SignIn
Kerala Kaumudi Online
Friday, 06 March 2026 12.28 PM IST

ഇറാനെ വീഴ്‌ത്താൻ യു.എസിന്റ 'കുർദ്ദിഷ് കെണി' !

Increase Font Size Decrease Font Size Print Page
pic

ടെഹ്റാൻ: സംഘർഷം ആളിക്കത്തുന്നതിനിടെ, ഇറാനെതിരെ രാജ്യത്തിനകത്ത് തന്നെ സായുധ കലാപം സൃഷ്ടിക്കാൻ യു.എസ് നീക്കം. രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ കുർദ്ദിഷ് സായുധ ഗ്രൂപ്പുകളുമായി യു.എസ് ചർച്ച നടത്തിയെന്ന് ഇറാൻ ഇന്റലിജൻസ് മന്ത്രാലയം ആരോപിച്ചു. ഇറാനിയൻ സുരക്ഷാ സേനകൾക്കെതിരെ കലാപം അഴിച്ചുവിടുകയാണ് യു.എസിന്റെ ലക്ഷ്യമെന്നും പറയുന്നു.

ഇറാക്കിലെ രണ്ട് കുർദ്ദിഷ് ഗ്രൂപ്പ് മേധാവിമാരുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോൺ സംഭാഷണം നടത്തിയെന്ന് ചില അമേരിക്കൻ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. യു.എസ് പിന്തുണയോടെ ഇറാനെതിരായ പോരാട്ടത്തിൽ പങ്കുചേരുമെന്ന് വടക്കൻ ഇറാക്കിലെ കുർദ്ദിഷ് ഗ്രൂപ്പുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനിടെ, ഇറാക്കിൽ നിന്ന് ഇന്നലെ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച വിമത ഗ്രൂപ്പ് അംഗങ്ങളെ ആക്രമിച്ചെന്ന് ഇറാൻ അറിയിച്ചു. ഇറാക്കിലെ കുർദ്ദിഷ് ഗ്രൂപ്പ് ആസ്ഥാനങ്ങൾ ഇറാൻ തകർത്തു.


അതേസമയം, ഇറാന്റെയും ഇറാക്കിന്റെയും അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുർദ്ദിഷ് വിമത ഗ്രൂപ്പായ 'പി.ജെ.എ.കെ'യുടെ പ്രവർത്തനങ്ങൾ സൂഷ്മമായി നിരീക്ഷിക്കുകയാണെന്ന് തുർക്കി അറിയിച്ചു. ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ഇറാന്റെ സുരക്ഷയേയും പ്രാദേശിക സ്ഥിരതയേയും ദുർബലപ്പെടുത്തുമെന്നും തുർക്കി പറഞ്ഞു. പി.ജെ.എ.കെയെ ഇറാൻ, തുർക്കി, യു.എസ് എന്നിവർ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.


അതിനിടെ, തുർക്കിക്ക് നേരെ തങ്ങൾ മിസൈൽ അയച്ചിട്ടില്ലെന്ന് ഇറാൻ പ്രതികരിച്ചു. ഇറാനിൽ നിന്ന് വന്ന ബാലിസ്റ്റിക് മിസൈലുകൾ നാറ്റോ പ്രതിരോധ സംവിധാനം തകർത്തെന്ന് തുർക്കി ആരോപിച്ച പിന്നാലെയാണ് ഇറാന്റെ വിശദീകരണം.


# ഗൾഫ് രാജ്യങ്ങളെ

ഇസ്രയേൽ ആക്രമിച്ചെന്ന് ഇറാൻ


സൗദി അറേബ്യയിലെയും ഒമാനിലെയും 'ചില ഊർജ്ജ, സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ' ഇസ്രയേൽ ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാന്റെ ആരോപണം. സംഘർഷം ആളിക്കത്തിച്ച് അറബ് രാജ്യങ്ങളെ തങ്ങൾക്കെതിരെ യുദ്ധത്തിന് പ്രേരിപ്പിക്കാനുള്ള ശ്രമമാണിതെന്നും ഇറാൻ അവകാശപ്പെട്ടു. ഇസ്രയേൽ നടത്തിയെന്ന് പറയുന്നത് ഏതൊക്കെ ആക്രമണങ്ങൾ ആണെന്നോ അതിനുള്ള തെളിവുകളോ ഇറാൻ നൽകിയിട്ടില്ല. അതേ സമയം,​ ഗൾഫിലെ യു.എസ് കേന്ദ്രങ്ങളെ മാത്രമേ ആക്രമിക്കുന്നുള്ളൂ എന്നും സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമാക്കുന്നില്ല എന്നുമുള്ള ഇറാന്റെ വാദത്തെ ഖത്തർ തള്ളി.


# ആക്രമണം സെപ്തംബർ വരെ?​


ഇറാനെതിരെ സെപ്തംബർ വരെ യുദ്ധം തുടരാൻ യു.എസ് സജ്ജമാണെന്നാണ് റിപ്പോർട്ട്. മേഖലയിൽ യു.എസിന്റെ ഇന്റലിജൻസ് സാന്നിദ്ധ്യവും വർദ്ധിപ്പിച്ചു. സംഘർഷം ഒരു മാസത്തോളം നീളുമെന്നാണ് ട്രംപ് നേരത്തെ പറഞ്ഞത്. എന്നാൽ അതിനപ്പുറത്തേക്കും നീണ്ടേക്കാമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

# ട്രംപിന് സെനറ്റിന്റെ പച്ചക്കൊടി


യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുദ്ധ അധികാരങ്ങൾ നിയന്ത്രിക്കാനുള്ള പ്രമേയം സെനറ്റിൽ റിപ്പബ്ലിക്കൻ അംഗങ്ങൾ പരാജയപ്പെടുത്തി. കോൺഗ്രസിന്റെ അംഗീകാരം നേടും വരെ യു.എസ് ആക്രമണം നിറുത്തിവയ്ക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു പ്രമേയം. അതേ സമയം,​ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യു.എസിനെ സൈനികമായി സഹായിക്കാനുള്ള സാദ്ധ്യത തള്ളാനാകില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു.

# അസർബൈജാനിലും ആക്രമണം; ഇറാനിൽ മരണം 1,200 കടന്നു

ഇറാനിൽ യു.എസ്- ഇസ്രയേൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 1,200 കടന്നു.

ഇറാന്റെ ഡ്രോണുകൾ അസർബൈജാനിലെ നഖ്‌ചിവാൻ വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടത്തിലും സ്കൂളിന് സമീപത്തും പതിച്ചു. നാല് പേർക്ക് പരിക്കേറ്റു. തിരിച്ചടിക്കുമെന്ന് അസർബൈജാൻ പ്രഖ്യാപിച്ചു. ആക്രമണം നടത്തിയില്ലെന്ന് ഇറാൻ വ്യക്തമാക്കി.

ഗൾഫ് രാജ്യങ്ങളിലെ യു.എസ് കേന്ദ്രങ്ങളിലേക്ക് ഇന്നലെയും ഇറാൻ ആക്രമണം തുടർന്നു. ആറ് ബാലിസ്റ്റിക് മിസൈലുകളും 125 ഡ്രോണുകളും യു.എ.ഇ തകർത്തു. ഡ്രോൺ അവശിഷ്ടം പതിച്ച് അബുദാബിയിൽ 6 പേർക്ക് പരിക്കേറ്റു (പാകിസ്ഥാൻ, നേപ്പാൾ പൗരന്മാർ).

ഖത്തറിലെ ദോഹയ്ക്കും ബഹ്റൈനിലെ മനാമയ്ക്കും മുകളിൽ പൊട്ടിത്തെറികളുണ്ടായി. ദോഹയിലെ യു.എസ് എംബസിയ്ക്ക് സമീപമുള്ളവരെ ഖത്തർ ഒഴിപ്പിച്ചു. കുവൈറ്റിൽ യു.എസിന്റെ ഉദൈരി ബേസും ആക്രമിക്കപ്പെട്ടു.

# ഇസ്രയേൽ എംബസികൾ തകർക്കും: ഇറാൻ

 ലെബനനിലെ തങ്ങളുടെ എംബസി ആക്രമിച്ചാൽ, ലോകമെമ്പാടുമുള്ള ഇസ്രയേൽ എംബസികൾ തകർക്കുമെന്ന് ഇറാൻ. ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ അടക്കം ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്

 തെക്കൻ ലെബനനിലെ അൽ കഫോറിൽ ഇസ്രയേലി ആക്രമണത്തിൽ മേയറും ഭാര്യയും കൊല്ലപ്പെട്ടു. വടക്കൻ ലെബനനിൽ അഭയാർത്ഥി ക്യാമ്പ് തകർന്നു. ലെബനനിൽ പലായനം ചെയ്തത് 83,000ത്തിലേറെ പേർ


 ഇറാനിൽ ഇതുവരെ ആക്രമിക്കപ്പെട്ടത് 29 പ്രവിശ്യകളിലായി 172 നഗരങ്ങൾ. ടെഹ്റാനിൽ റെവല്യൂഷണറി ഗാർഡിന്റെയും അവരുടെ വിദേശ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെയും കമാൻഡ് സെന്ററുകൾ ഇസ്രയേൽ തകർത്തു. ജനവാസ കേന്ദ്രങ്ങളെ ഇസ്രയേലും യു.എസും ബോധപൂർവ്വം ആക്രമിക്കുന്നെന്ന് ഇറാൻ. രാജ്യത്ത് ഇതുവരെ 20 വിദ്യാഭ്യാസ സ്ഥാപനങ്ങൾ തകർന്നെന്നും ഇറാൻ


 ഗൾഫ് രാജ്യങ്ങൾക്ക് വ്യോമപ്രതിരോധ സഹായങ്ങൾ നൽകാൻ തയ്യാറെന്ന് ഇറ്റലി

 പൗരന്മാരുടെ സുരക്ഷയ്ക്ക് മിഡിൽ ഈസ്റ്റിലേക്ക് ഓസ്ട്രേലിയ സൈനിക വിമാനങ്ങളെ വിന്യസിച്ചു

 ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഫ്രഞ്ച് സൈനിക ബേസുകൾ ഉപയോഗിക്കാൻ യു.എസിന് അനുമതി

 കഴിഞ്ഞ ദിവസം സൈപ്രസിലെ ബ്രിട്ടീഷ് എയർബേസിന് നേരെയുണ്ടായ ഡ്രോണാക്രമണം ഇറാനിൽ നിന്നല്ലെന്ന് യു.കെ പ്രതിരോധ മന്ത്രാലയം


 ബഹ്റൈനിലെ യു.കെ എംബസിയിലെ ഏതാനും ജീവനക്കാരെ ഒഴിപ്പിച്ചു. മാമിറിൽ എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന വ്യാവസായിക മേഖലയിൽ തീപിടിത്തം. ആളപായമില്ല

 സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ പാശ്ചാത്യ നയതന്ത്രജ്ഞർ സുരക്ഷിത ഇടങ്ങളിലേക്ക് മാറാൻ നിർദ്ദേശം

 ഖത്തറിലേക്ക് ബ്രിട്ടന്റെ അധിക നാല് യുദ്ധവിമാനങ്ങൾ അയയ്ക്കും

 ഗൾഫിലെ 20 യു.എസ് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഇറാൻ

 ടെൽ അവീവിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം ഇസ്രയേൽ തകർത്തു

# മരണം


ഇറാൻ - 1,230

ഇസ്രയേൽ - 12


യു.എ.ഇ - 3

കുവൈറ്റ് - 3

ബഹ്റൈൻ - 2

ഒമാൻ - 4


സിറിയ - 5

ലെബനൻ - 102

ഇറാക്ക് - 13


യു.എസ് സൈനികർ - 6

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.