തായ്പെയ്: തെക്ക് - കിഴക്കൻ തായ്വാനിൽ റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തെ തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകി. ഭൂചലനത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽപ്പെട്ട് ഒരാൾ മരിച്ചെന്നാണ് റിപ്പോർട്ട്. പത്തു പേർക്ക് പരിക്കേറ്റു.
തായ്വാൻ തീരത്തെ ഭൂചലന പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ പരിധിയിൽ അപകടകരമായ സുനാമിയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് യു.എസ് സുനാമി വാണിംഗ് സെന്ററിന്റെ മുന്നറിയിപ്പ്. ഇന്നലെ പ്രാദേശിക സമയം, ഉച്ചയ്ക്ക് 12.14നാണ് ജനസാന്ദ്രത കുറഞ്ഞ ചിഷാംഗ് ടൗൺഷിപ്പ് മേഖലയിൽ ഭൂചലനമുണ്ടായത്. ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവ കേന്ദ്രം. കിഴക്കൻ തീരത്ത് ഒരു ടെയിനിന്റെ ബോഗി പാളം തെറ്റിയെന്നും ചില കെട്ടിടങ്ങൾ തകർന്നെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രെയിനിലുണ്ടായിരുന്ന 20 പേരെ പുറത്തെത്തിച്ചെന്ന് തായ്വാൻ റെയിൽവേ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. തുടർ ചലനങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രസിഡന്റ് സായ് ഇംഗ് - വെൻ അറിയിച്ചു.
ഇവിടെ ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി ഏഴിന് റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |