ്രിക്കയുടെ തീരത്ത് ഇടിമിന്നലുകളുടെ കൂട്ടമായാണ് മെലിസ ഉത്ഭവിച്ചത്.സഫിർ-സിംപ്സൺ ഹരികെയ്ൻ വിൻഡ് സ്കെയിൽ ഉപയോഗിച്ചാണ് ചുഴലിക്കാറ്റുകളെ തരം തിരിക്കാറുള്ളത്. കാറ്റിന്റെ വേഗതയുടെ അടിസ്ഥാനത്തിലാണ് തരംതിരിക്കൽ.അഞ്ച് വിഭാഗങ്ങളായിട്ടാണ് ചുഴലിക്കാറ്റുകളെ തരംതിരിച്ചിട്ടുള്ളത്.ഇതിൽ ഏറ്റവും ശക്തിയേറിയതാണ് അഞ്ചാം കാറ്റഗറി.മണിക്കൂറിൽ 252 കിലോമീറ്ററോ അതിൽ കൂടുതലോ വേഗതയിൽ വീശുന്നവയാണ് ഈ വിഭാഗത്തിലേത്.ഈ വർഷത്തെ അത്‍ലാന്റിക് ഹരികേൻ സീസണിലെ 13ാമത്തെ ചുഴലിയാണ് മെലിസ.ജൂൺ ഒന്നു മുതൽ നവംബർ 30 വരെ നീണ്ടുനിൽക്കുന്നതാണ് അത്‍ലാന്റിക് ചുഴലി സീസൺ.അത്‍ലാന്റിക് തടത്തിൽ ഓരോ വർഷവും 7 ചുഴലിക്കാറ്റുകളും 3 തീവ്ര ചുഴലിക്കാറ്റുകളും ഉണ്ടാകാറുണ്ട്. ഓഗസ്റ്റിലെ എറിൻ, സെപ്തംബറിലെ ഹംബർട്ടോ എന്നീ ചുഴലികൾക്ക് ശേഷം ഇക്കൊല്ലത്തെ ചുഴലി സീസണിൽ വീശുന്ന മൂന്നാമത്തെ അഞ്ചാം കാറ്റഗറി ചുഴലിയാണ് മെലിസ.20 വർഷങ്ങൾക്കിടെ ഇത് ആദ്യമായാണ് ഒറ്റസീസണിൽ ഇത്രയധികം വമ്പൻ ചുഴലികളുണ്ടാകുന്നത്.ക്യൂബൻ തീരത്തേക്ക് നീങ്ങുന്നതോടെ ചുഴലി ശക്തി ക്ഷയിച്ച് മൂന്നാം കാറ്റഗറിയിലേക്ക് മാറുമെന്നാണ് പ്രവചനം.കാറ്റിന്റെയും മർദ്ദത്തിന്റെയും രീതി പരിഗണിച്ച് മെലിസ ഈ വർഷം ലോകത്ത് വീശിയടിച്ച ചുഴലികളിൽ ഏറ്റവും ശക്തിയേറിയത് ആകുമെന്നാണ് നാഷണൽ ഹരിക്കേൻ സെന്ററിന്റെ ഏറ്റവും പുതിയ ഡാറ്റ വ്യക്തമാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |