ഗ്ലാസ്ഗോ: 2030ഓടെ വനനശീകരണം പൂർണമായും തടയുമെന്ന് കോപ് 26 ഉച്ചകോടിയിൽ ദൃഢപ്രതിജ്ഞയെടുത്ത് നൂറിലധികം രാജ്യങ്ങൾ. പൊതു-സ്വകാര്യ ധനസമാഹരണത്തിലൂടെ 19 ബില്യൺ ഡോളർ വനനശീകരണം തടയാനും വനങ്ങൾ വച്ചുപിടിപ്പിക്കാനും ഉപയോഗിക്കാനാണ് ധാരണയായത്. ലോകത്തെ 85 ശതമാനം വനപ്രദേശങ്ങളുള്ള ഇന്തോനേഷ്യ, ബ്രസീൽ, റഷ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലെ നേതാക്കൾ ഈ ആശയത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരം ലോകത്തിലെ 33 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികം വനഭൂമി സംരക്ഷിക്കാനാണ് തീരുമാനം. പ്രകൃതിയെ അടക്കി ഭരിക്കുന്ന മനുഷ്യന്റെ മനോഭാവത്തിൽ മാറ്റം വരുത്തി പ്രകൃതിയുടെ സംരക്ഷകരായി നമ്മൾ മാറേണ്ടതുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണമായി കരുതപ്പെടുന്ന ഒന്നാണ് വന നശീകരണം. അന്തരീക്ഷത്തിലെ മുപ്പത് ശതമാനത്തോളം കാർബൺ ഡൈ ഓക്സൈഡിനെ ആഗിരണം ചെയ്യാൻ വനഭൂമിക്ക് സാധിക്കുമെന്നാണ് കണക്ക്. കാലാവസ്ഥാ വ്യതിയാനത്തിന് ഭീഷണിയാകുന്ന വാതകങ്ങളെ ആഗിരണം ചെയ്ത് ഇല്ലാതാക്കാൻ വനങ്ങൾക്ക് കഴിയുമെന്ന് വേൾഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. 2020ൽ മാത്രം 2,58,000 ചതുരശ്ര കിലോമീറ്റർ വനഭൂമിയാണ് വനനശീകരണത്തിലൂടെ ഇല്ലാതായത്.
ചെറുദ്വീപ് രാജ്യങ്ങൾക്ക് സഹായവുമായി ഇന്ത്യ
ഗ്ലാസ്ഗോ : കാലാവസ്ഥാ വ്യതിയാന ഭീഷണി ഏറ്റവും കൂടുതൽ നേരിടുന്ന ചെറു ദ്വീപ് രാഷ്ട്രങ്ങൾക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് ഇന്ത്യ. ഗ്ലാസ്ഗോയിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ ലോകരാജ്യങ്ങളുടെ പരസ്പര സഹായ പദ്ധതികളുടെ വിപുലീകരണ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സ്മോൾ ഐലന്റ് ഡെവലെപ്മെന്റ് സ്റ്റേറ്റ് ( എസ്.ഐ.ഡി.എസ്) എന്നറിയപ്പെടുന്ന ചെറു ദ്വീപ് രാജ്യങ്ങൾക്കായാണ് ഇന്ത്യ സൗകര്യങ്ങൾ ഒരുക്കുന്നത്. ഈ ചെറു ദ്വീപ് രാഷ്ട്രങ്ങൾക്ക് പ്രകൃതി ദുരന്തത്തെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നല്കാൻ ഐ.എസ്.ആർ.ഒയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ഡാറ്റാ വിൻഡോ പ്രയോജനപ്പെടുത്തും . ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ സംവിധാനത്താൽ എല്ലാ ദ്വീപുരാജ്യങ്ങൾക്കും ചുഴലിക്കാറ്റ് മുന്നറിയിപ്പ്, തീരസംരക്ഷണം, പ്രതിരോധ സുരക്ഷാ വിവരങ്ങൾ എന്നിവ കൈമാറും. ഇതിന് പുറമെ ഒറ്റപ്പെട്ട എല്ലാ ദ്വീപുരാജ്യങ്ങളിലേക്ക് സൗരോർജ്ജ സംവിധാനം എത്തിക്കാനും ഇന്ത്യ സഹായിക്കും. കാലാവസ്ഥാ വ്യതിയാനം നേരിടുന്ന രാഷ്ട്രങ്ങൾക്ക് സഹായം ചെയ്യുന്നതിലൂടെ ശുഭാപ്തി വിശ്വാസവും സംതൃപ്തിയും വർദ്ധിക്കുമെന്നും മോദി പറഞ്ഞു. കഴിഞ്ഞ കുറച്ചു വർഷങ്ങളിലേക്ക് തിരിഞ്ഞു നോക്കിയാൽ ലോകത്തിൽ ഒരൊറ്റ രാജ്യം പോലും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങളിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ല. സമ്പന്ന രാഷ്ട്രങ്ങളെന്നോ വികസ്വര രാഷ്ട്രങ്ങളെന്നോ വേർതിരിവില്ലാതെ എല്ലാ ലോകരാജ്യങ്ങൾക്കും കാലാവസ്ഥാ വ്യതിയാനം ഭീഷണിയായി തുടരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതി പ്രഖ്യാപന ചടങ്ങിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |