
ദുബായ്: ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തി ഓൺലൈൻ ബാങ്കിംഗ് സേവനങ്ങളിൽ മാറ്റങ്ങൾ വരുത്തി യുഎഇയിലെ ബാങ്കുകൾ. ഒടിപിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. യുഎഇയിലുടനീളമുള്ള എല്ലാ ബാങ്കുകളിലും ഒടിപി അധിഷ്‌ഠിത പേയ്‌മെന്റ് അവസാനിപ്പിച്ചിരിക്കുകയാണ്. അതത് ബാങ്കുകളുടെ ആപ്പിലൂടെ മാത്രമാണ് ഓൺലൈൻ പേയ്‌മെന്റ് അനുമതികൾ നൽകുക.
ഒടിപി ഉപയോഗിച്ചുള്ള ബാങ്കിംഗ് ഇടപാടുകൾ ഒട്ടും സുരക്ഷിതമല്ലെന്നും രാജ്യത്ത് നിരവധിപേർ തട്ടിപ്പിന് ഇരയാകുന്നുവെന്നുമുള്ള റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിട്ടുണ്ട്. പുതിയ രീതി സുരക്ഷിതമാണെന്ന് ബാങ്കുകൾ അവകാശപ്പെടുമ്പോഴും പണമിടപാടുകൾ പൂർത്തിയാക്കാൻ ഏറെ സമയമെടുക്കും എന്ന ആശങ്കയിലാണ് യുഎഇയിലെ താമസക്കാർ. എന്നാൽ, പുതിയ സംവിധാനത്തെ അനുകൂലിക്കുന്നവരും ധാരാളമുണ്ട്.
പ്രവാസികൾ ഉൾപ്പെടെ നിരവധിപേർ കഴിഞ്ഞ കുറച്ച് മാസത്തിനിടെ ഓൺലൈൻ തട്ടിപ്പിനിരയായിട്ടുണ്ട്. ഉപഭോക്താക്കൾക്ക് അൽപ്പം പോലും സംശയം തോന്നാത്ത രീതിയിൽ വളരെ വിദഗ്ദ്ധമായാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. എന്നാൽ, ആപ്പ് ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്‌നം ഒഴിവാക്കാം. നിങ്ങൾ അയക്കുന്ന തുക ശരിയാണോ എന്നും ശരിയായ ആൾക്കാണോ അയക്കുന്നതെന്നും രണ്ടുതവൻ പരിശോധിക്കാൻ സാധിക്കും.
ആപ്പ് വഴി പണമയക്കാൻ കൂടുതൽ സമയമെടുക്കും. വേഗത്തിലും എളുപ്പത്തിലും ചെയ്യാൻ പറ്റുന്ന എന്തെങ്കിലും രീതി ഉപയോഗിച്ചിരുന്നെങ്കിൽ സൗകര്യമായിരുന്നുവെന്നാണ് ചിലർ പറയുന്നത്. ഒന്നിലധികം ഘട്ടങ്ങളിലൂടെ വേണം ആപ്പിൽ പണമയക്കാൻ. തുടക്കത്തിൽ അസൗകര്യമായി തോന്നിയെങ്കിലും ചിന്തിച്ചപ്പോൾ സുരക്ഷയാണ് വലുതെന്ന് തോന്നിയെന്നാണ് മറ്റൊരാൾ പ്രതികരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |