SignIn
Kerala Kaumudi Online
Saturday, 27 April 2024 9.48 PM IST

10 ലക്ഷം ടൺ റേഡിയോ ആക്ടീവ് ജലം കടലിലേക്ക്, ആശങ്കയോടെ ലോകം

japan

ടോക്കിയോ : തകർന്ന ഫുകുഷിമ ആണവോർജ്ജ പ്ലാന്റിൽ നിന്ന് 10 ലക്ഷം ടൺ ജലം ഈ വർഷം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കുമെന്ന് ജപ്പാൻ. ശുദ്ധീകരണ പ്രക്രിയകളിലൂടെ കടന്നുപോകുന്ന ജലത്തിൽ റേഡിയോ ആക്ടീവ് കണങ്ങളുടെ സാന്നിദ്ധ്യം അപകടകരമായ തരത്തിൽ ഇല്ലെന്ന് ഉറപ്പിച്ചതായി അധികൃതർ പറയുന്നു. 2011 മാർച്ച് 11ന് ജപ്പാനെയും അയൽ രാജ്യങ്ങളെയും വിറപ്പിച്ച് റിക്ടർ സ്കെയിലിൽ 9 തീവ്രതയിലെ ഭൂചലനം ഉണ്ടാവുകയും തൊട്ടുപുറകെ 40 മീറ്റർ ഉയരത്തിൽ കൂറ്റൻ സുനാമി തിരകൾ ആഞ്ഞുവീശുകയും ചെയ്തു. സുനാമിയുടെ ഫലമായി ഏകദേശം 20,000ത്തോളം പേരാണ് അന്ന് ജപ്പാനിൽ മരിച്ചത്. സുനാമി തിരകൾ ഫുകുഷിമ ആണവനിലയത്തിലേക്കും ഇരച്ചുകയറി. റിയാക്ടറുകൾ ചൂടായി ഉരുകി റേഡിയോ ആക്ടീവായ നീരാവിയും ഹൈഡ്രജനും ആണവ നിലയത്തിന് പുറത്തേക്ക് പ്രവഹിക്കുകയും ഒടുവിൽ പൊട്ടിത്തെറിയിൽ കലാശിക്കുകയുമായിരുന്നു. ഈ വർഷം വേനൽക്കാലത്തോ വസന്തകാലത്തോ ആകും ജലം പുറന്തള്ളുക. ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയുടെ അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷം തീയതി തീരുമാനിക്കും.

പ്രതിദിനം, 100 ക്യുബിക് മീറ്റർ മലിനജലമാണ് പ്ലാന്റിൽ ഉത്പാദിപ്പിക്കുന്നത്. ഭൂഗർഭ ജലം, ഉപ്പുവെള്ളം, റിയാക്ടറുകളെ തണുപ്പിക്കാൻ ഉപയോഗിക്കുന്ന വെള്ളം എന്നിവയുടെ മിശ്രിതമാണിത്. ഇത് ഫിൽട്ടർ ചെയ്ത് ഭീമൻ ടാങ്കുകളിൽ സൂക്ഷിക്കും. ഇത്തരത്തിൽ 13 ലക്ഷം ക്യുബിക് മീറ്റർ ജലം ഫുകുഷിമയിലുണ്ട്. സംഭരണശേഷി ഏകദേശം പൂർത്തിയായി.


മലിന ജലത്തിലെ റേഡിയോ ആക്ടീവ് ഐസൊടോപ്പുകളിൽ കൂടുതലും ശുദ്ധീകരിച്ച് മാറ്റുന്നുണ്ടെങ്കിലും ട്രിറ്റിയത്തിന്റെ അളവ് കൂടുതലാണ്. ട്രിറ്റിയം ജലത്തിൽ നിന്ന് വേർതിരിക്കാൻ വളരെ ബുദ്ധിമുട്ടാണ്. വളരെയധികമായാൽ മാത്രമാണ് ട്രിറ്റിയം മനുഷ്യന് ദോഷം ചെയ്യുക.

നിലവിൽ ഫുകുഷിമയിൽ സൂക്ഷിച്ചിരിക്കുന്ന ജലം കടലിൽ തള്ളുന്നത് സുരക്ഷിതമാണെന്ന് ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയും അംഗീകരിച്ചിട്ടുണ്ടെങ്കിലും അയൽരാജ്യങ്ങൾ ഭീതിയിലാണ്. നിലയത്തിലെ ആണവ റിയാക്ടറുകളുടെ ഡിക്കമ്മിഷനിംഗ് ആരംഭിച്ചെങ്കിലും ഇത് പൂർണ്ണമാകാൻ നാല് ദശാബ്ദത്തോളം വേണ്ടി വരും. മത്സ്യത്തൊഴിലാളികളും ജപ്പാനെതിരെ രംഗത്തെത്തി. ജപ്പാന്റെ ഭാഗത്ത് വ്യക്തതയില്ലെന്ന് പസഫിക് ഐലൻഡ്സ് ഫോറം വിമർശിച്ചു.

 ഞെട്ടിച്ച ദുരന്തം

1986ലെ ചെർണോബിൽ ദുരന്തത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ആണവ അപകടങ്ങളിൽ ഒന്നായിരുന്നു ഫുകുഷിമയിലേത്. പൊട്ടിത്തെറിക്ക് പിന്നാലെ ആണവ വികിരണം സമീപ പ്രദേശങ്ങളിലേക്ക് പ്രവഹിച്ചു.

ഫുകുഷിമ റിയാക്ടറിലെ സ്ഫോടനത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിരുന്നില്ലെങ്കിലും ആണവ വികിരണമേറ്റതിന്റെ ഫലമായി കാൻസർ ബാധിച്ച് ഒരു മരണം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിരുന്നു. മൂന്ന് ലക്ഷത്തോളം പേരെ ഫുകുഷിമയിൽ നിന്ന് ഉടൻ മാറ്റിത്താമസിപ്പിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.