നിർദ്ദിഷ്ട തീരദേശ ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി കൊല്ലത്തെ പുരാതനമായൊരു ചരിത്രസ്മാരകം മൺമറയുമോ എന്ന ചരിത്രസ്നേഹികളുടെയും ശ്രീനാരായണ ഗുരുഭക്തരുടെയും ആശങ്കയ്ക്ക് ഇനിയും അറുതിയായില്ല. 116 വർഷങ്ങൾക്ക് മുമ്പ് ശ്രീനാരായണ ഗുരു സ്ഥാനം കണ്ട സ്ഥലത്ത് നിർമ്മിച്ച വിസ്മയ കിണറാണ് ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി നഷ്ടമാകുമോ എന്ന ആശങ്കയിലുള്ളത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 6,500 കോടി ചിലവിൽ 623 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന തീരദേശ ഹൈവേ പദ്ധതിയുടെ അലൈൻമെന്റ് നിശ്ചയിച്ചെങ്കിലും പലയിടത്തു നിന്നും ഉയരുന്ന എതിർപ്പുകൾ മൂലം പ്രവർത്തനം മന്ദഗതിയിലാണ് നീങ്ങുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലൂടെയാണ് തീരദേശ ഹൈവേ കടന്നുപോകുന്നതെങ്കിലും സ്ഥലമെടുപ്പ് പോലും ഇനിയും പൂർത്തിയായിട്ടില്ല.
ഒരു സാധാരണ കിണറാണെന്ന് തോന്നാമെങ്കിലും ഇതിലെ തെളിനീർ പോലത്തെ പ്രത്യേക രുചിയുള്ള വെള്ളം ആരേയും അത്ഭുതപ്പെടുത്തും. പരിസരപ്രദേശത്തെ മുഴുവൻ കിണറുകളിലെയും വെള്ളത്തിന് ഉപ്പുരസമുള്ളപ്പോൾ ഉപ്പിന്റെ ലാഞ്ചന പോലുമില്ലാത്ത കിണർ ചരിത്രത്തിലേക്ക് ചേക്കേറിയ വിസ്മയക്കിണറാകുന്നത് വിശ്വഗുരുവായ ശ്രീനാരായണ ഗുരുവുമായുള്ള ഗാഢബന്ധത്താലാണ്. ആ ബന്ധത്തിന് 116 വർഷത്തോളമുണ്ട് പഴക്കം. കൊല്ലം മുണ്ടയ്ക്കൽ കൊണ്ടേത്ത് പാലത്തിനു സമീപം കൊല്ലം തോടിന്റെ കരയിലെ കൊണ്ടയത്ത് വീടിന്റെ മുറ്റത്താണ് കിണർ സ്ഥിതിചെയ്യുന്നത്. കൊല്ലം തോട് വഴി കെട്ടുവള്ളങ്ങളും ചരക്ക് വള്ളങ്ങളും നിരന്തരം പോകുമായിരുന്ന സുവർണകാലം. കൊല്ലവർഷം 1083 ലെ ഒരു ദിവസം കൊല്ലം തോട് വഴി ഗുരു തോണിയിൽ കൊല്ലത്തെത്തി മടങ്ങും വഴി മുണ്ടയ്ക്കൽ കൊണ്ടേത്ത് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ വിശ്രമിക്കാനെത്തി. ഒരിയ്ക്കൽ ക്ഷേത്രത്തിലെ പന്തിഭോജനത്തിൽ പങ്കെടുത്ത ഗുരുവിന് കുടിക്കാൻ നൽകിയ വെള്ളത്തിന് വല്ലാത്ത ഉപ്പുരസം. വെള്ളത്തിലെ ഉപ്പുരസത്തിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് അവിടെ കൂടിയവരെല്ലാം ഗുരുവിനു മുന്നിൽ തങ്ങൾ അനുഭവിക്കുന്ന ദുരിതഭാരത്തിന്റെ കെട്ടഴിച്ചത്. തൊട്ടടുത്ത് കടലായതിനാൽ പ്രദേശത്തെ കിണർ വെള്ളത്തിന് ഉപ്പു രസമാണ്. നല്ല കുടിവെള്ളം വളരെ ദൂരെ പോയിവേണം കൊണ്ടുവരാനെന്നും ഇതിനൊരു പരിഹാരം കാണാനാകുമോ എന്നും ഗുരുവിനോടാരാഞ്ഞു. അല്പനേരം ആലോചിച്ച ശേഷം ഗുരു സൂര്യനെ നോക്കി മെല്ലെ കിഴക്കോട്ട് നടന്നു. ഒരു കല്ലെടുത്ത് തൊട്ടടുത്ത പുരയിടത്തിന്റെ കിഴക്കെ മൂലയിലേക്കിട്ടു. കല്ല് വീണഭാഗത്ത് കിണർ കുഴിക്കാൻ നിർദ്ദേശിച്ച് ഗുരു മടങ്ങി. നാട്ടുകാർ ഗുരു ചൂണ്ടിക്കാട്ടിയ സ്ഥലത്ത് കിണർ കുത്താനാരംഭിച്ചു. രണ്ടാം ദിവസം വെള്ളം കണ്ടു. രുചിച്ചു നോക്കിയപ്പോൾ അത്ഭുതം. ഉപ്പുരസം ലവലേശം ഇല്ലെന്ന് മാത്രമല്ല, പനിനീർപോലത്തെ വെള്ളത്തിന് പ്രത്യേക രുചിയും. അത്ഭുതക്കിണറിലെ വെള്ളത്തിന്റെ കഥ നാടാകെ പരന്നു. ദൂരെ നിന്നു പോലും കിണറ്റിലെ വെള്ളം ശേഖരിക്കാൻ ആൾക്കാരെത്തിയിരുന്നു. കാലങ്ങൾക്ക് ശേഷം വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ വരും വരെയും പ്രദേശവാസികളുടെ കുടിവെള്ള സ്രോതസായിരുന്നു ഈ കിണർ. കൊടും വേനലിൽ പോലും വറ്റാതെ തലമുറകളുടെ ദാഹമകറ്റിയ കിണറിന്റെ മഹത്വമറിഞ്ഞ് ഗുരുഭക്തരും ഇവിടേക്കെത്താറുണ്ട്. ലോക്കൽ ഫണ്ട് ആഡിറ്റ് വകുപ്പിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച കെ.എൻ സ്വരാജാണ് കൊണ്ടയത്ത് വീടിന്റെ ഗൃഹനാഥൻ. കിണറിനെ ഭക്ത്യാദരവോടെ സംരക്ഷിച്ച് പരിപാലിക്കുന്നത് സ്വരാജും ഹെഡ്മിസ്ട്രസായി വിരമിച്ച ഭാര്യ ടി. രത്നമണിയും മകൻ കെ.എസ് കിഷോറും കുടുംബവുമാണ്.
റോഡിനായി ഏറ്റെടുക്കൽ
ഭീഷണിയിൽ കിണറും ക്ഷേത്രവും
ചരിത്രപൈതൃകമെന്ന നിലയിൽ സംരക്ഷിക്കേണ്ട കിണർ നിൽക്കുന്ന സ്ഥലം തീരദേശപാതയ്ക്കായി ഏറ്റെടുക്കുമെന്ന ഭീതി ഗുരുഭക്തർക്ക് മാത്രമല്ല, കിണറിന്റെ ചരിത്ര പ്രാധാന്യത്തെക്കുറിച്ച് അറിയാവുന്നവർക്കൊക്കെയുണ്ട് . തീരദേശത്തുനിന്ന് 500 മീറ്ററോളം അകലെയുള്ള കിണർ നിൽക്കുന്ന ഭാഗത്തുകൂടിയാണ് നിർദ്ദിഷ്ട തീരദേശ ഹൈവെയുടെ അലൈൻമെന്റ് നിശ്ചയിച്ചിട്ടുള്ളത്. തീരദേശപാതയുടെ പരവൂർ- കൊല്ലം റീച്ചിൽ മുണ്ടയ്ക്കൽ പാപനാശത്തെത്തുമ്പോൾ തീരംവിട്ട് ഉള്ളിലേക്ക് വളഞ്ഞ് കൊല്ലം തോടിന്റെ കരയിലൂടെ കടന്നു പോകുന്ന രീതിയിലാണ് 'നാറ്റ്പാക്' രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. നേരെ വരുന്ന പാത ഇവിടെയെത്തുമ്പോൾ വളഞ്ഞുപുളഞ്ഞ് പോകും വിധമാണ് തയ്യാറാക്കിയിരിക്കുന്നത്. കർക്കടകവാവ് ബലിതർപ്പണത്തിനായി ആയിരങ്ങൾ എത്തുന്ന പാപനാശം കടപ്പുറം, ശ്രീനാരായണ ഗുരു സ്ഥാനനിർണ്ണയം നടത്തിയ വിസ്മയക്കിണർ, മുണ്ടയ്ക്കൽ ഭദ്രകാളി ക്ഷേത്രം എന്നീ സ്ഥലങ്ങൾ ഇല്ലാതാകും വിധമാണ് തീരദേശപാത കടന്നു പോകുന്നത്. പാപനാശത്തു നിന്ന് വളയാതെ നേരെ പോയാൽ കടലിനോട് വളരെ അടുത്താകുമെന്നും ഇവിടം കടലേറ്റമുള്ള സ്ഥലമാണെന്നുമാണ് അധികൃതർ പറയുന്നത്. മുണ്ടയ്ക്കൽ ശ്രീഭദ്രകാളീ ക്ഷേത്രവും അനുബന്ധമായുള്ള കളരി, കാവ് തുടങ്ങിയ ആരാധനാലയങ്ങൾ 450 ലേറെ വർഷത്തെ പഴക്കമുള്ളതും ഇന്നും പ്രൗഢിയോടെ നിലനിൽക്കുന്നതുമാണ്. ശ്രീനാരായണ ഗുരു ക്ഷേത്രത്തിലും കളരിയിലും പലതവണ സന്ദർശനം നടത്തിയിട്ടുണ്ട്. തീരദേശപാത ഇതുവഴിയാണ് പോകുന്നതെങ്കിൽ ഈ ചരിത്രസ്മാരകങ്ങളെല്ലാം ഓർമ്മയാകും. തീരദേശപാതയുടെ അലൈൻമെന്റിൽ മാറ്റം വരുത്തി ചരിത്രശേഷിപ്പുകളായ സ്മാരകങ്ങളെ സംരക്ഷിക്കണമെന്ന ആവശ്യമുയർത്തി ക്ഷേത്രം സെക്രട്ടറി എ.കെ ഹരിഹരനും കൊണ്ടയത്ത് കുടുംബാംഗമായ കെ.എൻ സ്വരാജും ജില്ലാകളക്ടർക്കടക്കം നിവേദനം നൽകിയിരുന്നു.
അലൈൻമെന്റ് മാറ്റം
കിഫ്ബി പരിഗണനയിൽ
വിസ്മയകിണറും മുണ്ടയ്ക്കൽ ശ്രീഭദ്രകാളി ക്ഷേത്രവും അടക്കമുള്ള ചരിത്ര സ്മാരകങ്ങൾ നിലനിറുത്തി തീരദേശപാതയുടെ അലൈൻമെന്റ് പുതുക്കി നിശ്ചയിക്കാനുള്ള സാദ്ധ്യത കിഫ്ബിയുടെ പരിഗണനയിലുള്ളതായാണ് തീരദേശ ഹൈവെ നിർമ്മാണ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) അധികൃതർ നൽകുന്ന സൂചന. കൊല്ലം ജില്ലയിൽ മറ്റു ചിലയിടങ്ങളിലും അലൈൻമെന്റിനെതിരെ പ്രദേശവാസികളുടെ പരാതിയുണ്ട്. അതുകൂടി പരിഗണിച്ചാകും കിഫ്ബിയുടെ ഭാഗത്തുനിന്ന് അന്തിമ തീരുമാനം ഉണ്ടാകുകയെന്ന് കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എൻജിനിയർ ദീപ ഓമനക്കുട്ടൻപറഞ്ഞു. ദേശീയപാതയിലെ തിരക്ക് കുറയ്ക്കുക, പ്രധാന മത്സ്യബന്ധന തുറമുഖങ്ങളെയും മേഖലകളെയും ബന്ധിപ്പിക്കുക, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് തീരദേശ ഹൈവെ നിർമ്മിക്കുന്നത്. ഒന്നര മീറ്റർ നടപ്പാത ഉൾപ്പെടെ 14 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന റോഡിന് ജനസാന്ദ്രതയേറിയ സ്ഥലങ്ങളിൽ 5.5 മീറ്ററും ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളിൽ 7 മീറ്ററും വീതിയുണ്ടാകും. പാതയ്ക്ക് സമാന്തരമായി വിനോദസഞ്ചാരം ലക്ഷ്യമിട്ട് അന്തർദ്ദേശീയ നിലവാരത്തിൽ സൈക്കിൾ ട്രാക്കും നിർമ്മിക്കും. കൊല്ലം, വിഴിഞ്ഞം, വല്ലാർപാടം എന്നീ പ്രധാന തുറമുഖങ്ങളെയും നിരവധി ചെറിയ തുറമുഖങ്ങളെയും ബന്ധപ്പെടുത്തിയാണ് നിർമ്മാണം. ദീർഘമായ കടൽത്തീരമുള്ള സംസ്ഥാനത്ത് പൊതു ഗതാഗതത്തിനൊപ്പം തീരദേശ വികസനം, വിനോദസഞ്ചാരം, ചരക്കുനീക്കം എന്നിവ കൂടി ലക്ഷ്യമിടുന്ന പദ്ധതിയാണിത്. അതുകൊണ്ട് തന്നെ തീരദേശ ഹൈവേ വികസനം വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തുപകരുന്നതിനൊപ്പം തീരദേശത്തിന്റെ പുരോഗതിയും സാദ്ധ്യമാക്കും.
തീരഹൈവേയോട്
യു.ഡി.എഫിന് എതിർപ്പ് ?
കടലിൽ നിന്ന് 50 മീറ്റർ മുതൽ 15 കിലോമീറ്റർ വരെ ദൂരത്തിൽ കടന്നു പോകുന്ന ദേശീയപപാത 66 എന്നത് തീരദേശ ഹൈവേ തന്നെയാണെന്നതിനാൽ മറ്റൊരു തീരദേശ ഹൈവേയുടെ ആവശ്യം ഇല്ലെന്നാണ് യു.ഡി.എഫ് നിലപാട്. സാമൂഹിക, പാരിസ്ഥിതിക ആഘാതങ്ങൾ പഠിക്കാതെയും ഡി.പി.ആർ തയ്യാറാക്കാതെയും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന തീരദേശ ഹൈവെ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. മത്സ്യതൊഴിലാളികളുടെ ആവാസ വ്യവസ്ഥയെയും ജീവനോപാധികളെയും ബാധിക്കുന്ന പദ്ധതിയെക്കുറിച്ച് പഠിക്കാൻ യു.ഡി.എഫ് ഷിബു ബേബി ജോൺ കൺവീനറായുള്ള സമിതിയെയും ചുമതലപ്പെടുത്തിയിരുന്നു. സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |