ലണ്ടൻ: അക്ഷരങ്ങൾ വായിച്ചും പഠിച്ചും തുടങ്ങേണ്ട പ്രായത്തിൽ ആയിരത്തിലേറെ കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകം രചിച്ച് പ്രസിദ്ധീകരിച്ച് ഗിന്നസ് റെക്കാഡിൽ ഇടംനേടി അഞ്ചുവയസുകാരി. യു.കെയിലെ വേയ്മത്തിൽ നിന്നുള്ള ബെല്ല ജെയ് ഡാർക്ക് ആണ് പുസ്തകം പ്രസിദ്ധീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയെന്ന അവിശ്വസനീയ നേട്ടത്തിനുടമയായത്.
58 വർഷം പഴക്കമുള്ള റെക്കാഡാണ് മറികടന്നത്. പുസ്തകത്തിലെ ചിത്രങ്ങൾ വരച്ചതും ബെല്ലയാണ്.
'ദ ലോസ്റ്റ് ക്യാറ്റ് " എന്നാണ് ഈ കൊച്ചുമിടുക്കി എഴുതി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പേര്. റെക്കാഡിനായി ആയിരം കോപ്പികൾ വിറ്റഴിയണമെന്ന നിബന്ധന മറികടന്നതോടെയാണ് ബെല്ലയെ തേടി ഗിന്നസ് നേട്ടമെത്തിയത്.
അമേരിക്കക്കാരിയായ ഡൊറോത്തി സ്ട്രെയിറ്റിന്റെ പേരിലായിരുന്ന റെക്കാഡ് ആണ് തകർന്നത്. 1964ൽ ആറ് വയസുള്ളപ്പോഴാണ് 'ഹൗ ദ വേൾഡ് ബിഗാൻ" എന്ന പുസ്തകം ഡൊറോത്തി രചിച്ചത്.
രാത്രി ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങി വഴിതെറ്റി പോകുന്ന സ്നോവി എന്ന പൂച്ചക്കുട്ടി ഒടുവിൽ അമ്മയില്ലാതെ പുറത്തിറങ്ങരുതെന്ന ഗുണപാഠം തിരിച്ചറിയുന്ന കഥയാണ് 'ദ ലോസ്റ്റ് ക്യാറ്റ്". പോർട്ട്ലാൻഡിലെ ജിഞ്ചർ ഫയർ പ്രസ് ആണ് പ്രസാധകർ. ഇക്കഴിഞ്ഞ ജനുവരി 31നാണ് പുസ്തകം പുറത്തിറങ്ങിയത്. വാട്ടർസ്റ്റോൺ, ആമസോൺ എന്നിവയിൽ 6 പൗണ്ടിന് ( 574 രൂപ) പുസ്തകം ലഭ്യമാണ്.
പുസ്തകത്തിന്റെ പുറംചട്ടയിലെ ചിത്രം മൂത്ത സഹോദരി ലേസി മേയ് വരച്ചെന്നത് ഒഴിച്ചാൽ മറ്റെല്ലാ ചിത്രങ്ങളും വരച്ചതും ബെല്ലയാണ്. പൂച്ചക്കുട്ടി വഴിതെറ്റിപ്പോകുന്ന കഥയെഴുതാൻ പോകുന്നുവെന്ന് മകൾ കഴിഞ്ഞ വർഷം പറഞ്ഞപ്പോൾ കുട്ടിക്കളിയായാണ് കണ്ടതെന്നും ഇപ്പോൾ മകളെയോർത്ത് അഭിമാനിക്കുന്നുവെന്നും ബെല്ലയുടെ മാതാപിതാക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |