SignIn
Kerala Kaumudi Online
Tuesday, 03 September 2024 11.00 AM IST

അവിടെ താങ്ങുകൂലി, ഇവിടെ മുഖം മിനുക്കൽ

Increase Font Size Decrease Font Size Print Page
virudhar

കേരളമെന്നു കേട്ടലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ.... എന്ന മഹാകവി വള്ളത്തോളിന്റെ വരികൾ കേട്ട് കേരളീയരല്ലാത്തവരും അങ്ങനെയാവണമെന്നു ശഠിച്ചിട്ട് കാര്യമില്ല. എന്നാൽ, ഭാരതം എന്റെ നാടാണ്, എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ് എന്നാണ് ഇന്ത്യൻ ഭരണഘടനയിലെ പ്രതിജ്ഞാ വാചകം. ഭാരതത്തിന്റെ ഭാഗമാണല്ലോ കേരളവും. പക്ഷേ, പാർലമെന്റിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച,​ മൂന്നാം മോദി സർക്കാരിന്റെ ഒന്നാം ബഡ്ജറ്റിൽ മുങ്ങിത്തപ്പിയിട്ടും കേരളമെന്ന പേരേ കാണാനില്ല! കേന്ദ്ര ബഡ്ജറ്റുകളിൽ രാഷ്ട്രീയം കലരുന്നതും ഭരണക്കാർക്ക് താത്പര്യമുള്ള സംസ്ഥാനങ്ങളോട് കൂടുതൽ പ്രീതി കാട്ടുന്നതും സ്വാഭാവികം.

പക്ഷേ,​ അതിന് കേരളത്തെ മറക്കണമെന്നില്ലല്ലോ. ബി.ജെ.പിയുടെ ഭൂതക്കണ്ണട വച്ച് നോക്കിയപ്പോൾ ഭാരതത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ കേരളമെന്നൊരു നാട് നിർമലയ്ക്ക് കാണാൻ കഴിഞ്ഞില്ലത്രെ. അതല്ല, കേരളമെന്നു കേട്ടാൽ തമിഴ്നാട്ടുകാരിയായ നിർമ്മലയ്ക്ക് അലർജിയാണെന്ന് മറ്റൊരു കൂട്ടർ. സത്യം ഇതൊന്നുമല്ലെന്ന് അരിയാഹാരം മാത്രമല്ല, ഗോതമ്പാഹാരം കഴിക്കുന്നവർക്കും അറിയാം. മൂന്നാം മോദി സർക്കാരിനെ താങ്ങിനിറുത്തുന്നത് ആന്ധ്രാ പ്രദേശിലെ ചന്ദ്രബാബു നായിഡുവിന്റെയും, ബീഹാറിലെ നീതീഷ് കുമാറിന്റെയും പാർട്ടി എം.പിമാരാണല്ലോ.

അപ്പോൾ ആ സംസ്ഥാനങ്ങൾക്ക് ബഡ്ജറ്റിൽ വാരിക്കോരി കൊടുക്കുന്നത് നിലനിൽപ്പിന്റെ പ്രശ്നം. അവരെങ്ങാനും പിണങ്ങി പാലം വലിച്ചാൽ മോദി സർക്കാർ മൂക്കുകുത്തി വീഴും. ചുവരുണ്ടെങ്കിലേ ചിത്രമുള്ളൂ. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നാണ് പ്രമാണം. കേരളം കുറേക്കാലമായി പാലിനായി കൈകാലിട്ടടിച്ച് കരഞ്ഞു കൊണ്ടിരിക്കുകയല്ലേ. ഇടയ്ക്ക് അങ്ങ് ഡൽഹിയിൽ പോയും കരഞ്ഞു. അവിടെക്കിടന്ന് കരഞ്ഞു തളരട്ടെ; രണ്ടു കുഞ്ഞുങ്ങൾ കരയാതെ നോക്കണം. കേരളത്തിന്റെ മാത്രമല്ല, പ്രതിപക്ഷവും ബി.ജെ.പിയും ഭരിക്കുന്ന മറ്റു പല സംസ്ഥാനങ്ങളുടെയും പേരെടുത്തു പറഞ്ഞില്ലല്ലോ എന്നാണ് നിർമ്മലാ സീതാരാമന്റെ ന്യായം.

കേരളത്തിന് പരിഭവം കൂടാൻ വേറെയുമുണ്ട് കാരണം. ഇത്രയും കാലം മോദി സർക്കാർ കേരളത്തെ തഴഞ്ഞത് ഇവിടെ നിന്ന് ബി.ജെ.പിക്ക് ഒരു എം.പിയെപ്പോലും നൽകാത്തതു കൊണ്ടാണെന്നല്ലേ പറഞ്ഞിരുന്നത് .ഇപ്പോൾ തൂശൂരിൽ നിന്ന് സുരേഷ് ഗോപിയെ ജയിപ്പിച്ചു വിട്ടപ്പോൾ കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന് വട്ടി നിറയെ അല്ലെങ്കിലും മഞ്ചാടിയോളമെങ്കിലും കിട്ടുമെന്നായിരുന്നു പലരുടെയും പ്രതീക്ഷ.സുരേഷ് ഗോപി ഡൽഹിയിൽ മലയാളി

മാദ്ധ്യമ പ്രവർത്തകരിൽ നിന്ന് ഒളിച്ചുനടക്കുന്നതായും പറയുന്നു. കേരള നിയമസഭയിലേക്ക് 2016-ൽ നേമത്തു നിന്ന് ഒ. രാജഗോപാലിലൂടെ ബി.ജെ.പി തുറന്ന അക്കൗണ്ട് 2021-ൽ പൂട്ടി. ഇങ്ങനെ പോയാൽ തൂശൂരിൽ തുറന്ന അക്കൗണ്ടും ജനങ്ങൾ പൂട്ടിക്കുമെന്ന് കോൺഗ്രസും സി.പി.എമ്മും.

രാജ്യത്തിനാകെ സമ്പത്ത് കൊണ്ടുവരുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനു പോലുമില്ല നയാപൈസ! സി.പി.എമ്മുകാർ തുള്ളുന്നത് മനസിലാക്കാം. കോൺഗ്രസുകാർ തുള്ളുന്നത് എന്തിനാണെന്നാണ് കേരളത്തിലെ ബി.ജെ.പി നേതാക്കളുടെ ചോദ്യം. കേരളത്തിന് എയിംസ് അനുവദിച്ചില്ലെന്നാണ് പരാതി. 2004 മുതൽ 2014 വരെ കേന്ദ്രം ഭരിച്ചത് കോൺഗ്രസല്ലേ?അന്ന് എട്ടു മന്ത്രിമാർ കേരളത്തിൽ നിന്ന് ഉണ്ടായിരുന്നില്ലേ? അന്നെന്തേ എയിംസ് വന്നില്ല? മറ്റെന്തൊക്കെ വന്നു? രാമനാണ്ടാലും രാവണനാണ്ടാലും കേരളത്തിന് കഞ്ഞി കുമ്പിളിൽ!

 

'ചൊല്ലിക്കൊട്,​ തല്ലിക്കൊട്. തള്ളിക്കള" എന്നാണല്ലോ. ചിലർ കണ്ടാൽ പഠിക്കും. മറ്റു ചിലർ കൊണ്ടാൽ പഠിക്കും. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരാണെങ്കിലോ?അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജനങ്ങൾ എൽ.ഡി.എഫിനെ മൂക്കുകൊണ്ട് 'ക്ഷ,ണ്ണ,ജ്ജ" വരപ്പിച്ചതോടെ പിണറായി സർക്കാരിന് ബുദ്ധിയുദിച്ചു തുടങ്ങി. ജനങ്ങളെ വെറുപ്പിച്ച തീരുമാനങ്ങൾ തിരുത്താൻ തുടങ്ങി. കെട്ടിട നിർമ്മാണ ഫീസിൽ 50 മുതൽ 60 ശതമാനം വരെ കുറവു വരുത്തി ഉത്തരവിറക്കി. സർക്കാരിലേക്കു പണമടച്ചാൽ പണ്ടാരമടങ്ങിയതു തന്നെ- പിന്നീട് തിരിച്ചുകിട്ടുന്ന ഏർപ്പാടില്ലാത്തതാണ്. പക്ഷേ, കെട്ടിട നികുതി ഫീസിനത്തിൽ കഴിഞ്ഞ ഒരു വർഷം അടച്ച അധിക തുക തിരിച്ചു നൽകാൻ പോകുന്നു!

എന്തു നല്ല സർക്കാരെന്ന് പറയാൻ വരട്ടെ. കഴിഞ്ഞ വർഷം സർക്കാർ കൂട്ടിയത് എത്രയായിരുന്നുവെന്നു കൂടി നോക്കാം. നിലവിലിരുന്ന ഫീസിന്റെ 20 ശതമാനം. അതിൽ നിന്നാണ് ഇപ്പോൾ കുറച്ചത്. ഓണക്കാലത്ത് തുണിത്തരങ്ങളുടെയും മറ്റും വില 200 ശതമാനം കൂട്ടിയ ശേഷം 40 ശതമാനം ഡിസ്കൗണ്ടിൽ വില്പന നടത്തുന്നവരെപ്പോലെയാണ് സർക്കാർ നടപടിയെന്ന് പ്രതിപക്ഷം. ജനങ്ങൾക്ക് അത്രയും ആശ്വാസം.

എങ്കിലും, ഫീസിൽ 20 ശതമാനം വർദ്ധന ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ സർക്കാരിന് എങ്ങനെ തോന്നി? സർക്കാരിന്റെയും വകുപ്പ് മന്ത്രിയുടെയും ഇപ്പോഴത്തെ ബുദ്ധി അന്ന് കാശിക്കു പോയിരുന്നോ? അതോ, ജനങ്ങൾ എല്ലാം മറക്കുമെന്നു കരുതിയോ? ചോദ്യശരങ്ങൾ ഏറുന്നു. വൈകിയാണെങ്കിലും തെറ്റു തിരുത്താൻ സർക്കാർ തയ്യാറായില്ലേ! ക്ഷമിക്കൂ.... സഹോദരാ. തെറ്റുകൾ ഇനിയും തിരുത്തട്ടെ- സർക്കാർ മുഖം മിനുക്കട്ടെ!

 

പഠിച്ചതേ പാടൂ. ഒത്തുകൂടിയാൽ തമ്മിലടി കേരളത്തിലെ കോൺഗ്രസുകാരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അടി മൂക്കും. ജനങ്ങൾക്ക് മടുക്കും. മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോകും. കഴിഞ്ഞ എട്ടു കൊല്ലമായി പ്രതിപക്ഷത്തിരുന്ന് വെയിലും മഴയും കൊള്ളുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെങ്കിലും കരപിടിക്കേണ്ട?അതും, അധികം വിയർപ്പൊഴുക്കാതെ തന്നെ അതിനുള്ള സാഹചര്യം ഭരണപക്ഷം ഒരുക്കിത്തന്നിരിക്കെ.

പുള്ളിപ്പുലിയുടെ പുള്ളി തേച്ചാൽ മായില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ വിജയത്തെ തുടർന്നുള്ള

വാർത്താ സമ്മേളനത്തിൽ ആരാദ്യം മൈക്ക് കൈക്കലാക്കും എന്നതിലായിരുന്നു കെ.സുധാകരന്റെയും വി.ഡി.സതീശന്റെയും കടിപിടി. കായബലത്തിൽ തോറ്റ സതീശൻ പിണങ്ങി പിന്മാറി. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരുപതിൽ 18 സീറ്റും യു.ഡി.എഫ് തൂത്തുവാരിയതിന്റെ ആരവം ഒടുങ്ങും മുമ്പ് തിരുവനന്തപുരത്ത് സതീശൻ വിളിച്ച പാർട്ടി നേതൃയോഗത്തിൽ സുധാകരന് 'നോ എൻട്രി."

അടുത്ത തിരഞ്ഞെടുപ്പിൽ എങ്ങനെ അധികാരം പിടിക്കാമെന്നതിനെപ്പറ്റി ഒരാഴ്ച മുമ്പ് വയനാട്ടിലെ കോൺഗ്രസ് ക്യാമ്പിൽ നടന്നത് കൊണ്ടുപിടിച്ച ചർച്ച. ഒറ്റക്കെട്ടായി നീങ്ങാൻ പ്രതിജ്ഞയെടുത്തു പിരിഞ്ഞ നേതാക്കൾ തിരിച്ച് തിരുവനന്തപുരത്തെത്തിയപ്പോഴേക്കും കെട്ടു പൊട്ടി. സുധാകരൻ വിളിച്ച നേതൃയോഗത്തിൽ നിന്ന് സതീശൻ ഔട്ട്. പിന്നെ നടന്നത് സതീശ വധം. എല്ലാം ഒരു കസേരയ്ക്ക് (മുഖ്യമന്ത്രി) വേണ്ടിയുള്ള കളി. ഭൈമീകാമുകന്മാർ പാർട്ടിയിൽ വേറെയുമുണ്ടെന്നു മറക്കരുത്!

നുറുങ്ങ്-

● ലോക്സഭയിൽ പോക്കറ്റിൽ കൈയിട്ട് സംസാരിക്കുന്നതിന് എം.പിമാർക്ക് വിലക്ക്.

□ ബഡ്ജറ്റ് ചർച്ചയിൽ തലയിൽ കൈവച്ച് സംസാരിക്കാമോയെന്ന സംശയത്തിൽ കേരളത്തിൽ നിന്നുള്ള എം.പിമാർ.

(വിദുരരുടെ ഫോൺ: 99461 08221)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.