മഹാവിസ്ഫോടനത്തിലേക്കുള്ള വഴികാട്ടി
മനുഷ്യ നേത്രങ്ങൾക്ക് കാണാനാകാത്ത ഇൻഫ്രാറെഡ് പ്രകാശത്തിലൂടെ പ്രപഞ്ചത്തിലെ നിഗൂഢതകളിലേക്ക് ജെയിംസ് വെബ് ഇനി അന്വേഷണം നടത്തും. വരുന്ന പത്ത് വർഷത്തിനുള്ളിൽ ഭൂമിയ്ക്കപ്പുറത്തെ ജീവന്റെ സാന്നിദ്ധ്യം സംബന്ധിച്ച നിർണായക വിവരങ്ങൾ ജെയിംസ് വെബിന് കൈമാറാൻ കഴിഞ്ഞേക്കുമെന്നാണ് കരുതുന്നത്. 13.5 ബില്യൺ പ്രകാശവർഷം അകലെയുള്ള വസ്തുക്കളെ വീക്ഷിക്കാൻ ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പിന് കഴിയും.
വാതകക്കുള്ളൻ ഗ്രഹങ്ങൾക്ക് ചുറ്റുമുള്ള അന്തരീക്ഷത്തിലെ രാസ അമോണിയ പോലെയുള്ള ജീവന്റെ അടയാളങ്ങൾ കണ്ടെത്താൻ ഇത് സഹായിക്കുമെന്ന് കരുതുന്നു. കൂടാതെ സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളായ എക്സോ പ്ലാനറ്റുകൾ, നക്ഷത്രാന്തരീയ പദാർത്ഥങ്ങളുടെ പരസ്പരമുള്ള ഗുരുത്വാകർഷണഫലമായി രൂപപ്പെടുന്ന നെബുലകൾ എന്നിവയിലേക്കും ജെയിംസ് വെബ് കണ്ണോടിക്കും. നക്ഷത്രങ്ങൾക്ക് അന്ത്യം സംഭവിക്കുന്നത് വഴിയുള്ള സ്ഫോടനത്താലോ അല്ലെങ്കിൽ നക്ഷത്രങ്ങളുടെ പിറവിയിലോ രൂപപ്പെടുന്നവയാണ് നെബുലകൾ.
പൊടിപടലങ്ങൾ, ഹൈഡ്രജൻ വാതകം, പ്ലാസ്മ എന്നിവ നിറഞ്ഞ മേഘങ്ങളായ നെബുലകളിലേക്കുള്ള ഗവേഷണങ്ങൾ പ്രപഞ്ചം എങ്ങനെയുണ്ടായെന്ന ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് നയിക്കുമെന്ന് കരുതുന്നു. കാരണം, ഏകദേശം 13 ബില്യൺ വർഷങ്ങൾക്ക് മുമ്പുള്ള നെബുലകളെയും ഗ്യാലക്സികളെയുമാണ് ജെയിംസ് വെബ് ടെലിസ്കോപ്പിന് കാണാൻ സാധിക്കും.
ആദിമ നക്ഷത്രങ്ങളും ഗാലക്സികളും രൂപപ്പെട്ട പ്രപഞ്ചോൽപത്തിയ്ക്ക് കാരണമായ മഹാവിസ്ഫോടനത്തിന് ( ബിഗ് ബാംഗ് ) ശേഷമുള്ള ഏതാണ്ട് 80 കോടി വർഷങ്ങൾക്ക് ശേഷമുള്ള അവസ്ഥയാണിത്. പ്രപഞ്ചത്തിലുടനീളം സഞ്ചരിച്ചെത്തുന്നതിന് പ്രകാശത്തിന് അനേകം വർഷങ്ങൾ വേണ്ടിവരുമെന്നതാണ് കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള ഗ്യാലക്സികളെയും നക്ഷത്രങ്ങളെയും ഇത്തരത്തിൽ കാണാൻ കാരണം.
ഇതുവരെ പകർത്തിയിട്ടുള്ളതിൽ വച്ച് വിദൂര പ്രപഞ്ചത്തിന്റെ ഏറ്റവും ആഴത്തിലുള്ളതും വ്യക്തവുമായ ചിത്രം. ഏകദേശം 512 കോടി പ്രകാശവർഷം അകലെയാണ് SMACS 0723 എന്ന ഈ ഗ്യാലക്സി കൂട്ടം സ്ഥിതി ചെയ്യുന്നത്. 1,300 കോടി വർഷങ്ങൾക്ക് മുമ്പുള്ള ഗ്യാലക്സികളെയും ഈ ചിത്രത്തിൽ ജെയിംസ് വെബ് ഒപ്പിയെടുത്തെന്ന് നാസ പറയുന്നു.
ജെയിംസ് വെബ് പകർത്തിയ സതേൺ റിംഗ് നെബുലയുടെ ചിത്രം. ഭൂമിയിൽ നിന്ന് 2,000 പ്രകാശ വർഷം അകലെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന നക്ഷത്രത്തെ പ്രദക്ഷിണം ചെയ്യുന്ന നെബുലയാണിത്. സതേൺ റിംഗ് നെബുലയിലെ വാതക മേഘങ്ങൾ വികസിച്ചുകൊണ്ടിരിക്കുകയാണ്. സതേൺ റിംഗ് നെബുലയിലെ രണ്ടാമത്തെ നക്ഷത്രത്തെ ജെയിംസ് വെബ് പകർത്തിയ ചിത്രത്തിൽ കാണാം.
ജെയിംസ് വെബ് പകർത്തിയ ഭൂമിയിൽ നിന്ന് 290 ദശലക്ഷം പ്രകാശവർഷം അകലെയുള്ള സ്റ്റീഫൻസ് ക്വിൻറ്റെന്റ് എന്ന ചെറു ഗ്യാലക്സികൂട്ടത്തിന്റെ ചിത്രം. പെഗാസസ് നക്ഷത്ര സമൂഹത്തിൽ സ്ഥിതി ചെയ്യുന്ന സ്റ്റീഫൻസ് ക്വിൻറ്റെന്റ് 1877ലാണ് ആദ്യം കണ്ടെത്തിയത്. സ്റ്റീഫൻസ് ക്വിൻറ്റെന്റിലെ അഞ്ച് ഗ്യാലക്സികളിൽ രണ്ടെണ്ണം കൂടിച്ചേർന്ന് ജോഡികളായാണ് കാണപ്പെടുന്നത്. ഗ്യാലക്സികൾ തമ്മിലെ പരസ്പര ആകർഷണം സംബന്ധിച്ച ആഴത്തിലുള്ള പഠനത്തിന് ആ ചിത്രം സഹായിക്കും.
ജെയിംസ് വെബ് പകർത്തിയ ഭൂമിയിൽ നിന്ന് 7,600 പ്രകാശ വർഷം അകലെയുള്ള വാതകവും പൊടിയും നിറഞ്ഞ കാറിന നെബുലയുടെ ചിത്രം. കാറിനയിൽ നക്ഷത്രങ്ങൾ പിറവിയെടുക്കുന്ന NGC 3324 എന്ന ഭാഗമാണ് ചിത്രത്തിൽ. നക്ഷത്രങ്ങൾ പിറവിയെടുക്കുന്ന നഴ്സറിയെന്നാണ് കാറിന അറിയപ്പെടുന്നത്. പ്രപഞ്ചത്തിലെ ഏറ്റവും വലുതും തിളക്കമേറിയതമായ നെബുലകളിലൊന്നാണിത്. നമ്മുടെ സൂര്യനേക്കാൾ വലിപ്പമേറിയ നിരവധി നക്ഷത്രങ്ങൾ ഇവിടെയുണ്ട്.