SignIn
Kerala Kaumudi Online
Tuesday, 03 September 2024 12.52 PM IST

സ്റ്റാർട്ടപ്പുകൾക്ക് താങ്ങാകാൻ കെ.എഫ്.സി,​ വിജ്ഞാന സമ്പദ്‌വ്യവസ്ഥയിൽ ധന വസന്തം പിറക്കുന്നു

Increase Font Size Decrease Font Size Print Page
startup

സ്റ്റാർട്ടപ്പ് രംഗത്ത് കേരളത്തിന്റെ മുന്നേറ്റം ലോകശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. സ്റ്റാർട്ടപ് ജീനോം, ഗ്ലോബൽ ഓൺട്രപ്രണർഷിപ് നെറ്റ്‌വർക്ക് എന്നിവർ ചേർന്ന് പുറത്തിറക്കിയ ആഗോള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥാ റിപ്പോർട്ടിൽ കേരളത്തിന്റെ ശരാശരി മൂല്യവർദ്ധന 254 ശതമാനമാണ് (ആഗോളതലത്തിൽ അത് 46 ശതമാനം മാത്രം). 'അഫോർഡബിൾ ടാലന്റ് ഇൻഡക്സി"ൽ ഏഷ്യയിലെ നാലാംസ്ഥാനവും കേരളത്തിനാണ്. സ്വീഡിഷ് ഗവേഷണ സ്ഥാപനമായ യു.ബി.ഐ ഗ്ലോബൽ പ്രസിദ്ധീകരിക്കുന്ന വേൾഡ് ബഞ്ച് മാർക്ക് സ്റ്റഡിയിൽ ലോകത്തെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടതും കേരള സ്റ്റാർട്ടപ്പ് മിഷൻ ആണ്. 5000-ത്തിലേറെ സ്റ്റാർട്ടപ്പുകൾ തുടങ്ങിയ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിനുള്ള അംഗീകാരം കൂടിയാണ് ഇത്.

കേന്ദ്ര ഇലക്ടോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം സംഘടിപ്പിച്ച 'ഗ്ലോബൽ പാർട്ണർഷിപ്പ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്" ഉച്ചകോടിയിൽ രാജ്യത്തെതന്നെ ഏറ്റവും മികച്ച മൂന്ന് ആർടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പുകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടത് കേരളത്തിൽ നിന്നുള്ള ജെൻ റോബോട്ടിക്സാണ്.

മാൻഹോളുകൾ വൃത്തിയാക്കുന്നതിനായി 'ബാൻടിക്കൂട്ട്" റോബോട്ടുകളെ വികസിപ്പിച്ച് അദ്ഭുതം സൃഷ്ടിച്ച ജെൻ റോബോട്ടിക്സ് 2018-ൽ സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയാണ് ആരംഭിച്ചത്. ഇന്ന് ലോകത്തിലെ അറിയപ്പെടുന്ന റോബോട്ടിക് കമ്പനികളിലൊന്നായി ജെൻ റോബോട്ടിക്സ് വളർന്നിരിക്കുന്നു.

ആശയങ്ങളും

അടിത്തറയും

യുവാക്കൾക്ക് നാട്ടിൽത്തന്നെ പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, അവരുടെ കഴിവുകൾ കേരളത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കുക എന്നീ നയങ്ങളിൽ ഊന്നിയാണ് ഈ സർക്കാരിന്റെ പ്രവർത്തനം. ഒരു പുതിയ ആശയം വിജയകരമായി പ്രവർത്തനപഥത്തിൽ എത്തിക്കുന്നതിന് മതിയായ സാമ്പത്തിക പിന്തുണ അനിവാര്യമാണ്. സ്റ്റാർട്ടപ്പുകൾക്ക് ബാങ്കുകൾ അടക്കം ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് സാമ്പത്തിക പിന്തുണ ഉറപ്പാക്കാൻ പ്രയാസങ്ങളേറെയാണ്. ഈടില്ലാതെ ബാങ്കുകൾ വായ്പ നൽകില്ല. ഉയർന്ന പലിശനിരക്ക് സ്റ്റാർട്ടപ്പുകൾക്ക് താങ്ങാനാവുകയുമില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഫിനാൻഷ്യൽ കോർപറേഷനോട് (കെ.ഫ്.സി) ഈ വിഷയത്തിൽ ഇടപെടാൻ നിർദേശിച്ചത്.

സാങ്കേതിക വിദ്യാധിഷ്ഠിത ആശയങ്ങളായിരുന്നു നവസംരംഭകരുടെ മൂലധനം. അവർക്ക് എളുപ്പത്തിൽ ധനലഭ്യത ഉറപ്പാക്കുകയെന്ന സർക്കാർ നയം കോർപറേഷൻ നടപ്പാക്കി. ഇതിനകം 61 സ്റ്റാർട്ടപ്പുകൾക്ക് കെ.എഫ്.സി സാമ്പത്തിക പിന്തുണ നൽകി. 78.52 കോടി രൂപയാണ് കുറഞ്ഞ പലിശനിരക്കിൽ വായ്പയായി വിതരണം ചെയ്തത്. മാത്രമല്ല, ഈടില്ലാതെ പത്തുകോടി രൂപ വരെ കെ.എഫ്.സി വായ്പ കിട്ടും. 5.6 ശതമാനമാണ് പലിശ നിരക്ക്. മൂന്നു ശതമാനം പലിശഭാരം സർക്കാർ ഏറ്റെടുക്കുന്നു. ഈ തുക സബ്സിഡിയായി നൽകും. അതിന് ആവശ്യമായ പണം ബഡ്ജറ്റിൽത്തന്നെ ഉറപ്പാക്കി. സബ്സിഡി ഉറപ്പാക്കിയതോടെ വായ്പയുടെ പലിശ നിരക്ക് സംരംഭകന് താങ്ങാൻ കഴിയുന്ന നിലയിലായി. അതുമൂലം വായ്പാ തിരിച്ചടവിലും വലിയ പ്രയാസങ്ങളുണ്ടാകുന്നില്ലെന്ന് സംരംഭകൾ സാക്ഷ്യപ്പെടുത്തുന്നു.

ലോകശ്രദ്ധയിൽ

സ്റ്റാർട്ടപ്പുകൾ

ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധ നേടിയ നിരവധി സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ നമുക്ക് സാധിച്ചു. അറുനൂറിലധികം പേർക്ക് നേരിട്ടുള്ള തൊഴിലവസരങ്ങളും, അത്രത്തോളം തന്നെ നേരിട്ടല്ലാതെയുള്ള തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ജെൻ റോബോട്ടിക്സിനൊപ്പം അണ്ടർ വാട്ടർ ഡോണുകൾ നിർമിക്കുന്ന 'ഐ റോവ്", സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്ന 'അലീബി" തുടങ്ങിയ പ്രമുഖ സ്റ്റാർട്ടപ്പ് സ്ഥാപനങ്ങളും ഇവയിൽ ഉൾപ്പെടുന്നു. ഈ വർഷം നൂറ് സ്റ്റാർട്ടപ്പുകൾക്കെങ്കിലും സാമ്പത്തിക പിന്തുണ ഉറപ്പാക്കുകയാണ് കോർപ്പറേഷന്റെ ലക്ഷ്യം.

വായ്പാപരിധി മൂന്നു കോടിയാക്കണമെന്നതും ഈടില്ലാത്ത വായ്പ പത്തുകോടിയിൽ നിന്ന് 15 കോടിയാക്കി ഉയർത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. വിജയത്തിലെത്തുന്ന സ്ഥാപനങ്ങളുടെ പ്രവർത്തന വൈവിധ്യവത്കരണത്തിന് ഈ സാമ്പത്തിക സഹായം ആവശ്യമാണ്. സർക്കാർ അത് ഗൗരവമായിത്തന്നെ പരിഗണിക്കും. കമ്പനിയുടെ വായ്പാ പോർട്ട്‌ഫോളിയോയിലെ മുഖ്യഘടകങ്ങളിലൊന്നായി സ്റ്റാർട്ടപ്പ് വായ്പാ ഘടകത്തെ മാറ്റാനുള്ള ശ്രമത്തിലാണ് സർക്കാർ.

കൈ പിടിക്കും

കെ.എഫ്.സി

രാജ്യത്തെ ഏറ്റവും പ്രധാന ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായി കെ.എഫ്.സി മാറിക്കഴിഞ്ഞു.

കെ.എഫ്.സിയെ നിക്ഷേപക സൗഹൃദമാക്കാൻ ഈ സർക്കാർ ഒട്ടേറെ കാര്യങ്ങൾ ചെയ്തു. കടുത്ത സാമ്പത്തിക പ്രയാസം അഭിമുഖീകരിക്കുമ്പോഴും കമ്പനിയുടെ മൂലധന നിക്ഷേപം 50 കോടിയിൽ നിന്ന് 300 കോടി രൂപയിലേക്ക് ഉയർത്തി. സംസ്ഥാന സർക്കാരിന്റെ ഏജൻസി സ്ഥാപനമായി പ്രഖ്യാപിച്ചു. പണവിപണിയിൽ 'എഎ" എന്ന ഉയർന്ന റേറ്റിംഗുള്ള സ്ഥാപനമായി കെ.എഫ്.സി മാറി. സ്ഥാപനത്തിന്റെ ധനസമാഹരണ പ്രവർത്തനങ്ങൾക്ക് അത് വലിയ സഹായമായി. കമ്പനി നൽകുന്ന വായ്പകളുടെ പലിശനിരക്ക് കുറയ്ക്കുക വഴി സംരംഭകർക്കും വലിയ ആശ്വാസം ഉറപ്പാക്കാനായി. പൊതുമേഖലാ ബാങ്കുകളേക്കാൾ കുറഞ്ഞ നിരക്കിലുള്ള സംരംഭക വായ്പകൾ നൽകാനാകുന്നു. 50 കോടി രൂപ വരെയാണ് സംരംഭക വായ്പ ലഭ്യമാക്കുന്നത്. നിലവിൽ 7368 കോടിരൂപ ഇത്തരത്തിൽ വിതരണം ചെയ്തിട്ടുണ്ട്.

നവസംരംഭകരെ പോത്സാഹിപ്പിക്കുക, വ്യവസായങ്ങളെ സംരക്ഷിക്കുകയും ആധുനികവൽക്കരിക്കുകയും ചെയ്യുക, പുതിയ സാങ്കേതികവിദ്യകളുടെ ഗുണഫലം ആദ്യം തന്നെ ഉപയോഗപ്പെടുത്തുക തുടങ്ങി വിജ്ഞാന സമ്പദ്‌വ്യവസ്ഥയെ ദൃഢീകരിക്കുന്നതിനുള്ള തുടർച്ചയായ പ്രവർത്തനങ്ങളാണ് സർക്കാർ ഏറ്റെടുത്തിട്ടുള്ളത്. പുതിയ തലമുറയ്ക്ക് അവരുടെ ആശയങ്ങൾ കേരളത്തിൽത്തന്നെ നടപ്പാക്കാനാവും വിധമുള്ള സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റവും ഇതിനൊപ്പം രൂപപ്പെടുത്തിയിട്ടുണ്ട്. സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവും വളർച്ചയും വിജ്ഞാന സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ പിന്തുണ ഉറപ്പാക്കാൻ ഉതകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: STARTUP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.