
ധാക്ക : ബംഗ്ലാദേശിൽ ഭരണഘടനാ പരിഷ്കരണം ലക്ഷ്യമിട്ടുള്ള 'ജൂലായ് ചാർട്ടർ" നടപ്പാക്കുന്നതിനായി ദേശീയ ഹിതപരിശോധന നടത്തുമെന്ന് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് അറിയിച്ചു. ഫെബ്രുവരിൽ പാർലമെന്റ് തിരഞ്ഞെടുപ്പിന് അനുബന്ധമായാണ് നടത്തുക. ജൂലായ് ചാർട്ടറിന് സർക്കാർ ഇന്നലെ അംഗീകാരം നൽകി.
ഹിതപരിശോധനാ ഫലത്തെ അടിസ്ഥാനമാക്കിയാകും നടപ്പാക്കുക എന്ന് യൂനുസ് പറഞ്ഞു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പതനത്തിന് കാരണമായ കഴിഞ്ഞ വർഷത്തെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്നാലെ തയ്യാറാക്കിയതാണ് ജൂലായ് ചാർട്ടർ. ഭരണത്തിൽ ഉയർന്ന സ്ത്രീ പ്രാതിനിധ്യം, പ്രധാനമന്ത്രി കാലാവധിക്ക് പരിധി, പ്രസിഡൻഷ്യൽ അധികാരത്തിന്റെ ശാക്തീകരണം, മൗലികാവകാശങ്ങളുടെ വികസനം, ജുഡീഷ്യൽ സ്വാതന്ത്ര്യം ഉറപ്പാക്കൽ തുടങ്ങി ബംഗ്ലാദേശിന്റെ രാഷ്ട്രീയ ഭൂപടം പുനർനിർമ്മിക്കാനുള്ള നിർദ്ദേശങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ ദേശീയ തലത്തിൽ അംഗീകരിക്കണമെന്നും നിർദ്ദേശിക്കുന്നു. അതേ സമയം, ഭൂരിഭാഗം രാഷ്ട്രീയ പാർട്ടികളും ചാർട്ടറിൽ ഒപ്പുവച്ചിട്ടുണ്ടെങ്കിലും നാഷണൽ സിറ്റിസൺസ് പാർട്ടിയും നാല് ഇടത് അനുകൂല പാർട്ടികളും എതിർക്കുന്നു. നിയമ ചട്ടക്കൂടോ പാർലമെന്റിന്റെ അംഗീകാരമോ ഇല്ലാത്തതിനാൽ നിർദ്ദേശങ്ങൾക്ക് കാര്യമായ സ്വാധീനം ചെലുത്താനാകില്ലെന്ന് വിമർശകരും ചൂണ്ടിക്കാട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |