കുവൈറ്റ് സിറ്റി: പ്രവാസികളുടെ വിസ നിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള തീരുമാനവുമായി കുവൈറ്റ്. ഇതനുസരിച്ച് പ്രവാസികളുടെ വർക്ക് പെർമിറ്റ് ഫീസ് വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങളെടുക്കാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന് ചുമതല നൽകിയിരിക്കുകയാണ് മന്ത്രിസഭാ സെക്രട്ടേറിയറ്റ് ജനറൽ. രാജ്യത്തെ തൊഴിൽ കമ്പോളത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുകയും എണ്ണയിതര സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുകയും ലക്ഷ്യമിട്ടാണ് പദ്ധതി.
വർക്ക് പെർമിറ്റ് ഫീസിന് പുറമെ, പ്രവാസികളുമായി ബന്ധപ്പെട്ട മറ്റ് ഫീസുകളും നിശ്ചിത തോതിൽ വർദ്ധിപ്പിക്കാൻ കുവൈറ്റ് തൊഴിൽ മന്ത്രാലയം അനുമതി നല്കിയിട്ടുണ്ട്. അടുത്ത വർഷം രണ്ടാം പാദത്തിലോ മൂന്നാം പാദത്തിലോ ഫീസ് വർദ്ധനവ് പ്രാബല്യത്തിൽ വരും. വിവിധ തൊഴിൽ മേഖലകളിൽ സ്വദേശികൾക്കും പ്രവാസികൾക്കും പ്രത്യേക ക്വാട്ടകൾ നിർണയിക്കും. രാജ്യത്തെ സ്വകാര്യ മേഖലയിലും സ്വദേശിവൽക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. കുവൈറ്റ് യുവാക്കൾക്ക് സ്വകാര്യ മേഖലകളിൽ മികച്ച തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കാനും സർക്കാരിന് പദ്ധതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |