കൊളംബോ : ശ്രീലങ്കയിൽ ഇന്ത്യ നടത്തുന്ന സാമൂഹിക വികസന പദ്ധതികൾ ഇരട്ടിയാക്കാൻ ധാരണ. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കയിലെത്തിയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇത് സംബന്ധിച്ച ഉഭയകക്ഷി കരാറിൽ ഇന്നലെ ഒപ്പിട്ടു. ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ, പ്രധാനമന്ത്രി ദിനേഷ് ഗുണവർദ്ധന, മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സ, സഹോദരനും മുൻ പ്രസിഡന്റുമായ ഗോതബയ രാജപക്സ, പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ, ഫിഷറീസ് മന്ത്രി ഡഗ്ലസ് ദേവനൻ, വിദേശകാര്യ മന്ത്രി അലി സാബ്രി തുടങ്ങിയ ഉന്നത നേതാക്കളുമായി ജയശങ്കർ കൂടിക്കാഴ്ചകൾ നടത്തി.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം ശ്രീലങ്കയെ സാമ്പത്തിക പ്രതിസന്ധിക്ക് പുറത്ത് കടക്കാൻ സഹായിക്കുന്ന കടം പുനഃക്രമീകരണ പദ്ധതിയും കൂടിക്കാഴ്ചകളിൽ മുഖ്യവിഷയമായി. 2005 മേയിലാണ് ഇന്ത്യൻ സർക്കാരിന്റെ സഹായത്തോടെ ശ്രീലങ്കയിലെ സാമൂഹ്യ വികസന പദ്ധതികൾ നടപ്പാക്കുന്നതിനുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടത്. പദ്ധതിയുടെ പരിധിയായിരുന്ന 300 ദശലക്ഷം രൂപ 600 ദശലക്ഷം രൂപയാക്കിയുള്ള കരാർ ഇന്നലെ ഒപ്പിട്ടതായി റെനിൽ വിക്രമസിംഗെയുടെ ഓഫീസ് അറിയിച്ചു.
ഗാലെ, കാൻഡി, നുവാര എലിയ ജില്ലകളിൽ ഇന്ത്യ നടപ്പാക്കിയ ഭവന പദ്ധതിയുടെ ഭാഗമായുള്ള 300 വീടുകൾ ജയശങ്കർ അധികൃതർക്ക് കൈമാറി. ബാദുല്ല, അനുരാധപുര ജില്ലകളിൽ മോഡൽ വില്ലേജ് ഭവന പദ്ധതികളുടെ ഉദ്ഘാടനം ജയശങ്കർ നിർവഹിച്ചു.
ശ്രീലങ്കയിലെ പൊതുഗതാഗത രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അശോക് ലെയ്ലാൻഡ് ബസുകൾ ജയശങ്കർ ശ്രീലങ്കൻ ഗതാഗത മന്ത്രി ബാന്ദുല ഗുണവർദ്ധനെയ്ക്ക് കൈമാറി. പദ്ധതി പ്രകാരം ശ്രീലങ്കൻ ട്രാൻസ്പോർട്ട് ബോർഡിന് 500 ബസുകളാണ് അശോക് ലെയ്ലാൻഡ് നൽകുന്നത്. 75 പാസഞ്ചർ ബസുകൾ അടങ്ങുന്ന ആദ്യ ബാച്ച് ഈ മാസം ആദ്യം ശ്രീലങ്കയ്ക്ക് കൈമാറിയിരുന്നു.
ശ്രീലങ്കയിലെ നിലവിലെ സാഹചര്യങ്ങൾ ഇന്ത്യക്ക് വ്യക്തമായി മനസിലാകുമെന്നും അതുകൊണ്ട് തന്നെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യൻ സർക്കാർ കഴിയുന്നത്ര പിന്തുണ നൽകുമെന്നും രാജ്യത്ത് കൂടുതൽ നിക്ഷേപം നടത്തുമെന്നും ജയശങ്കർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ ശ്രീലങ്കയ്ക്ക് ഇന്ത്യ ഏകദേശം 4 ബില്യൺ യു.എസ് ഡോളറിന്റെ സഹായം നൽകിയിരുന്നു. പെട്രോൾ, ഡീസൽ, ഭക്ഷ്യവസ്തുക്കൾ എന്നിവയും വിതരണം ചെയ്തിരുന്നു. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ശ്രീലങ്കൻ ഗ്രാമങ്ങളിൽ ഭക്ഷ്യക്കിറ്റ് വിതരണങ്ങളും മറ്റും സംഘടിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |