
യുട്യൂബ്, ഇൻസ്റ്റാഗ്രാം അടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിൽ കാണുന്ന വീഡിയോകളും റീലുകളുമെല്ലാം പരീക്ഷണം നടത്തിനോക്കാൻ ഇഷ്‌പ്പെടുന്നവർ ഇന്ന് ധാരാളമുണ്ട്. സൗന്ദര്യ സംരക്ഷണ വീഡിയോകളും ശാസ്ത്ര പരീക്ഷണവീഡിയോകളും പാചകവീഡിയോകളുമാണ് കൂടുതലായും ഇന്റർനെറ്റ് ഉപഭോക്താക്കൾ അനുകരിക്കുന്നത്. എന്നാൽ ഇവയെല്ലാം അനുകരിക്കാവുന്നവയാണോ, അപകടമുണ്ടോ എന്നൊന്നും പലരും ചിന്തിക്കാറില്ല. ഇത്തരത്തിൽ ഒരു പരീക്ഷണം അനുകരിച്ച് ചികിത്സ തേടേണ്ട അവസ്ഥ വന്നിരിക്കുകയാണ് ഒരു പ്രമുഖ യുട്യൂബർക്ക്.
അമേരിക്കൻ യുട്യൂബറും റാപ്പറും ഓൺലൈൻ സ്ട്രീമറുമായ ഐഷോസ്‌പീഡ് (ഡാരൻ ജേസൺ വാട്‌കിൻസ് ജൂനിയർ) തന്റെ വീട്ടിൽ നടത്തിയ 'എലിഫന്റ് ടൂത്ത്‌പേസ്റ്റ്' പരീക്ഷണമാണ് തികഞ്ഞ പരാജയമായി മാറിയത്. 20.5 മില്യൺ സബ്‌സ്ക്രൈബർമാരാണ് പതിനെട്ടുകാരൻ യുട്യൂബറായ ഐഷോസ്‌പീഡിനുള്ളത്. ഡാരൻ പങ്കുവയ്ക്കുന്ന വീഡിയോകൾക്കെല്ലാം ദശലക്ഷത്തിൽപ്പരം വ്യൂസും ലൈക്കുകളും ലഭിക്കാറുമുണ്ട്. ഐഷോസ്‌പീഡ് ചലഞ്ച് ചെയ്യുന്നതായുള്ള വീഡിയോ 'ലൈവ് സ്‌പീഡി' എന്ന യുട്യൂബ് ചാനലിലാണ് പങ്കുവച്ചിരിക്കുന്നത്.
എലിഫന്റ് ടൂത്ത്‌പേസ്റ്റ് പരീക്ഷണം
ഹൈഡ്രജൻ പെറോക്‌സൈഡ്, യീസ്റ്റ്, ഡിഷ് സോപ്പ് എന്നിവ ഉപയോഗിച്ച് നടത്തുന്ന പരീക്ഷണമാണ് 'എലിഫന്റ് ടൂത്ത്‌പേസ്റ്റ്'. ഇവ മൂന്നും യോജിപ്പിക്കുമ്പോൾ ഒരു കെമിക്കൽ റിയാക്ഷൻ ഉണ്ടാവുകയും വലിയ അളവിൽ ഓക്‌സിജൻ പുറന്തള്ളുകയും ചെയ്യും. ഈ ഗ്യാസ് സോപ്പുമായി കലർന്ന് വലിയ രീതിയിൽ പത ഉണ്ടാവുന്നതിന് കാരണമാവുകയും ചെയ്യും. ഒരു വലിയ ട്യൂബിൽ നിന്ന് ടൂത്ത്‌പേസ്റ്റ് പുറത്തുവരുന്നതുപോലെ തോന്നിപ്പിക്കുന്നതിനാലും ഒരു ആനയ്ക്ക് മാത്രമേ ഇത്രയും വലിയ പേസ്റ്റ് ഉപയോഗിക്കാൻ പറ്റുകയുള്ളൂവെന്ന തമാശരൂപേണയുള്ള വാദം കാരണവുമാണ് ഈ പരീക്ഷണത്തിന് എലിഫന്റ് ടൂത്ത്‌പേസ്റ്റ് എന്ന പേരുവന്നത്.
ഐഷോസ്‌പീഡ് സ്വന്തം മുറിയിൽ പരീക്ഷണം നടത്തുന്നതിനിടെ വലിയ പുക ഉയരുന്നതും തുടർന്ന് ശ്വസിക്കാൻ പറ്റുന്നില്ലെന്ന് പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നാലെ ഇയാൾ മുഖം പൊത്തി പെട്ടെന്നുതന്നെ മുറിയിൽ നിന്ന് പുറത്തിറങ്ങുന്നുണ്ട്. ബഹളത്തിനിടെ പുറകിൽ ഫയർ അലാറവും കേൾക്കുന്നു.
പിന്നാലെ യുട്യൂബർക്ക് അഗ്നിസേനാംഗങ്ങൾ ചികിത്സ നൽകിയതായും ഓക്‌സിജൻ നൽകുകയാണെന്നും ഇയാളുടെ സ്‌ട്രീം മോഡറേറ്റർ ഓൺലൈൻ സന്ദേശം പങ്കുവച്ചു. നിലവിൽ യുട്യൂബർക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ഇയാൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |